01:25pm 02 September 2026
NEWS
നേപ്പാളിലെ മിന്നൽ പ്രളയം: ഹിമപാളി സഞ്ചരിച്ചത് 187.5 കിലോമീറ്റർ വേഗതയിൽ
01/09/2026  06:03 AM IST
nila
നേപ്പാളിലെ മിന്നൽ പ്രളയം: ഹിമപാളി സഞ്ചരിച്ചത് 187.5 കിലോമീറ്റർ വേഗതയിൽ

കഠ്മണ്ഡു: നേപ്പാളിൽ വൻ നാശനഷ്ടങ്ങൾക്ക് ഇടയാക്കിയ ഹിമപാളിയുടെ സഞ്ചാരം അതിവേഗത്തിലായിരുന്നെന്ന് കണ്ടെത്തൽ. ലങ്താങ് ലിറുങ്ങിൽ നിന്ന് അടർന്നുവീണ ഹിമപാളി പർവതശിഖരത്തിൽ നിന്ന് നദിയിലേക്ക് സഞ്ചരിച്ചത് മിനിറ്റുകൾക്കുള്ളിലാണെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്.

ബുധനാഴ്ച രാവിലെ 8.37നാണ് ലങ്താങ് ലിറുങ്ങിൽ ഹിമപാളി അടർന്നത്. ഏകദേശം 0.56 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഹിമപാളിയാണ് അടർന്നുവീണതെന്നാണ് സാറ്റലൈറ്റ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമായത്.

പർവതത്തിൽനിന്ന് അടർന്ന ഹിമപാളി വെറും ഏഴ് മിനിറ്റിനുള്ളിൽ 22 കിലോമീറ്റർ സഞ്ചരിച്ച് റസുവഗന്ധിയിലെത്തി. മണിക്കൂറിൽ ഏകദേശം 187.5 കിലോമീറ്റർ വേഗതയിലായിരുന്നു ഈ ഘട്ടത്തിലെ സഞ്ചാരം. തുടർന്ന് ബെട്രാബട്ടിയിലേക്ക് മണിക്കൂറിൽ 73 കിലോമീറ്റർ വേഗത്തിലും അവിടെനിന്ന് നദിയിലേക്ക് മണിക്കൂറിൽ 22 കിലോമീറ്റർ വേഗത്തിലും ഹിമപാളിയും പാറക്കൂട്ടങ്ങളും നീങ്ങിയെന്നാണ് കണ്ടെത്തൽ.

അതേസമയം, കൂറ്റൻ ഹിമപാളിയും പാറക്കൂട്ടങ്ങളും നദിയിൽ പതിച്ചതാണ് 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് കാരണമായതെന്നാണ് നേപ്പാൾ ദുരന്തനിവാരണ വിഭാഗം മേധാവി ബിശാൽ നാഥ് ഉപ്റേതി വ്യക്തമാക്കിയത്.

ഹിമപാളിയുടെ അതിവേഗ സഞ്ചാരവും തുടർന്ന് നദിയിലേക്ക് പതിച്ച വൻതോതിലുള്ള മഞ്ഞും പാറക്കൂട്ടങ്ങളും ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചതായാണ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img