11:11pm 28 August 2026
NEWS
നെന്മാറയിൽ ഒരു കുടുംബത്തിലെ മൂന്നുപേരുടെ ജീവനെടുത്തത് അയൽവാസിയുടെ അന്ധവിശ്വാസം?

28/01/2025  08:07 AM IST
nila
നെന്മാറയിൽ ഒരു കുടുംബത്തിലെ മൂന്നുപേരുടെ ജീവനെടുത്തത് അയൽവാസിയുടെ അന്ധവിശ്വാസം?

പാലക്കാട്: നെന്മാറയിൽ ഒരു കുടുംബത്തിലെ മൂന്നുപേരുടെ ജീവനെടുത്തത് അയൽവാസിയുടെ അന്ധവിശ്വാസമെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.  നെന്മാറ പോത്തുണ്ടി തിരുത്തൻപാടം സ്വദേശി ചെന്താമര അയൽവാസികളായ സുധാകരൻ, അമ്മ ലക്ഷി എന്നിവരെ ഇന്നലെ രാവിലെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ (35) അഞ്ചു വർഷം മുമ്പ് വെട്ടിക്കൊന്നയാളാണ് ചെന്താമര. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും ഇയാൾ കൊല നടത്തിയത്. ക്രൂരകൊലപാതകത്തിന് പിന്നിൽ പ്രതിയുടെ അന്ധവിശ്വാമെന്നാണ് പുറത്തുവരുന്ന വിവരം. 

 2019 ഓഗസ്റ്റ് 31നാണ് നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സജിതയെ അയൽവാസിയായ ചെന്താമര കൊലപ്പെടുത്തിയത്. ചെന്താമരയും ഭാര്യയും മക്കളും അകന്നുകഴിയുന്നതിന് കാരണം സജിതയും കുടുംബവും നടത്തിയ ദുർമന്ത്രവാദമെന്നായിരുന്നു കൊലപാതകത്തിന് കാരണമായി അന്ന് ഇയാൾ പൊലീസിനോട് പറഞ്ഞത്. 'നീണ്ട മുടിയുള്ള സ്ത്രീ യാണ്' ഭാര്യ പോകാൻ കാരണമെന്ന് ഏതോ ജോത്സ്യൻ പറഞ്ഞതായും അന്ന് ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു. സജിതയാണ് ഇതെന്ന് ഉറച്ചുവിശ്വസിച്ചാണ് സജിതയെ കൊലപ്പെടുത്തിയത്. തുടർന്ന് ജയിലിലായെങ്കിലും സജിതയുടെ വീട്ടുകാരോടും വൈരാ​ഗ്യം വെച്ചുപുലർത്തി. 

സജിതയെ വെട്ടിക്കൊന്ന അതേ രീതിയിലാണ് അതേ വീടിന്റെ മുന്നിലിട്ട് ഭർത്താവിനേയും ഓടിയെത്തിയ അമ്മയേയും വകവരുത്തിയത്. അയൽപ്പക്കത്തെ വേറേ രണ്ടു സ്ത്രീകളേയും ഇയാൾ സംശയിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിതിരുന്നു. പ്രതി ചെന്താമരയെ ഭയന്ന് വീടിന് പുറത്തുള്ള ശുചിമുറിയിൽ പോലും  പോകാറുണ്ടായിരുന്നില്ലെന്ന് അയൽവാസി പുഷ്പയും പറയുന്നു.അതേസമയം, ഇന്നലെ സുധാകരനെയും അമ്മയേയും വെട്ടിക്കൊന്ന ശേഷം ഒളിവിൽ പോയ ചെന്താമരയെ ഇനിയും പിടികൂടാനായിട്ടില്ല. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img