
പാലക്കാട്: നെന്മാറയിൽ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ചെന്താമരയ്ക്ക് (59) വധശിക്ഷ വിധിച്ച് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (നാല്). 2025 ജനുവരി 27-ന് നടന്ന ഇരട്ടക്കൊലയെ 'അപൂർവങ്ങളിൽ അപൂർവം' വിഭാഗത്തിൽപ്പെടുന്ന കുറ്റകൃത്യമാണെന്ന് വിലയിരുത്തിയ കോടതി, മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു. ജഡ്ജി കെന്നത്ത് ജോർജ് ആണ് പ്രതിഭാഗത്തിന്റെ ഇളവിനായുള്ള എല്ലാ വാദങ്ങളും തള്ളിക്കൊണ്ട് പരമാവധി ശിക്ഷ വിധിച്ചത്.
മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം ചെന്താമരയ്ക്ക് മാനസികാരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും, ചെയ്ത കുറ്റം ന്യായീകരിക്കാൻ പ്രതി ശ്രമിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിൽ യാതൊരു കുറ്റബോധമോ മാനസാന്തരമോ പ്രകടമല്ലെന്നും വിധിയിൽ പരാമർശിച്ചു.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ കോടതിയിലും ചെന്താമര ഭീഷണിസ്വരത്തിലാണ് പ്രതികരിച്ചത്. ആദ്യം ഒന്നും പറയാനില്ലെന്ന് അറിയിച്ചെങ്കിലും പിന്നീട് "തൂക്കിലേറ്റിക്കോളൂ, മറ്റുള്ളവരെയും കൊല്ലും", "ഒരു ചെകിടത്തടിച്ചാൽ മറ്റേ ചെകിടും കാണിക്കാൻ ഞാൻ ഗാന്ധിജിയല്ല" തുടങ്ങിയ പരാമർശങ്ങൾ നടത്തി. തനിക്ക് തടസ്സം നിൽക്കുന്നവരെ ഇല്ലാതാക്കുമെന്നും പ്രതി കോടതിയിൽ പറഞ്ഞു.
ശിക്ഷയിൽ ഇളവ് തേടി പ്രതിഭാഗം അഭിഭാഷകൻ ജേക്കബ് മാത്യു മാനസാന്തരത്തിന് സാധ്യതയുണ്ടെന്നും, ജയിലിൽ ജോലി ചെയ്ത് ലഭിക്കുന്ന വരുമാനം കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നൽകാമെന്നും വാദിച്ചു. എന്നാൽ, ചെയ്ത കുറ്റത്തിൽ പ്രതിക്ക് യാതൊരു പശ്ചാത്താപവുമില്ലെന്നും സമൂഹത്തിന് ഭീഷണിയായതിനാൽ വധശിക്ഷ മാത്രമാണ് ഉചിതമെന്നുമാണ് പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ. വിജയകുമാർ കോടതിയിൽ വാദിച്ചത്. ഈ വാദം അംഗീകരിച്ചാണ് കോടതി വധശിക്ഷ വിധിച്ചത്.
2019 ഓഗസ്റ്റ് 31-ന് സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ചെന്താമരയ്ക്ക് ഇതേ കോടതി നേരത്തേ ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ആ കേസിൽ ജാമ്യത്തിലിറങ്ങിയിരിക്കെയാണ് 2025 ജനുവരിയിൽ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയതും. രണ്ടാം കേസിൽ ഒന്നര വർഷത്തിന് ശേഷമാണ് ഇപ്പോൾ കോടതി ശിക്ഷ വിധിച്ചത്.









