
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആലത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവിന് പിന്നാലെ പ്രതിയെ ആലത്തൂർ സബ് ജയിലിലേക്ക് മാറ്റി. നാളെതന്നെ കസ്റ്റഡി അപേക്ഷ നൽകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ചെയ്തത് തെറ്റാണെന്ന് ചെന്താമാര കോടതിയിൽ പറഞ്ഞു. നൂറു വർഷം വേണമെങ്കിലും ശിക്ഷിച്ചോളൂ എന്ന് പറഞ്ഞ പ്രതി, എത്രയും വേഗം ശിക്ഷ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
ഇനി തനിക്ക് പുറത്തിറങ്ങാൻ ആഗ്രഹമില്ലെന്നായിരുന്നു ചെന്താമര കോടതിയിൽ പറഞ്ഞത്. പൊലീസ് ഉപദ്രവിച്ചിട്ടില്ലെന്നും പ്രതി കോടതിയിൽ വ്യക്തമാക്കി. എൻജിനീയറായ മകളുടെയും മരുമകന്റെയും മുന്നിൽ മുഖം കാണിക്കാനാവില്ലെന്നും പ്രതി കോടതിയെ അറിയിച്ചു. അതേസമയം, കൊലപാതകങ്ങൾ നടത്താനുള്ള പദ്ധതി നടപ്പായതിന്റെ സന്തോഷത്തിലാണ് ചെന്താമരയെന്നും കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കൃത്യം നടത്തിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കൊലപാതകങ്ങൾ നടത്തുന്നതിന് ദിവസങ്ങൾക്കു മുമ്പ് തന്നെ ചെന്താമര കൊടുവാൾ വാങ്ങി സൂക്ഷിച്ചിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പൂർവവൈരാഗ്യത്താലാണ് കൊല നടത്തിയതെന്നും അയൽവാസികൾക്കെതിരെ ചെന്താമര തുടർച്ചയായി വധഭീഷണി മുഴക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഇയാൾ പുറത്തിറങ്ങിയാൽ ഒരു പ്രദേശത്തിനു മുഴുവൻ ഭീഷണിയാണ്. വീട്ടിൽ വിഷക്കുപ്പി വച്ച് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പ്രതി ശ്രമം നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.











