
പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതിയുടെ ഹിറ്റ് ലിസ്റ്റിൽ ആറുപേരുണ്ടായിരുന്നെന്ന് സൂചന. കഴിഞ്ഞ ദിവസം രാത്രിയിൽ അറസ്റ്റിലായതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി ചെന്താമര ഇക്കാര്യം പൊലീസിനോട് പറഞ്ഞെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അയൽവാസികളായ സജിത, ഭർത്താവ് സുധാകരൻ, സുധാകരന്റെ അമ്മ ലക്ഷ്മി, ചെന്താമരയുടെ ഭാര്യ, മകൾ, ഒരു പൊലീസുകാരൻ എന്നിവരെ കൊലപ്പെടുത്താനായിരുന്നു ചെന്താമരയുടെ തീരുമാനം. ഇതിൽ സജിതയെ 2019ലും സുധാകരനെയും അമ്മയേയും കഴിഞ്ഞ ദിവസവും പ്രതി കൊലപ്പെടുത്തി. അവശേഷിക്കുന്ന മൂന്നുപേരെയും വകവരുത്തിയ ശേഷം കീഴടങ്ങാനായിരുന്നു പദ്ധതിയെന്നും ഇയാൾ പൊലീസിന് മൊഴിനൽകിയെന്നാണ് സൂചന.
തിങ്കളാഴ്ച്ച രാവിലെ സുധാകരനെയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിലായിരുന്ന ചെന്താമരയെ പോത്തുണ്ടി മേഖലയിൽനിന്നാണ് പിടികൂടിയത്. പ്രതി പിടിയിലായതറിഞ്ഞ് നെന്മാറ പോലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധവുമായി ജനങ്ങൾ തടിച്ചുകൂടി. ചെന്താമരയെ വിട്ടുകിട്ടണമെന്ന ആവശ്യത്തിലായിരുന്നു ജനക്കൂട്ടം. ഉന്തിലും തള്ളിലും സ്റ്റേഷന്റെ ഗേറ്റ് തകർന്നു. പ്രതിഷേധം അക്രമാസക്തമായതോടെ ഇവരെ പിരിച്ചുവിടാൻ പോലീസിന് ലാത്തിവീശേണ്ടിയും വന്നു. തങ്ങൾക്ക് നേരേ പോലീസ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചുവെന്നും നാട്ടുകാർ ആരോപിച്ചു.
ചെന്താമരയ്ക്ക് വേണ്ടി ഇന്നലെ വ്യാപകമായ തിരച്ചിലാണ് നടത്തിയിരുന്നത്. ഒടുവിൽ രാത്രിയോടെ തിരച്ചിൽ നിർത്തി പോകാൻ ശ്രമിക്കുന്നതിനിടെയാണ് ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. വിശന്നുവലഞ്ഞ ചെന്താമര ഭക്ഷണം കഴിക്കാൻ സ്വന്തം വീടിന് സമീപത്തേക്ക് വരുമ്പോഴായിരുന്നു പോലീസിന്റെ വലയിലായത്. പിടിയിലായ സമയത്ത് ഇയാൾ അവശനിലയിലായിരുന്നു. സ്റ്റേഷനിൽ എത്തിയയുടൻ തനിക്ക് വിശക്കുന്നുണ്ടെന്നും ഭക്ഷണം വേണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. തുടർന്ന്, ഭക്ഷണമെത്തിച്ചുനൽകുകയും ചെയ്തു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.











