
കേരളത്തെ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. ഭാരതീയ ന്യായ സംഹിത 103(1), 126(2) വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വിലയിരുത്തി. വിധിക്ക് മുമ്പ് പ്രതിയോട് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ, "ഒന്നും പറയാനില്ല" എന്നായിരുന്നു ചെന്താമരയുടെ മറുപടി. തുടർന്ന്, "എന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ" എന്നും പ്രതി കോടതിയിൽ പറഞ്ഞു. ശിക്ഷാവിധി ബുധനാഴ്ച പ്രസ്താവിക്കും.
2025 ജനുവരി 27-നാണ് നെൻമാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും മാതാവ് ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ വനമേഖലയിലേക്ക് രക്ഷപ്പെട്ട പ്രതിയെ രണ്ട് ദിവസം നീണ്ട പൊലീസ്-നാട്ടുകാർ സംയുക്ത തെരച്ചിലിനൊടുവിൽ ജനുവരി 28-ന് രാത്രി പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്ന് പിടികൂടുകയായിരുന്നു.
തുടർ അന്വേഷണത്തിൽ, കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഫെബ്രുവരി 5-ന് എലവഞ്ചേരിയിൽ തെളിവെടുപ്പിലൂടെ പൊലീസ് കണ്ടെത്തി. ഇതിനിടെ, 2019-ൽ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസിൽ ലഭിച്ചിരുന്ന ജാമ്യം ഫെബ്രുവരി 18-ന് കോടതി റദ്ദാക്കി. 2022-ൽ ജാമ്യത്തിലിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിൽ താമസിച്ചിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.
കേസിലെ പ്രധാന സാക്ഷികളുടെ രഹസ്യമൊഴി മാർച്ച് 3-ന് ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി. തുടർന്ന് മാർച്ച് 25-ന് 480 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. 132 സാക്ഷികളും മുപ്പതിലധികം രേഖകളും ഫൊറൻസിക് റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു.
ഫെബ്രുവരി 23 മുതൽ മെയ് 6 വരെ നീണ്ട വിചാരണയ്ക്കൊടുവിലാണ് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയത്. 132 സാക്ഷികളിൽ നാല് പേർ വിചാരണയ്ക്കിടെ കൂറുമാറിയെങ്കിലും, മറ്റ് തെളിവുകൾ പരിഗണിച്ചാണ് കോടതി കുറ്റം തെളിഞ്ഞതായി വിധിച്ചത്.








