
ന്യൂഡൽഹി: പീസ് ബോണ്ടിൽ ഒപ്പിടണമെന്ന ഡൽഹി പൊലീസിന്റെ നിർദേശം അംഗീകരിക്കില്ലെന്ന് ഐസ പ്രസിഡന്റ് നേഹ ബോറ. സമാധാനം പാലിക്കുന്നതിനായി 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ഒരു ജാമ്യക്കാരനെയും ഹാജരാക്കണമെന്ന പൊലീസ് നോട്ടീസിനെ ചോദ്യം ചെയ്തുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് നേഹ നിലപാട് വ്യക്തമാക്കിയത്.
‘ആരുടെ സമാധാനം സംരക്ഷിക്കാനാണ് എന്നോട് ആവശ്യപ്പെടുന്നത്?’ എന്നായിരുന്നു സി.പി.ഐ (എം.എൽ) ലിബറേഷൻ പാർലമെന്ററി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ നേഹയുടെ ചോദ്യം. തെരുവുകളിൽ സമാധാനപരമായി പ്രതിഷേധിക്കുന്നത് ജനാധിപത്യപരമായ അവകാശമാണ്. സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുന്നതും വിയോജിപ്പ് പ്രകടിപ്പിക്കുന്നതും എങ്ങനെയാണ് സമാധാനത്തിന് ഭീഷണിയാകുന്നതെന്നും അവർ ചോദിച്ചു.
ഭരണാധികാരികളെ ചോദ്യം ചെയ്യാനും വിയോജിപ്പ് രേഖപ്പെടുത്താനുമുള്ള അവകാശം ജനാധിപത്യത്തിന്റെ അടിസ്ഥാനമാണെന്നും നേഹ പറഞ്ഞു. സമാധാനപരമായ പ്രതിഷേധങ്ങളെ പൊതുസമാധാനത്തിന് ഭീഷണിയായി ചിത്രീകരിക്കരുതെന്നും ജനാധിപത്യപരമായ വിയോജിപ്പുകൾ സംരക്ഷിക്കപ്പെടണമെന്നും അവർ ആവശ്യപ്പെട്ടു.
എസ്‌ഐആർ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തലസ്ഥാനത്ത് സംഘടിപ്പിച്ച ‘ലഹരാ ദോ തിരംഗ’ മാർച്ചിൽ പങ്കെടുത്തതിനെ തുടർന്നാണ് നേഹയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയ അവർക്ക് ഒക്ടോബർ 17-നാണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (BNSS) സെക്ഷൻ 126 പ്രകാരം പൊലീസ് നോട്ടീസ് നൽകിയത്.
അന്വേഷണ കാലയളവിൽ സമാധാനം നിലനിർത്തുന്നതിനായി 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ഒരു ജാമ്യക്കാരനെയും ഹാജരാക്കേണ്ടതില്ലെന്നതിന് കാരണം വിശദീകരിക്കാൻ ഒക്ടോബർ 19-ന് പ്രത്യേക എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാകണമെന്നായിരുന്നു നോട്ടീസിലെ നിർദേശം.
ഇതിനെതിരെയാണ് നേഹ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. സമാധാനപരമായ വിയോജിപ്പുകളെ തടയാനുള്ള ശ്രമമാണ് പൊലീസിന്റെ നടപടിയെന്നും സമാധാനലംഘനത്തിന് സാധ്യതയുണ്ടെന്നതിന് നോട്ടീസിൽ മതിയായ തെളിവുകളില്ലെന്നും അവർ ഹർജിയിൽ വാദിച്ചു. എന്നാൽ കോടതി ഹർജി തള്ളുകയായിരുന്നു.
കോടതിയുടെ ഉത്തരവിന് പിന്നാലെയും പീസ് ബോണ്ടിൽ ഒപ്പിടാനുള്ള നിർദേശത്തിനെതിരായ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് നേഹ. സമാധാനപരമായ പ്രതിഷേധവും സർക്കാരിനെ വിമർശിക്കാനുള്ള അവകാശവും ജനാധിപത്യത്തിൽ സംരക്ഷിക്കപ്പെടേണ്ടതാണെന്നാണ് അവരുടെ വാദം.










