07:50pm 13 September 2026
NEWS
നാഷണൽ ലീഗിന് അവഗണന
28/02/2026  11:52 AM IST
പ്രദീപ് ഉഷസ്സ്
നാഷണൽ ലീഗിന് അവഗണന
HIGHLIGHTS

വികസന മുന്നേറ്റ ജാഥകൾ ബഹിഷ്‌ക്കരിച്ച് നാഷണൽ ലീഗ്‌. കരുത്തറിയിച്ച് ഫ്‌ളാഗ് മാർച്ച്

സംസ്ഥാന സർക്കരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളുമായി ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച വികസന മുന്നേറ്റ ജാഥകളിൽ നിന്നും, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സഹയാത്രികരായ നാഷണൽ ലീഗിനെ അവഗണിച്ചതിനെതിരെ, പ്രതിഷേധം ശക്തമാകുന്നു. മൂന്ന് ജാഥകളിലേക്കും സ്ഥിരാംഗങ്ങളായി പ്രതിനിധികളെ നൽകണമെന്ന് ഇടതുമുന്നണി നേതൃത്വം നാഷണൽ ലീഗിനോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് അവർ പ്രതിനിധികളുടെ പേരുകൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ അവസാന നിമിഷം ഇവരെയെല്ലാം അവഗണിക്കുകയും, ജാഥയിൽ നാഷണൽ ലീഗിന് പ്രാതിനിധ്യം നൽകാതിരിക്കുകയുമായിരുന്നു.

നാഷണൽ ലീഗുമായി രമ്യതയിൽ അല്ലാത്ത, എൽ.ഡി.എഫിലെ ഘടകകക്ഷിയായ ഐ.എൻ.എല്ലിന്റെ സമ്മർദ്ദം മൂലമാണ് തങ്ങളുടെ പ്രതിനിധികളെ അവഗണിച്ചതെന്ന വികാരമാണ് നാഷണൽ ലീഗണികളിൽ ശക്തമായി ഉയർന്നിട്ടുള്ളത്. ഇടതുമുന്നണിയുടെ വിവിധ സ്വീകരണകേന്ദ്രങ്ങളിൽ പങ്കെടുക്കണമെന്ന് മുന്നണി നേതൃത്വം അറിയിച്ചിരുന്നുവെങ്കിലും, പങ്കെടുക്കേണ്ടതില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു നാഷണൽ ലീഗ് നേതൃത്വം.

ഗോവിന്ദൻ മാസ്റ്ററുടെ ജാഥയിലും ബഹിഷ്‌ക്കരണം

വികസന മുന്നേറ്റ ജാഥയിൽ നിന്നും തങ്ങളെ അവഗണിച്ചതിലുള്ള പ്രതിഷേധം നാഷണൽ ലീഗ് നേതാക്കൾ ഇടതുമുന്നണി നേതൃത്വത്തെ അറിയിച്ചിരുന്നുവെങ്കിലും, സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജാഥ ബഹിഷ്‌ക്കരിക്കുമെന്ന് എൽ.ഡി.എഫ് നേതൃത്വം കരുതിയിരുന്നില്ല. എന്നാൽ മറ്റുരണ്ട് ജാഥകൾക്കൊപ്പം വടക്കൻജാഥയും ബഹിഷ്‌ക്കരിച്ചുകൊണ്ട് തങ്ങളുടെ പ്രതിഷേധം ശക്തമായി പ്രകടിപ്പിക്കുകയായിരുന്നു നാഷണൽ ലീഗ് നേതാക്കളും അണികളും. കോഴിക്കോട് ജില്ലയിൽ ജാഥയെത്തിയപ്പോൽ നാഷണൽ ലീഗിനെ പങ്കെടുപ്പിക്കാൻ ഇടതുമുന്നണിയെ ചില ഘടകകക്ഷി നേതാക്കൾ മുൻകയ്യെടുത്ത് ശ്രമം നടത്തിയെങ്കിലും അതൊന്നും വിജയകരമായില്ല.
മുസ്ലീംലീഗിന് ശക്തമായ വേരോട്ടമുള്ള കൊടുവള്ളിയിൽ ഇടതുമുന്നണിക്ക്, യു.ഡി.എഫിനൊപ്പം പിടിച്ചുനിൽക്കാൻ കഴിയുന്നതിൽ നാഷണൽ ലീഗിനും, പി.ടി.എ റഹിം എം.എൽ.എയുടെ നേതൃത്വത്തിലുള്ള പ്രാദേശിക സംഘടനാ സംവിധാനങ്ങൾക്കും വലിയ പങ്കാണുള്ളത്. ന്യൂനപക്ഷ മേഖലയുടെ പിന്തുണ ഇടതുപക്ഷത്തിന് ലഭിക്കുന്നതിൽ ഇവർ വലിയ റോളാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഗോവിന്ദൻ മാസ്റ്ററുടെ ജാഥ കൊടുവള്ളിയിൽ എത്തിയപ്പോൾ, പി.ടി.എ റഹിം പങ്കെടുത്തുവെങ്കിലും, നാഷണൽ ലീഗ് നേതാക്കളും പ്രവർത്തകരും, പൂർണ്ണമായും സ്വീകരണപരിപാടിയിൽ നിന്നും വിട്ടുനിന്നു.

കൊടുവള്ളി സ്വദേശിയും, നാഷണൽ ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സി.പി. നാസർ കോയ തങ്ങൾ, ഒ.പി.ഐ കോയ, ഒ.പി. റഷീദ്, വഹാബ് മണ്ണിൽക്കടവ് തുടങ്ങിയ നേതാക്കളുടെ അസാന്നിധ്യം വലിയ ചർച്ചയായി മാറുകയും ചെയ്തു. ഇതിന് മുമ്പുനടന്ന കൊടുവള്ളി മണ്ഡലം വികസന മുന്നേറ്റ ജാഥയിൽ ജാഥാലീഡറായ സി.പി.എം നേതാവ് വി. വസീഫിനോടൊപ്പം ഉപലീഡറായി പങ്കെടുത്തത് നാഷണൽ ലീഗിന്റെ ജനറൽ സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായ നാസർകോയ തങ്ങളായിരുന്നു. ജാഥയുടെ സംഘാടനത്തിലടക്കം നാഷണൽ ലീഗിന്റെ മറ്റ് പ്രാദേശിക നേതാക്കളും അന്ന് സജീവമായി നിറഞ്ഞുനിന്നിരുന്നു.

നാഷണൽ ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി. അബ്ദുൾ വഹാബും, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസും ഇടതുപക്ഷത്തിന്റെ മുൻനിരയിലെ പ്രഭാഷകർ കൂടിയാണ്. ഇതിന് മുമ്പ് നടന്നിട്ടുള്ള ഇടതുമുന്നണിയുടെ സംസ്ഥാന ജാഥകളിലെല്ലാം നിറഞ്ഞുനിന്ന പ്രാസംഗികരുമായിരുന്നു ഇവർ. ദേശീയതലത്തിൽ ന്യൂനപക്ഷ ജനവിഭാഗങ്ങൾ നേരിടുന്ന വെല്ലുവിളികളേയും, അതിനെതിരെ ഇടതുപക്ഷം കൈക്കൊള്ളുന്ന പ്രതിരോധ നീക്കങ്ങളെയും ശക്തമായി അവതരിപ്പിക്കുന്നതിൽ ശ്രദ്ധേയ സ്ഥാനമാണ് ഈ നേതാക്കൾക്ക് ഉള്ളതും. കോഴിക്കോട് ജില്ലയിലെ സമാപന വേദിയായ മുതലക്കുളത്ത് ഗോവിന്ദൻ മാസ്റ്ററുടെ ജാഥ എത്തിയപ്പോഴും, എ.പി. അബ്ദുൾ വഹാബും, എൻ.കെ. അബ്ദുൾ അസീസുമടക്കമുള്ള മുൻനിരനേതാക്കൾ വിട്ടുനിന്നതും വലിയ ചർച്ചയായി മാറി. ഇടതുമുന്നണിക്കൊപ്പം പതിറ്റാണ്ടുകളായി ഉറച്ചുനിന്നിരുന്ന തങ്ങളെ നിർണ്ണായകഘട്ടത്തിൽ ഇടതുനേതൃത്വം കയ്യൊഴിഞ്ഞത് അക്ഷരാർത്ഥത്തിൽ ഇവരെ ഞെട്ടിച്ചിട്ടുണ്ട്. അതിലുള്ള പ്രതിഷേധം തന്നെയാണ് ജാഥാബഹിഷ്‌ക്കരണത്തിലൂടെ ഇവർ പ്രകടിപ്പിച്ചതും.

നാഷണൽ ലീഗ് സാന്നിധ്യം മലബാറിൽ നിർണ്ണായകം

കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പ് വേളയിൽ വടക്കൻ കേരളത്തിൽ പലയിടങ്ങളിലും കാലിടറാതെ പിടിച്ചുനിൽക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞതിൽ നാഷണൽ ലീഗിനും കാര്യമായ പങ്കുണ്ടെന്ന്, പ്രാദേശിക എൽ.ഡി.എഫ് നേതാക്കളും തുറന്ന് സമ്മതിക്കും. അതുകൊണ്ടുതന്നെ നാഷണൽ ലീഗിന്റെ ഈ നിസ്സഹകരണത്തെ അത്യന്തം ആശങ്കയോടെയാണ് അവരും വീക്ഷിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ പതിമൂന്ന് അസംബ്ലി മണ്ഡലങ്ങളിൽ രണ്ട് സീറ്റ് മാത്രമാണ് കഴിഞ്ഞതവണ ഇടതുപക്ഷത്തിന് നഷ്ടമായത്. ആവിധം ഉജ്ജ്വലവിജയം നിലനിർത്താൻ കഴിയുകയെന്നതാണ് കോഴിക്കോട് ജില്ലയിൽ ഇടതുമുന്നണി നേതൃത്വം നേരിടുന്ന വലിയ വെല്ലുവിളി. ആ സാഹചര്യത്തിൽ നാഷണൽ ലീഗ് പ്രചരണ പ്രവർത്തനരംഗത്ത് നിന്ന് പൂർണ്ണമായും വിട്ടുനിന്നാൽ എൽ.ഡി.എഫിന് വലിയ തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക ഇടതുമുന്നണി നേതൃത്വത്തിനുമുണ്ട്. ജില്ലയിൽ അഭിമാനപ്പോരാട്ടം നടക്കാനിരിക്കുന്ന ബേപ്പൂർ, കുന്ദമംഗലം, കൊയിലാണ്ടി, കോഴിക്കോട് സൗത്ത് തുടങ്ങിയ മണ്ഡലങ്ങളിൽ നാഷണൽ ലീഗിന്റെ സാന്നിധ്യം നിർണ്ണായകമാണ്. അതുപോലെ വടകര, കൊടുവള്ളി മണ്ഡലങ്ങളിൽ പിടിച്ചുനിൽക്കാനും നാഷണൽ ലീഗിന്റെ പിന്തുണ അനിവാര്യമാണ് താനും. ഇത് കോഴിക്കോട്ടെ മാത്രം കാര്യമല്ല, നാഷണൽ ലീഗ് ഈ നിസ്സഹകരണം തുടർന്നാൽ വടക്കൻ കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മറ്റുപല മണ്ഡലങ്ങളിലും ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പ്രത്യേകിച്ച് ആസന്നമായ നിയമസഭാ തെരഞ്ഞടുപ്പിൽ പല മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമുണ്ടാകുമെന്ന് ഉറപ്പായ സാഹചര്യത്തിൽ.

ഇടതുപക്ഷത്തോടൊപ്പം അടിയുറച്ച്

ബാബറി മസ്ജിദ് തകർച്ചക്കാലത്ത്, കോൺഗ്രസ് നേതൃത്വം കൈക്കൊണ്ട നിലപാടിൽ പ്രതിഷേധിച്ചാണ് ഇബ്രാഹിം സുലൈമാൻ സേട്ട് മുസ്ലീം ലീഗ് ബന്ധം ഉപേക്ഷിച്ചതും, ഇന്ത്യൻ നാഷണൽ ലീഗ്(ഐ.എൻ.എൽ) സ്ഥാപിച്ചതും. തുടക്കം മുതലെ ഇടതുപക്ഷാഭിമുഖ്യമാണ് ഐ.എൻ.എൽ കൈക്കൊണ്ടുവന്നത്. കാൽനൂറ്റാണ്ടിലധികം ഇടതുമുന്നണിക്ക് പുറത്തുനിന്ന് പിന്തുണ നൽകി ഒപ്പം നിൽക്കുകയായിരുന്നു ഐ.എൻ.എൽ പ്രവർത്തകർ. പിന്നീടാണ് ഐ.എൻ.എൽ ഇടതുമുന്നണിയിലെ ഘടകകക്ഷിയായി മാറിയത്. കഴിഞ്ഞതവണ ഐ.എൻ.എൽ സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച അഹമ്മദ് ദേവർകോവിൽ, മന്ത്രിയാവുകയും ചെയ്തു.

എന്നാൽ ആഭ്യന്തര സംഘർഷങ്ങൾ മൂലം ഐ.എൻ.എൽ രണ്ടായി പിളർന്നു. പ്രൊഫ. എ.പി. അബ്ദുൾ വഹാബിന്റെ നേതൃത്വത്തിലുള്ള വിഭാഗവും, കാസിം ഇരിക്കൂറും, അഹമ്മദ് ദേവർകോവിലും നേതൃത്വം നൽകുന്നു വിഭാഗവും. ഇവർ തമ്മിലുള്ള തർക്കങ്ങൾ നിയമപോരാട്ടത്തിലെത്തിനിൽക്കെയാണ്, പ്രൊഫ. അബ്ദുൾ വഹാബിന്റെ നേതൃത്വത്തിലുള്ള ഐ.എൻ.എൽ, 'നാഷണൽ ലീഗ്' രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചത്.

സംസ്ഥാനത്ത് ഐ.എൻ.എൽ രാഷ്ട്രീയത്തിന് കാര്യമായ വേരോട്ടമുള്ളത് വടക്കൻ കേരളത്തിലാണ്. അവിടങ്ങളിലെല്ലാം ശക്തിയുള്ളത് വഹാബ് വിഭാഗത്തിനാണ്. കാസർഗോഡ് ജില്ലയിൽ മാത്രമാണ് കാസിം ഇരിക്കൂറും, അഹമ്മദ് ദേവർകോവിലും നേതൃത്വം നൽകുന്ന ഐ.എൻ.എല്ലിന് അൽപ്പമെങ്കിലും വേരോട്ടം അവകാശപ്പെടാൻ കഴിയുകയുള്ളൂ. എന്നാൽ ഐ.എൻ.എൽ എന്ന പേരിൽ തുടരുന്നതിനാൽ ഇടതുമുന്നണിയിലെ ഘടകകക്ഷിയായി നിലനിൽക്കുന്നത് ഈ വിഭാഗമാണ്. നാഷണൽ ലീഗാകട്ടെ നിരുപാധിക പിന്തുണയേകി ഇടതുപക്ഷത്തിനൊപ്പം ശക്തമായി തുടരുകയും ചെയ്യുന്നു. ഇടതുമുന്നണിയിലെ ചില ഘടകകക്ഷികളെ അപേക്ഷിച്ച് നല്ല സംഘടനാസംവിധാനം നിലനിർത്തുന്ന പാർട്ടിയാണ് നാഷണൽ ലീഗ് എന്ന് മുന്നണി നേതൃത്വത്തിനും നന്നായി അറിയാം. ആ വിധത്തിൽ പരസ്പര വിശ്വാസത്തോടെയുള്ള പരിഗണനകളും പ്രവർത്തനങ്ങളുമാണ് അടുത്തകാലം വരെ ഇടതുമുന്നണിയിൽ നിലനിന്നിരുന്നത്.

ഇടതുപക്ഷ രാഷ്ട്രീയവും, സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും പൊതുമണ്ഡലത്തിൽ എത്തിക്കുന്നതിലും നാഷണൽ ലീഗ് നേതൃത്വം വളരെ മുന്നിലാണ്. സി.പി.എമ്മും, സി.പി.ഐയും കഴിഞ്ഞാൽ സോഷ്യൽമീഡിയ വഴി ഇടതുമുന്നണിക്ക് വേണ്ടി മുൻനിരയിൽ പ്രവർത്തിക്കുന്നതും നാഷണൽ ലീഗ് തന്നെയാണ്. നാഷണൽ ലീഗ് സൈബർ ടീമിന്റെ പല കണ്ടന്റുകളും അത്യധികം വൈറലായിമാറിയിട്ടുമുണ്ട്. നാഷണൽ ലീഗ് നേതാക്കളായ പ്രൊഫ. എ.പി. അബ്ദുൾ വഹാബും, എൻ.കെ. അബ്ദുൾ അസീസും ടി.വി.ചാനൽ ചർച്ചകളിൽ ഇടതുപക്ഷത്തിന്റെ സജീവ സാന്നിദ്ധ്യവുമാണ്. എന്നാൽ, നാഷണൽ ലീഗുമായി താരതമ്യപ്പെടുത്തുമ്പോൾ, സംഘാടനശേഷിയിൽ വളരെയധികം പിന്നോക്കം നിൽക്കുന്ന ഐ.എൻ.എല്ലിന് സംസ്ഥാന വികസന ജാഥയിൽ പ്രാതിനിധ്യം നൽകുകയും തങ്ങളെ തഴയുകയും ചെയ്തതാണ് നാഷണൽ ലീഗ് നേതൃത്വത്തെ പ്രകോപിതരാക്കിയതും അവർ ബഹിഷ്‌ക്കരണ നീക്കങ്ങളുമായി മുന്നോട്ടുപോയതും.

കരുത്തറിയിച്ച ഫ്‌ളാഗ് മാർച്ച്

ഇടതുമുന്നണിയുടെ വികസന മുന്നേറ്റജാഥയുടെ സമാപനത്തിന് ശേഷം നാഷണൽ ലീഗ് സംഘടിപ്പിച്ച ഫ്‌ളാഗ് മാർച്ചും കുടുംബസംഗമവും ശ്രദ്ധേയമായത് ഈ സാഹചര്യത്തിലാണ്. കോഴിക്കോട്ടെ കുന്ദമംഗലം മണ്ഡലത്തിലെ പെരുമണ്ണയിൽ സംഘടിപ്പിച്ച നാഷണൽ ലീഗ് ഫ്‌ളാഗ് മാർച്ച് അക്ഷരാർത്ഥത്തിൽ അവരുടെ ശക്തിപ്രഖ്യാപനമായി മാറി.

'വെറുപ്പിന്റെ വ്യാപാരികളെ ചെറുത്തുതോൽപ്പിക്കുക' എന്ന മുദ്രാവാക്യമുയർത്തിയ ഫ്‌ളാഗ് മാർച്ച് ഇന്ത്യയെ സംഘപരിവാർ രാഷ്ട്രമാക്കാൻ ശ്രമിക്കുന്ന ആർ.എസ്.എസ് അജണ്ടകൾക്കെതിരായ പ്രതിരോധമാണ് മുന്നോട്ടുവെച്ചത്. സംഘപരിവാർ ഉയർത്തുന്ന വർഗ്ഗീയ പ്രഖ്യാപനങ്ങളേയും, വെള്ളാപ്പള്ളിമാരുടെ പരോക്ഷ വംശീയ പ്രഖ്യാപനങ്ങളേയും ചെറുത്തുതോൽപ്പിക്കാൻ മതനിരപേക്ഷ സമൂഹം കരുത്താർജ്ജിക്കണമെന്ന് ഫ്‌ളാഗ് മാർച്ച് വിളംബരം ചെയ്തു. ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പ് സൃഷ്ടിച്ച് അതിൽ നിന്ന് രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്നവരേയും, ന്യൂനപക്ഷ അവകാശങ്ങളെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നവരേയും ഭരണഘടനാമൂല്യങ്ങൾ ഉയർത്തി ചെറുത്തുതോൽപ്പിക്കണമെന്ന ഇടതുപക്ഷ രാഷ്ട്രീയ നിലപാട് തന്നെയായിരുന്നു ഫ്‌ളാഗ് മാർച്ചിലും കുടുംബമേളയിലും ഉടനീളം അലയടിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറി നാസർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്ത മാർച്ചിൽ, ഓർഗനൈസിംഗ് സെക്രട്ടറി എൻ.കെ. അബ്ദുൾ അസീസ് മുഖ്യപ്രഭാഷണം നടത്തി.

ഫാസിസവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പ് എന്ന വിധത്തിലാണ് മാർച്ച് സംഘടിപ്പിച്ചതെങ്കിലും ഈ സമ്മേളനത്തിന് അത്യധികം രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. ഇടതുപക്ഷ രാഷ്ട്രീയാന്തരീക്ഷത്തിൽ നിന്ന് തങ്ങളെ മാറ്റിനിർത്താൻ കഴിയില്ല. നിശബ്ദവും, അതേസമയം ശക്തവുമായ പ്രഖ്യാപനം തന്നെയാണവിടെ അലയടിച്ചുയർന്നത്. ഒരർത്ഥത്തിൽ വികസന ജാഥയിൽ നിന്നും തങ്ങളെ തഴഞ്ഞ ഇടതുമുന്നണി നേതാക്കൾക്കുള്ള മറുപടി കൂടിയാണ് ഫ്‌ളാഗ് മാർച്ചിലൂടെ നാഷണൽ ലീഗ് മുന്നോട്ടുവെച്ചതെന്ന് വ്യക്തം.

ഇടതുപക്ഷത്തോടൊപ്പം അടിയുറച്ച് നിൽക്കുകയും, മുന്നണി തീരുമാനങ്ങൾക്കൊപ്പം നിലകൊള്ളുകയും ചെയ്ത പാരമ്പര്യമുള്ള നാഷണൽലീഗ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഈവിധത്തിലൊരു പ്രതിഷേധം ഉണ്ടാകുമെന്ന് എൽ.ഡി.എഫ് നേതൃത്വവും കണക്കുകൂട്ടിയിരുന്നില്ല. നിലവിൽ ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ഐ.എൻ.എല്ലിനേക്കാൾ സംഘാടനക ശേഷിയും പ്രവർത്തക ശക്തിയും നാഷണൽ ലീഗിനാണെന്ന് ഇടതുമുന്നണി നേതാക്കൾക്കും നന്നായി അറിയാം. അതുകൊണ്ടുതന്നെ നാഷണൽ ലീഗ് അണികളെ കൂടുതൽ പ്രകോപിതരാക്കാതെ, വസ്തുതകൾ രമ്യമായി പരിഹരിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ ഇടതുമുന്നണിക്കുള്ളിൽ നടന്നുകൊണ്ടിരിക്കുന്നത്. പുതിയ സംഭവവികാസങ്ങൾ എൽ.ഡി.എഫ് നേതൃത്വത്തിന് വലിയ തലവേദനകളാണ് ഇപ്പോൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്നത് പറയാതെ വയ്യ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img