
കറുകച്ചാലിൽ യുവതി കാറിടിച്ച് കൊല്ലപ്പെട്ട സംഭവം ആസൂത്രിത കൊലപാതകമെന്ന് സംശയം. വെട്ടിക്കാവുങ്കൽ പൂവൻപാറയിൽ വാടകയ്ക്കു താമസിക്കുന്ന കൂത്രപ്പള്ളി പുതുപ്പറമ്പിൽ നീതു കൃഷ്ണന്റെ(36) മരണമാണ് പൊലീസ് കൊലപാതകമെന്ന് സംശയിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് വെട്ടിക്കാവുങ്കൽ - പൂവൻപാറപ്പടി റോഡിലാണ് അപകടം. ചങ്ങനാശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ നീതു ജോലിക്ക് പോകാനിറങ്ങിയപ്പോഴാണ് പിന്നിൽ നിന്നെത്തിയ കാർ ഇടിച്ചിട്ട ശേഷം നിർത്താതെ പോയത്. വാഹനമിടിച്ച് അബോധാവസ്ഥയിൽ കിടന്ന നീതുവിനെ നാട്ടുകാർ കറുകച്ചാലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവസ്ഥലത്തു നിന്ന് ഒരു കാർ മല്ലപ്പള്ളി ഭാഗത്തേക്കു പോകുന്നതു കണ്ടതായി നാട്ടുകാരിൽ ചിലർ പൊലീസിനെ അറിയിച്ചു. വാഹനം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് പറഞ്ഞു. യുവതിയുമായി ബന്ധപ്പെട്ടു സമീപകാലത്തു നടന്ന സാമ്പത്തിക ഇടപാടുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. അപകടം നടന്ന ഭാഗത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ലക്ഷ്മി നന്ദ, ദേവനന്ദ എന്നിവരാണ് നീതുവിന്റെ മക്കൾ. സംസ്കാരം പിന്നീട്.







