
കൊച്ചി: ദേശീയ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തില്‍ പ്രതിഷേധം നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ എഫ് ഐ ആറുകളും കുറ്റപത്രങ്ങളും കേസുകളും ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മഹാത്മാ ഗാന്ധിയുടെ പൗത്രപുത്രനും മഹാത്മാ ഗാന്ധി ഫൗണ്ടേഷന്‍ പ്രസിഡന്റുമായ തുഷാര്‍ എ ഗാന്ധി കേരള മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കും തുറന്ന കത്തയച്ചു.
കേരള പൊലീസ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന വിവരം തനിക്ക് അതിയായ നിരാശയുണ്ടാക്കിയതായി തുഷാര്‍ ഗാന്ധി കത്തില്‍ പറയുന്നു. രാജ്യത്ത് നടന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച വിദ്യാര്‍ഥികള്‍ക്കെതിരായ നടപടി കേരളം പോലുള്ള പുരോഗമന സംസ്ഥാനത്തിനും പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിനും യോജിച്ചതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കേരളത്തില്‍ നിന്നുള്ള എം പി പ്രിയങ്ക ഗാന്ധിയും വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണയ്ക്കുകയും കേന്ദ്ര സര്‍ക്കാരിന്റെയും ഡല്‍ഹി പൊലീസിന്റെയും നടപടികളെ വിമര്‍ശിക്കുകയും ചെയ്ത സാഹചര്യത്തില്‍, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേരള സര്‍ക്കാരിന്റെ കാലത്ത് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും കത്തില്‍ പറയുന്നു. പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തില്‍ സര്‍ക്കാര്‍ വിശ്വസിക്കുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നതായും സത്യാഗ്രഹത്തിന്റെ ആത്മാവില്‍ നിന്നാണ് കോണ്‍ഗ്രസ് വളര്‍ന്നുവന്നതെന്നും അതിനാല്‍ ഒരു കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ ഉത്തരവാദിത്തപരമായ സമീപനമാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ നേതൃത്വത്തിന്റെ മാതൃക പിന്തുടര്‍ന്ന് രാഷ്ട്രീയ ഭേദമന്യേ വിദ്യാര്‍ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എല്ലാ എഫ് ഐ ആറുകളും കുറ്റപത്രങ്ങളും കേസുകളും കാലതാമസമില്ലാതെ റദ്ദാക്കാന്‍ ഉത്തരവിടണമെന്ന് തുഷാര്‍ ഗാന്ധി മുഖ്യമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും അഭ്യര്‍ഥിച്ചു. ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
Photo Courtesy - Google









