
ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചക്കേസിൽ പുതിയ വെളിപ്പെടുത്തൽ. പത്തുലക്ഷം രൂപ ചെലവഴിച്ച് മുൻകൂട്ടി ചോദ്യപേപ്പർ കൈപ്പറ്റിയ വിദ്യാർഥിക്ക് ലഭിച്ചത് 720ൽ വെറും 107 മാർക്ക് മാത്രമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. രാജസ്ഥാനിലെ ബിജെപി യുവമോർച്ച പ്രാദേശിക നേതാവ് ദിനേശ് ബിവാലിന്റെ മകൻ ഋഷി ബിവാലിനാണ് ചോദ്യപേപ്പർ നേരത്തേ ലഭിച്ചിട്ടും വളരെ കുറഞ്ഞ മാർക്ക് നേടാനായത്.
ചോദ്യപേപ്പർ ചോർച്ച കേസിൽ ദിനേശ് ബിവാലിനെയും സഹോദരൻ മാംഗിലാൽ ബിവാലിനെയും സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മാംഗിലാലിന്റെ മകൻ വികാസും കേസിൽ പിടിയിലായി. ദിനേശ് ബിവാലിന്റെ മകൻ ഋഷി ബിവാലിനെതിരെയും അന്വേഷണം പുരോഗമിക്കുകയാണെന്നും ഇയാൾ നിലവിൽ ഒളിവിലാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
മകൻക്ക് പരീക്ഷയിൽ മികച്ച വിജയം നേടിക്കൊടുക്കാനായി സിക്കാറിൽ നിന്ന് പത്തുലക്ഷം രൂപ നൽകി ചോദ്യപേപ്പർ വാങ്ങിയതായാണ് ദിനേശ് ബിവാൽ മൊഴി നൽകിയിരിക്കുന്നത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് ഋഷിക്ക് ലഭിച്ച മാർക്ക് 107 മാത്രമാണെന്ന് വ്യക്തമായത്.
തുടർ അന്വേഷണത്തിൽ ഋഷി ബിവാലിന്റെ അക്കാദമിക് പ്രകടനവും ദുർബലമായിരുന്നെന്ന് കണ്ടെത്തി. പത്താം ക്ലാസിൽ 44 ശതമാനം മാർക്കോടെയാണ് വിജയിച്ചത്. പന്ത്രണ്ടാം ക്ലാസിൽ സെക്കൻഡ് ക്ലാസായിരുന്നു ലഭിച്ചത്. ഗ്രേസ് മാർക്കിന്റെ സഹായത്തോടെയാണ് ഹയർസെക്കൻഡറി പരീക്ഷ പാസായതെന്നും അന്വേഷണസംഘം വ്യക്തമാക്കി.










