
ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച കേസിൽ നിർണായക നീക്കവുമായി സിബിഐ. കേസിൽ 13 പ്രതികൾക്കെതിരെ ഡൽഹിയിലെ റൗസ് അവന്യൂ കോടതിയിൽ സിബിഐ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ആദ്യ കുറ്റപത്രം സമർപ്പിച്ചു. ചോർന്നതായി കണ്ടെത്തിയ 42 ചോദ്യങ്ങളും യഥാർത്ഥ നീറ്റ് പരീക്ഷയിലെ ചോദ്യങ്ങളുമായി പൂർണമായും പൊരുത്തപ്പെടുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി കുറ്റപത്രത്തിൽ പറയുന്നു. ലക്ഷങ്ങൾ വാങ്ങിയാണ് ചോദ്യപേപ്പർ വിറ്റതെന്നും സിബിഐ വ്യക്തമാക്കുന്നു. അഴിമതി നിരോധന നിയമവും പൊതുപരീക്ഷാ നിയമവും ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി ഇന്നു പരിഗണിക്കും.
മംഗിലാൽ ബിവാൾ, ദിനേശ് ബിവാൾ, വികാസ് ബിവാൾ, ശുഭം ഖൈർനാർ, യഷ് യാദവ്, ധനഞ്ജയ് ലോകാണ്ഡെ, പ്രഹ്ലാദ് കുൽക്കർണി, തേജസ് ഹർഷദ് കുമാർ, ഡോ. മനോജ് ശിരൂർ, മനീഷ സഞ്ജയ് ഹവിൽദാർ, മനീഷ മന്ധാരെ, ശിവരാജ് രഘുനാഥ് മോത്തെഗാവോങ്കർ എന്നിവരാണ് നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികൾ.
കേസിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) പങ്ക് സംബന്ധിച്ച അന്വേഷണം തുടരുകയാണെന്ന് സിബിഐ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി അടുത്തിടെ എൻടിഎയിലെ 47 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായും റിപ്പോർട്ടുണ്ട്.
മെയ് 12-ന് സർക്കാർ ഉദ്യോഗസ്ഥന്റെ പരാതിയെ തുടർന്നാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മകൻ വികാസ് ബിവാളിന് പരീക്ഷാ ചോദ്യപേപ്പർ ലഭ്യമാക്കാൻ മംഗിലാൽ ബിവാൾ ശുഭം ഖൈർനാറിനെ സമീപിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മംഗിലാലിന്റെ മൊബൈൽ ഫോണിൽ നിന്ന് ചോദ്യപേപ്പർ കണ്ടെത്തിയതായും സിബിഐ പറയുന്നു.
യഷ് യാദവിൽ നിന്നാണ് മംഗിലാൽ ചോദ്യപേപ്പർ കൈപ്പറ്റിയതെന്നും ഇതിനായി 10 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാട് നടന്നതായും കുറ്റപത്രത്തിൽ പരാമർശിക്കുന്നു. രാജസ്ഥാനിലെ സികാറിൽ കോച്ചിങ്ങിന് പോയ സമയത്താണ് വികാസ് ബിവാളും യഷ് യാദവും പരിചയപ്പെട്ടത്. തുടർന്ന് മറ്റ് പ്രതികളെ ഉൾപ്പെടുത്തി സംഘടിത ശൃംഖല രൂപീകരിച്ചെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.
ശുഭം ഖൈർനാർ മുഖേന യഷ് യാദവ്, വികാസ് ബിവാൾ, ദിനേശ് ബിവാൾ എന്നിവർക്ക് ചോദ്യപേപ്പർ കൈമാറിയെന്നും പിന്നീട് മംഗിലാൽ ബിവാൾ മറ്റ് പരീക്ഷാർഥികൾക്ക് 12 ലക്ഷം രൂപ വീതം വാങ്ങി ചോദ്യപേപ്പർ വിറ്റതായും സിബിഐയുടെ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.











