
ന്യൂഡൽഹി: നീറ്റ് ചോദ്യച്ചോർച്ച വിവാദം പാർലമെന്റിന് മുന്നിൽ കടുത്ത രാഷ്ട്രീയ ഏറ്റുമുട്ടലിലേക്ക്. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയപ്പോൾ, നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷവും സമരത്തിനിറങ്ങി. ഇതോടെ പാർലമെന്റ് കവാടത്തിന് മുന്നിൽ ഇരുകൂട്ടരും നേർക്കുനേർ നിന്ന് മുദ്രാവാക്യം മുഴക്കുകയും സംഘർഷാവസ്ഥ രൂപപ്പെടുകയും ചെയ്തു.
പ്രതിപക്ഷ പ്രതിഷേധത്തിന് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരടക്കമുള്ള പ്രമുഖ നേതാക്കൾ നേതൃത്വം നൽകി. പരസ്പരം മുദ്രാവാക്യം വിളിച്ച ഇരുവിഭാഗം എംപിമാരും തമ്മിൽ വാക്കേറ്റം രൂക്ഷമായതോടെ കയ്യാങ്കളിയിലേക്കുള്ള സാഹചര്യം വരെ ഉണ്ടായി. വെല്ലുവിളികളുമായി എംപിമാർ പരസ്പരം മുന്നേറിയതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് ഇരുവിഭാഗത്തെയും വേർതിരിച്ചു.
സ്ഥലത്ത് കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചിരിക്കുകയാണ്. നിലവിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമിടയിൽ സുരക്ഷാ ഉദ്യോഗസ്ഥർ മതിൽ തീർത്ത് സ്ഥിതിഗതികൾ നിയന്ത്രിച്ചുവരികയാണ്.










