04:05pm 12 May 2026
NEWS
ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കി
12/05/2026  01:04 PM IST
NILA
 ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കി

ന്യൂ‍ഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്–യുജി പരീക്ഷ റദ്ദാക്കി. ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്നാണ് നടപടി. ഈ മാസം മൂന്നിന് നടന്ന പരീക്ഷയാണ് റദ്ദാക്കിയതെന്ന് ദേശീയ പരീക്ഷാ ഏജൻസി അറിയിച്ചു. പുതുക്കിയ പരീക്ഷ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും, ചോദ്യച്ചോർച്ച ആരോപണങ്ങളിൽ സിബിഐ അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.

പരീക്ഷയ്ക്ക് മുമ്പ് സമൂഹമാധ്യമങ്ങളിലൂടെയും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയും പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ നിരവധി ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ആവർത്തിച്ചുവെന്ന ആരോപണമാണ് വിവാദത്തിന് കാരണം. 410 ചോദ്യങ്ങൾ അടങ്ങിയ മാതൃകാ പേപ്പറിൽ നിന്ന് 135 ചോദ്യങ്ങൾ വരെ കെമിസ്ട്രിയും ബയോളജിയും ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ യഥാർഥ പരീക്ഷയിൽ ഉണ്ടായിരുന്നുവെന്ന് രാജസ്ഥാൻ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ (എസ്ഒജി) എഡിജിപി വിശാൽ ബൻസാൽ വ്യക്തമാക്കി. ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയങ്ങളിൽ നിന്ന് 45 വീതം ചോദ്യങ്ങളായി ആകെ 180 ചോദ്യങ്ങളാണ് നീറ്റ്–യുജിയിൽ ഉണ്ടായിരുന്നത്. നാല് വ്യത്യസ്ത സെറ്റ് ചോദ്യക്കടലാസുകളാണ് പരീക്ഷയ്ക്കായി ഉപയോഗിച്ചത്.

ചോദ്യങ്ങൾ പരീക്ഷയ്ക്ക് മുൻപേ പ്രചരിച്ചുവെന്ന രഹസ്യവിവരത്തെ തുടർന്ന് രാജസ്ഥാൻ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. രാജസ്ഥാനിലെ സീക്കർ, ജയ്പുർ, കോട്ട എന്നിവിടങ്ങളിലെയും ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെയും 12 പേരെ ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്.

സീക്കറിലെ ഒരു എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ നിന്നാണ് മാതൃകാ ചോദ്യക്കടലാസ് വിദ്യാർഥികൾക്ക് ലഭിച്ചതെന്നും, അത് കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്കും കൈമാറിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിലെ എല്ലാ ആരോപണങ്ങളുടെയും സത്യാവസ്ഥ പരിശോധിച്ചുവരികയാണെന്ന് എൻടിഎ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img