
കൊച്ചി: നെടുമ്പാശേരിയിൽ വാഹനമിടിച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കേസിലെ പ്രതി സുഹൈൽ സജീവിനെയും സുഹൃത്തുക്കളായ നിനവ്, അമീർ, ജോയൽ എന്നിവരെയും കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പാർപ്പിച്ചതിനെച്ചൊല്ലിയുള്ള വിവാദം തുടരുന്നു. മരിച്ച ദേവികയുടെയും ഗോപികയുടെയും ബന്ധുക്കൾ പ്രതികളെ ജയിലിനു പകരം ബോസ്റ്റൽ സ്കൂളിൽ പ്രവേശിപ്പിച്ചതിനെതിരെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ എന്താണ് ബോസ്റ്റൽ സ്കൂൾ, ആരെയൊക്കെയാണ് ഇവിടെ പാർപ്പിക്കുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്.
എന്താണ് ബോസ്റ്റൽ സ്കൂൾ?
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കൗമാരക്കാരെ മറ്റ് കുറ്റവാളികളിൽനിന്ന് വേർതിരിച്ച് പാർപ്പിക്കാനും അവരുടെ സ്വഭാവത്തിൽ മാറ്റം വരുത്തി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനും ലക്ഷ്യമിട്ടുള്ള സംവിധാനമാണ് ബോസ്റ്റൽ സ്കൂൾ. ഇംഗ്ലണ്ടിലെ കെന്റിന് സമീപമുള്ള ബോസ്റ്റലിൽ ഇത്തരമൊരു തിരുത്തൽ കേന്ദ്രം ആരംഭിച്ചതോടെയാണ് ഈ പേര് പ്രചാരത്തിലായത്.
കേരളത്തിലെ ആദ്യ ബോസ്റ്റൽ സ്കൂൾ കണ്ണൂർ സെൻട്രൽ ജയിലിനോടു ചേർന്നാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് 1995ൽ സ്ഥാപനം കൊച്ചി കാക്കനാട്ടേക്ക് മാറ്റി. തിരുവനന്തപുരത്തും കണ്ണൂരിലും പുതിയ ബോസ്റ്റൽ സ്കൂളുകൾ ആരംഭിക്കുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്.
ആരെയാണ് ബോസ്റ്റൽ സ്കൂളിലേക്ക് അയയ്ക്കുന്നത്?
1961ലെ ബോസ്റ്റൽ സ്കൂൾ നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരം ശിക്ഷിക്കപ്പെട്ട കൗമാരക്കാരെയാണ് ബോസ്റ്റൽ സ്കൂളിൽ പ്രവേശിപ്പിക്കേണ്ടത്. എന്നാൽ കേരളത്തിലെ കാക്കനാട് ബോസ്റ്റൽ സ്കൂളിൽ ഏറെക്കാലമായി 18നും 21നും ഇടയിൽ പ്രായമുള്ള റിമാൻഡ് പ്രതികളെയാണ് കൂടുതലായും പാർപ്പിക്കുന്നത്.
ബോസ്റ്റൽ സ്കൂൾ ജയിൽ വകുപ്പിനു കീഴിലുള്ള സ്ഥാപനമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. കോടതികളുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റിമാൻഡ് പ്രതികളെ ഇവിടെ പ്രവേശിപ്പിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് ഹോമുകൾ സാമൂഹികനീതി വകുപ്പിനു കീഴിലാണ് പ്രവർത്തിക്കുന്നത്. ഇവ രണ്ടും വ്യത്യസ്ത സംവിധാനങ്ങളാണ്.
മറ്റ് കുറ്റവാളികൾക്കൊപ്പം ജയിലിൽ പാർപ്പിക്കുമ്പോൾ യുവാക്കൾ ശാരീരിക മർദനത്തിനും മറ്റ് പ്രതികൂല സാഹചര്യങ്ങൾക്കും ഇരയാകാനുള്ള സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കി അവരെ തിരുത്തുന്നതിനും സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സഹായിക്കുന്നതിനുമാണ് ബോസ്റ്റൽ സ്കൂളിൽ പാർപ്പിക്കുന്നതെന്നാണ് ജയിൽ വകുപ്പ് അധികൃതരുടെ വിശദീകരണം.
കാക്കനാട് ബോസ്റ്റൽ സ്കൂളിൽ നിയമപരമായി പരമാവധി 66 പേരെ പാർപ്പിക്കാനാണ് അനുമതിയുള്ളത്. എന്നാൽ നിലവിൽ 119 പേരാണ് ഇവിടെയുള്ളത്. ഇതിൽ 108 പേർ റിമാൻഡ് പ്രതികളാണ്. രണ്ട് പേർ ശിക്ഷിക്കപ്പെട്ട കുറ്റവാളികളും ഒൻപത് പേർ വിചാരണത്തടവുകാരുമാണ്.
16 സെല്ലുകളുള്ള സ്ഥാപനത്തിൽ അന്തേവാസികളെ നിരീക്ഷിക്കാനുള്ള സംവിധാനവുമുണ്ട്. അധ്യാപകരുടെയും സന്നദ്ധ സംഘടനാ പ്രവർത്തകരുടെയും സേവനവും ഇവിടെ ലഭ്യമാണ്. മറ്റ് ജയിലുകളെ അപേക്ഷിച്ച് അന്തേവാസികൾ തമ്മിൽ വലിയ സംഘർഷങ്ങൾ പതിവില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. എന്നാൽ ലഹരിക്കേസുകളിൽ ഉൾപ്പെട്ട് എത്തുന്ന ചില യുവാക്കൾ പ്രശ്നങ്ങളുണ്ടാക്കാറുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
വനിതാ പ്രതികൾ ആരും നിലവിൽ ഇവിടെയില്ല.
കോഴിക്കോട്, പാലക്കാട്, തൃശൂർ, കോട്ടയം, ഇടുക്കി തുടങ്ങിയ വിവിധ ജില്ലകളിൽ നിന്നുള്ള യുവാക്കളും കാക്കനാട് ബോസ്റ്റൽ സ്കൂളിലുണ്ട്. എന്നാൽ അകലെയുള്ള ജില്ലകളിൽ നിന്നുള്ള 18നും 21നും ഇടയിൽ പ്രായമുള്ള എല്ലാ പ്രതികളെയും ഇവിടെ എത്തിക്കാറില്ലെന്നാണ് നിയമവകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ദൂരപരിധി ഉൾപ്പെടെയുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം ചിലരെ അതത് ജില്ലകളിലെ സബ് ജയിലുകളിലാണ് പാർപ്പിക്കുന്നത്.
മറ്റ് കുറ്റവാളികളുമായി സമ്പർക്കമുണ്ടാകാത്ത വിധത്തിൽ യുവപ്രതികളെ പാർപ്പിക്കണമെന്നാണ് ചട്ടമെന്നും നിയമവൃത്തങ്ങൾ പറയുന്നു.
നെടുമ്പാശേരി വാഹനാപകടക്കേസിലെ പ്രതികളെ ബോസ്റ്റൽ സ്കൂളിൽ പാർപ്പിച്ചതിനെച്ചൊല്ലിയുള്ള വിവാദത്തിനിടെ, യുവപ്രതികളെ പാർപ്പിക്കുന്നതിനുള്ള ഈ സംവിധാനത്തിന്റെ ലക്ഷ്യവും പ്രവർത്തനരീതിയും വീണ്ടും ചർച്ചയാകുകയാണ്.










