
കൊച്ചി: നെടുമ്പാശേരി അത്താണിയിൽ അമിതവേഗത്തിലെത്തിയ ആഡംബര കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന രണ്ട് യുവതികളും ഒരു യുവാവുമാണ് മരിച്ചത്. ഇജാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്. അപകടത്തിനു പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച കാർ ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഡ്രൈവർ സുഹൈൽ സജീവ് ലഹരി ഉപയോഗിച്ചിരുന്നോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.
ഇന്നു പുലർച്ചെ അത്താണി സിഗ്നലിന് സമീപമായിരുന്നു അപകടം. വിമാനത്താവളത്തിന്റെ ഭാഗത്തുനിന്ന് എത്തിയ കാർ അമിതവേഗത്തിൽ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിലുണ്ടായിരുന്ന മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഏകദേശം 100 മീറ്ററോളം സ്കൂട്ടറിനെ കാർ റോഡിലൂടെ വലിച്ചിഴച്ചതായാണ് വിവരം.
മരിച്ച ഗോപിക പാലക്കാട് സ്വദേശിനിയും ദേവിക വയനാട് സ്വദേശിനിയുമാണ്. ഇജാസ് കർണാടക സ്വദേശിയാണ്. ഇവർ തൃക്കാക്കരയിലെ ഒരു ഷോപ്പിലെ ജീവനക്കാരാണെന്നാണ് പ്രാഥമിക വിവരം.
അപകടത്തിനു പിന്നാലെ കാറിൽനിന്നിറങ്ങിയ ഡ്രൈവർ നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായും വിവരമുണ്ട്. സംഭവസമയത്ത് കാറിൽ രണ്ടുപേരുണ്ടായിരുന്നുവെന്നാണ് നാട്ടുകാരുടെ മൊഴി. ഡ്രൈവറെ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിന്റെ സാഹചര്യങ്ങളും ഡ്രൈവറുടെ ലഹരി ഉപയോഗം സംബന്ധിച്ച സംശയവും പൊലീസ് പരിശോധിച്ചുവരികയാണ്.
അപകടം നടന്നയുടൻ സ്ഥലത്തെത്തിയ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയും ആംബുലൻസ് വിളിക്കുകയും ചെയ്തു. അപകടത്തിന്റെ ആഘാതം വ്യക്തമാക്കുന്നതാണ് സ്കൂട്ടർ കാറിനടിയിൽപ്പെട്ട് ദൂരത്തോളം വലിച്ചിഴയ്ക്കപ്പെട്ട സംഭവം.
അപകടത്തിനു പിന്നാലെ ഡ്രൈവർ നാട്ടുകാരുമായി തർക്കിച്ചതായി ദൃക്സാക്ഷികളിലൊരാൾ മാധ്യമങ്ങളോട് പറഞ്ഞു. എന്തുവന്നാലും വീട്ടുകാർ നോക്കുമെന്നായിരുന്നു ഡ്രൈവറായ യുവാവിന്റെ വെല്ലുവിളിയെന്ന് നാട്ടുകാർ പറയുന്നു. സുഹൃത്തുക്കൾക്കൊപ്പം നിൽക്കുമ്പോഴാണ് വലിയ ശബ്ദം കേട്ടതെന്നും ഓടിയെത്തിയപ്പോൾ മൂന്നുപേർ റോഡിൽ കിടക്കുന്നതാണ് കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസിനെ അറിയിച്ചശേഷം ആംബുലൻസ് വിളിക്കുകയായിരുന്നു. പിന്നീട് സ്ഥലത്തെത്തിയ പൊലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായും അദ്ദേഹം പറഞ്ഞു.










