
തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരൻ അർഷിദിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഷ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആദ്യഭാര്യ ആമിനയുടെ കുടുംബം. അഷ്കറിന്റെ ക്രൂരമർദനത്തെ തുടർന്ന് ആമിനയ്ക്ക് ബോധം നഷ്ടപ്പെട്ടിരുന്നുവെന്ന് അമ്മ ഷജില ബീവി വെളിപ്പെടുത്തി.
ഭിത്തിയിൽ തല ഇടിപ്പിക്കുകയും ശുചിമുറിയിൽ പൂട്ടിയിട്ട് മർദിക്കുകയും ചെയ്തതായി ഷജില ബീവി ആരോപിച്ചു. ഫാനിൽ കെട്ടിത്തൂക്കാൻ വരെ ശ്രമിച്ചെന്നും അഷ്കറിന്റെ അമ്മയും സഹോദരിയും മർദനത്തിന് പിന്തുണ നൽകിയിരുന്നുവെന്നും അവർ പറഞ്ഞു. മകളുടെ നിലവിളി കേട്ട നാട്ടുകാരാണ് വിവരം അറിയിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
മർദനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ആമിന ഒരു വർഷം ബോധമില്ലാതെ കിടപ്പിലായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ആമിനയ്ക്ക് പത്ത് മാസം മുൻപാണ് ഓർമശക്തി ഭാഗികമായി തിരിച്ചുകിട്ടിയത്. എന്നാൽ ഇപ്പോഴും പല കാര്യങ്ങളും ഓർമയില്ലാത്തതിനാൽ വിവാഹബന്ധം നിയമപരമായി വേർപെടുത്താനുള്ള നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നും കുടുംബം പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അഷ്കറിനെതിരെ നെടുമങ്ങാട് പൊലീസിൽ ആറുതവണ പരാതി നൽകിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ലെന്ന് ഷജില ബീവി ആരോപിച്ചു. അഷ്കറിന് ചില പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.
അതേസമയം, സ്വന്തം ഇളയമകന്റെ മരണത്തിലും അഷ്കറിന് പങ്കുണ്ടാകാമെന്ന സംശയവും ഷജില ബീവി ഉയർത്തി. പലതവണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും തുടർന്ന് 16 വയസ്സുകാരനായ മകനെ ദുരൂഹ സാഹചര്യത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നുമാണ് അവരുടെ ആരോപണം.










