06:36am 13 November 2026
NEWS
കഴിഞ്ഞ 5 ദിവസത്തിനിടെ കൊച്ചി മെട്രോയിൽ യാത്ര ചെയ്തത് 6 ലക്ഷത്തോളം പേർ
21/08/2026  06:19 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കഴിഞ്ഞ 5 ദിവസത്തിനിടെ കൊച്ചി മെട്രോയിൽ യാത്ര ചെയ്തത് 6 ലക്ഷത്തോളം പേർ

കഴിഞ്ഞ 5 ദിവസത്തിനിടെ, ഓഗസ്റ്റ് 16 ഞായർ മുതൽ 20 വ്യാഴം വരെ കൊച്ചി മെട്രോ ട്രെയിനിൽ  യാത്ര ചെയ്തത് 6 ലക്ഷത്തോളം പേർ. 6,05,772 പേരാണ് 5 ദിവസത്തിടെ മെട്രോ ഉപയോഗപ്പെടുത്തിയത്.

16 ന്  1,05,829 പേരും 17 ന്  1,26,043 പേരും  18 ന്  1,24,018 പേരും  19 ന്  1,21,931 യാത്രക്കാരും  20 ന്  1,27,951 പേരുമാണ് മെട്രോയിൽ യാത്ര ചെയ്തത്. 

ഓണത്തിനോടനുബന്ധിച്ച് ഷോപ്പിംഗിനും മറ്റുമായി നഗരത്തിലെത്തുന്നവർ ഏറ്റവും കൂടുതലായി ആശ്രയിക്കുന്നത് മെട്രോ ട്രെയിനിനെയാണ്. റോഡിലെ ഗതാഗതക്കുരുക്കിൽ അകപ്പെടാതെ ഏറ്റവും വേഗത്തിലും കൃത്യവും സുരക്ഷിതവുമായി ലക്ഷ്യസ്ഥാനത്ത് എത്തുവാൻ  സഹായിക്കുന്നതാണ് കൂടുതൽ പേരെ മെട്രോയിലേക്ക് ആകർഷിക്കുന്നത്.

ആലുവ, ഇടപ്പള്ളി, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളെയാണ് യാത്രക്കാർ കൂടുതൽ ആശ്രയിച്ചത്. 

ഓഗസ്റ്റ് 1 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത്  14 നാണ്.  1,35,124 പേരാണ് സ്വാതന്ത്ര ദിനത്തലേന്ന് മെട്രോയിലൂടെ സുരക്ഷിത യാത്ര നടത്തിയത്. മെട്രോയുടെ ചരിത്രത്തിൽ കഴിഞ്ഞ പുതുവർഷത്തലേന്ന് പുലർച്ചെ 2 വരെ 1,39,766 പേർ യാത്ര ചെയ്തതാണ്  ഇതുവരെ ഒരു ദിവസം ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തതിന്റെ റെക്കോർഡ്.

ഓണത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതൽ സർവീസുകൾ ശനിയാഴ്ച മുതൽ 25 വരെ ഏർപ്പെടുത്തിയിട്ടുണ്ട്.

ഓണം: തൃക്കാക്കര ക്ഷേത്രത്തിലേക്ക്  മെട്രോ ഫീഡർ സർവീസ് ഞായറാഴ്ച്ച മുതൽഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 23 ഞായർ മുതൽ തിരുവോണ ദിനമായ 26 വരെ കുസാറ്റ് മെട്രോ സ്റ്റേഷനിൽ നിന്നും തൃക്കാക്കര ക്ഷേത്രത്തിലേക്ക് കൊച്ചി മെട്രോ ഇലക്‌ട്രിക് ഫീഡർ ബസ് സർവീസ്  ഉണ്ടായിരിക്കും. രാവിലെ 6.30  മുതൽ രാത്രി 8 വരെ 30 മിനുട്ട് ഇടവേളയിലായിരിക്കും സർവീസ് നടത്തുക. 

ശനിയാഴ്ച്ച മുതൽ കൊച്ചി മെട്രോ അധിക സർവിസ് 

ഓണത്തോടനുബന്ധിച്ച്  കൊച്ചി മെട്രോ റെയിൽ അധിക ട്രെയിൻ സർവീസുകൾ ശനിയാഴ്ച്ച(ഓഗസ്റ്റ് 22) മുതൽ ആരംഭിക്കും.

2026 ഓഗസ്റ്റ് 22, 24, 25 തീയതികളിൽ ഉച്ചകഴിഞ്ഞ് 3 മുതൽ തിരക്കുള്ള സമയങ്ങളിൽ  6.45  മിനിട്ട് ഇടവേളയിൽ 4 അധിക സർവീസുകൾ നടത്തും.

 2026 ഓഗസ്റ്റ് 23 ഞായറാഴ്ച്ച  2 ട്രെയിനുകൾ കൂടുലായി സർവീസ് നടത്തും. ഉച്ചകഴിഞ്ഞ് 2.30 മുതൽ 7. 13  മിനിട്ട് ഇടവേളയിൽ 8 അധിക ട്രിപുകളാകും ഞായറാഴ്ച്ച ഉണ്ടാകുക. 

ഈ ദിവസങ്ങളിൽ  ആവശ്യമെങ്കിൽ ഉപയോഗിക്കാൻ ഒരു ട്രെയിൻ കൂടി സജ്ജമായിരിക്കുമെന്നും കെ.എം.ആർ.എൽ  അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img