
ദോഹ: നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്റർ (നിയാർക്) ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ‘നഴ്ചർ ആൻഡ് ഹീൽ’ എന്ന പേരിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രത്യേകമായി രൂപകൽപ്പന ചെയ്ത മെഡിക്കൽ ക്യാമ്പ് 2026 ജനുവരി 23ന് വെള്ളിയാഴ്ച റിയാദ മെഡിക്കൽ സെന്ററിൽ നടക്കും. രാവിലെ 7 മണി മുതൽ 11 മണി വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഐസിബിഎഫിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് നിയാർക്. റിയാദ മെഡിക്കൽ സെന്റർ, റേഡിയോ മലയാളം 98.6 എഫ്.എം, യൂണിക് (യുണൈറ്റഡ് നേഴ്സസ് ഓഫ് ഇന്ത്യ – ഖത്തർ), ബെർലിൻ ഫാസ്നേഴ്സ്, എം.ആർ.എ. എന്നിവയുടെ സംയുക്ത സഹകരണത്തോടെ നിയാർക് ഖത്തർ ചാപ്റ്ററാണ് ഈ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ റേഡിയോ മലയാളം 98.6 എഫ്.എം സി.ഇ.ഒ അൻവർ ഹുസൈനും ഐസിബിഎഫ് മെഡിക്കൽ ക്യാമ്പ് ഹെഡ് മിനി സിബിയും ചേർന്ന് പ്രകാശനം ചെയ്തു.
പോസ്റ്റർ പ്രകാശന ചടങ്ങിൽ നിയാർക് ഖത്തർ ചാപ്റ്റർ ചെയർമാൻ ഷാനഹാസ് എടോടി, റിയാദ മെഡിക്കൽ സെന്റർ മാർക്കറ്റിംഗ് മാനേജർ അൽത്താഫ്, ജനറൽ സെക്രട്ടറി ജാഫർ മുനാഫർ, ഇവന്റ് മാനേജ്മെന്റ് കൺവീനർ മുസ്തഫ ഈണം, ജോയിന്റ് സെക്രട്ടറി റാസിക് കെ.വി, റേഡിയോ മലയാളം 98.6 എഫ്.എം ഡെപ്യൂട്ടി മാനേജർ നൗഫൽ അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു.
ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ കുടുംബങ്ങളും മാത്രമായി പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന ഈ മെഡിക്കൽ ക്യാമ്പ് ആരോഗ്യപരിപാലനത്തിനൊപ്പം മാനസിക പിന്തുണയും അവബോധവും നൽകുകയാണ് ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.











