06:11pm 12 November 2026
NEWS
കേരളത്തിൽ ഭരണവിരുദ്ധ വികാരമെന്ന് എൻഡിടിവി സർവെ; 'മുഖ്യമന്ത്രിയാകാൻ യോ​ഗ്യൻ' വി ഡി സതീശൻ
21/01/2026  11:11 AM IST
nila
കേരളത്തിൽ ഭരണവിരുദ്ധ വികാരമെന്ന് എൻഡിടിവി സർവെ; മുഖ്യമന്ത്രിയാകാൻ യോ​ഗ്യൻ വി ഡി സതീശൻ

നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കേരളം കടക്കുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ യുഡിഎഫിന് അനുകൂലമായ അന്തരീക്ഷമാണ് രൂപപ്പെടുന്നതെന്ന് എൻഡിടിവി പുറത്തുവിട്ട പുതിയ സർവേ സൂചിപ്പിക്കുന്നു. ‘വോട്ട് വൈബ് ഇന്ത്യ’ കേരള ട്രാക്കർ സർവേ പ്രകാരം സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകും. പിണറായി വിജയൻ സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ശക്തമാണെന്നും റിപ്പോർട്ട് പറയുന്നു.

സർവേയിൽ പങ്കെടുത്തവരിൽ 52 ശതമാനത്തോളം പേർ സർക്കാരിന്റെ പ്രവർത്തനം മോശമോ വളരെ മോശമോ ആണെന്ന് വിലയിരുത്തി. അതേസമയം, സർക്കാരിന്റെ പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടത് വെറും 23.8 ശതമാനം പേർ മാത്രമാണ്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരാണ് ഏറ്റവും അനുയോജ്യം എന്ന ചോദ്യത്തിൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയാണ് ഏറ്റവും കൂടുതൽ പേർ പിന്തുണച്ചത്. 22.4 ശതമാനം പേർ അദ്ദേഹത്തെ പിന്തുണച്ചപ്പോൾ, നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന് 18 ശതമാനം പേരുടെ പിന്തുണ ലഭിച്ചു. സിപിഎം നേതാവ് കെ.കെ. ശൈലജയ്ക്ക് 16.9 ശതമാനവും, ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന് 14.7 ശതമാനവും പിന്തുണയുണ്ടെന്ന് സർവേ വ്യക്തമാക്കുന്നു. കോൺഗ്രസ് നേതാവ് ശശി തരൂരിന് 9.8 ശതമാനം പേരുടെ പിന്തുണയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വോട്ടുവിഹിതത്തിന്റെ കാര്യത്തിലും യുഡിഎഫിനാണ് മുൻതൂക്കം. സർവേ കണക്കുകൾ പ്രകാരം, യുഡിഎഫിന് 32.7 ശതമാനവും എൽഡിഎഫിന് 29.3 ശതമാനവും എൻഡിഎയ്ക്ക് 19.8 ശതമാനവും വോട്ടുകൾ ലഭിക്കുമെന്നാണ് പ്രവചനം. എന്നാൽ, കോൺഗ്രസിനുള്ളിലെ ഗ്രൂപ്പിസം 42 ശതമാനം വോട്ടർമാർക്ക് ആശങ്കയായി തുടരുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സംസ്ഥാനത്ത് 15 ശതമാനം വോട്ടർമാർ ഇതുവരെ ആരെ പിന്തുണയ്ക്കണമെന്ന് തീരുമാനിച്ചിട്ടില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ സ്വഭാവം അനുസരിച്ച് ഇവരുടെ നിലപാട് ഫലത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

നേതൃത്വത്തെക്കുറിച്ചുള്ള ജനപിന്തുണ പരിശോധിക്കുമ്പോൾ, യുഡിഎഫ് നേതാക്കളായ വി.ഡി. സതീശൻ, ശശി തരൂർ, കെ.സി. വേണുഗോപാൽ എന്നിവർക്ക് എൽഡിഎഫ് നേതാക്കളേക്കാൾ കൂടുതൽ സ്വീകാര്യതയുണ്ടെന്നും സർവേ വ്യക്തമാക്കുന്നു.

പശ്ചിമ ബംഗാൾ, തമിഴ്നാട്, അസം എന്നീ സംസ്ഥാനങ്ങളോടൊപ്പം 2026ൽ നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിലും നിർണായകമാകുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. പത്ത് വർഷത്തെ പിണറായി ഭരണത്തിന് ശേഷം മൂന്നാം തവണ അധികാരത്തിലെത്താനുള്ള എൽഡിഎഫിന്റെ ശ്രമങ്ങളെ ശക്തമായി നേരിടാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img