06:03pm 23 August 2026
NEWS
2029ൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് പ്ലാൻ ബിയുമായി ബിജെപി
23/08/2026  04:44 PM IST
nila
2029ൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് പ്ലാൻ ബിയുമായി ബിജെപി

ന്യൂഡൽഹി: 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതകൾ മുന്നണിയിൽ സജീവമായി ചർച്ച ചെയ്യുന്നതായി റിപ്പോർട്ട്. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ നടപ്പാക്കുന്നതിനുള്ള നിയമനിർമാണത്തിന് കാലതാമസം ഉണ്ടായേക്കുമെന്ന സൂചനകൾക്കിടെയാണ് പുതിയ നീക്കം.

കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ 22 ഇടങ്ങളിലാണ് നിലവിൽ എൻഡിഎ അധികാരത്തിലുള്ളത്. ഇതിൽ ചില സംസ്ഥാനങ്ങളിൽ 2029ന് മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഈ തിരഞ്ഞെടുപ്പുകളിൽ വീണ്ടും അധികാരത്തിലെത്തിയാൽ നിയമസഭ പിരിച്ചുവിട്ട് 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്താനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്.

2029ന് ശേഷമാണ് ചില സംസ്ഥാനങ്ങളിലെ നിയമസഭകളുടെ കാലാവധി അവസാനിക്കുന്നത്. ഇവിടെയും നിയമസഭ നേരത്തെ പിരിച്ചുവിട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് എൻഡിഎയിൽ ആലോചന നടക്കുന്നതായാണ് വിവരം.

ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മേഘാലയ, നാഗാലാൻഡ്, രാജസ്ഥാൻ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ 2028ലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പും ഇതിന്റെ ഭാഗമായാണ് ചർച്ച ചെയ്യുന്നത്. ഈ സംസ്ഥാനങ്ങളിൽ അധികാരം നിലനിർത്തുകയോ തിരിച്ചുപിടിക്കുകയോ ചെയ്താൽ നിയമസഭ പിരിച്ചുവിട്ട് 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതയാണ് എൻഡിഎ പരിശോധിക്കുന്നത്.

അതേസമയം, ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ സംബന്ധിച്ച നിർദേശങ്ങൾ സംയുക്ത പാർലമെന്ററി സമിതിയും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലുള്ള സമിതിയും പരിശോധിച്ചുവരികയാണ്. നിയമനിർമാണ നടപടികൾ വൈകാൻ സാധ്യതയുള്ള സാഹചര്യത്തിൽ, 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം പരമാവധി സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും നടത്താനുള്ള ബദൽ നീക്കമായാണ് എൻഡിഎയിലെ പുതിയ ചർച്ചയെ വിലയിരുത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img