02:12am 25 October 2026
NEWS
ബീഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരും


16/11/2025  04:11 PM IST
nila
ബീഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരും

പാട്ന: ബീഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരുമെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിൽ ബിജെപി - ജെഡിയു നേതൃത്വങ്ങൾ ധാരണയിലെത്തിയെന്നാണ് റിപ്പോർട്ട്. അതേസമയം, മന്ത്രിസഭയിൽ കൂടുതൽ അം​ഗങ്ങൾ ബിജെപിക്കാകും.  ‘ഓരോ ആറ് എംഎൽഎമാർക്കും ഒരു മന്ത്രി’ എന്ന ഫോർമുലയുടെ അടിസ്ഥാനത്തിലാകും മന്ത്രിമാരെ തീരുമാനിക്കുക. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് മന്ത്രിസഭാ രൂപീകരണ ചർച്ചയിൽ അന്തിമ ധാരണയായത്.

89 സീറ്റുകൾ നേടിയ ബിജെപിയാണ് എൻഡിഎയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. 85 സീറ്റുകളുമായി ജെഡിയുവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എൽജെപിക്ക് 19 സീറ്റും എച്ച്എഎമ്മിന് 5 സീറ്റുകളുമാണ് ലഭിച്ചത്. ഈ പാർട്ടികൾക്കും മന്ത്രിസഭയിൽ സ്ഥാനം ലഭിച്ചേക്കും.

ബിജെപിക്ക് 15 മന്ത്രിസ്ഥാനങ്ങളും ജെഡിയുവിന് 14 മന്ത്രിസ്ഥാനങ്ങളും ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ നേതൃത്വം നൽകുന്ന ലോക് ജനശക്തി പാർട്ടിക്ക് (റാം വിലാസ്) മൂന്ന് മന്ത്രിസ്ഥാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്കും രാജ്യസഭാ എംപി ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമത പാർട്ടിക്കും (ആർഎൽഎസ്പി) ഓരോ മന്ത്രിസ്ഥാനവും ലഭിക്കും.

നിതീഷ് കുമാർ നാളെ മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. പതിനേഴാമത് നിയമസഭ പിരിച്ചുവിടാൻ യോഗം പ്രമേയം പാസാക്കും. തുടർന്ന് നിതീഷ് കുമാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജി സമർപ്പിക്കും. തുടർന്ന് സർക്കാർ രൂപീകരണ നടപടികൾ ആരംഭിക്കും. പട്‌നയിലെ ഗാന്ധി മൈതാനിയിൽ ആയിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകൾ. പ്രധാനമന്ത്രിയടക്കമുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. കേന്ദ്രമന്ത്രിമാർ, എൻ‌ഡി‌എ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ, മുതിർന്ന നേതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img