07:30am 18 April 2026
NEWS
കാർ തടഞ്ഞത് അശ്ലീല ആം​ഗ്യം കാണിച്ചതിനെന്ന് ശോഭ സുരേന്ദ്രൻ; വോട്ടിന് നോട്ട് ആരോപണം രാഷ്ട്രീയ പ്രേരിതമെന്നും പ്രതികരണം
08/04/2026  04:01 PM IST
nila
കാർ തടഞ്ഞത് അശ്ലീല ആം​ഗ്യം കാണിച്ചതിനെന്ന് ശോഭ സുരേന്ദ്രൻ; വോട്ടിന് നോട്ട് ആരോപണം രാഷ്ട്രീയ പ്രേരിതമെന്നും പ്രതികരണം

പാലക്കാട്: വോട്ടർമാർക്ക് പണം വിതരണം ചെയ്തെന്ന ആരോപണം നിഷേധിച്ച് എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് അവർ കുറ്റപ്പെടുത്തി. തനിക്കെതിരെ സൃഷ്ടിച്ച “തിരക്കഥ”യാണ് പുറത്തുവന്ന വീഡിയോയെന്നും ശോഭ സുരേന്ദ്രൻ പറയുന്നു. കണ്ണാടി പഞ്ചായത്തിൽ പോയത് ഒരു കാൻസർ രോഗിയെ സന്ദർശിക്കാനാണെന്നും അവർ പറഞ്ഞു.

“വോട്ട് ചോദിക്കുന്നത് വികസനവും രാഷ്ട്രീയവും പറഞ്ഞ് മാത്രമായിരിക്കും. സത്യം തെളിയിച്ച ശേഷമേ ഈ വിഷയത്തിൽ നിന്ന് പിന്മാറൂ,” എന്ന് ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. തൻ്റെ വാഹനത്തെ കോൺഗ്രസ് പ്രവർത്തകർ പിന്തുടർന്നതായും, അതിനെക്കുറിച്ച് ചോദ്യം ചെയ്തപ്പോഴാണ് തർക്കമുണ്ടായതെന്നും അവർ ആരോപിച്ചു. വാഹനമോടിച്ചിരുന്ന വിനേഷ് എന്നയാളും ഒപ്പമുണ്ടായിരുന്ന മറ്റൊരാളും അസഭ്യമായ ആംഗ്യങ്ങൾ കാട്ടിയതായും, അതിനാലാണ് കാർ തടഞ്ഞ് പ്രതികരിച്ചതെന്നും അവർ പറഞ്ഞു.

ദൃശ്യങ്ങളിൽ കാണുന്ന വെള്ള ചുരിദാർ ധരിച്ച സ്ത്രീ തൻ്റെ കാറിൽ കയറിയിട്ടില്ലെന്നും, വയോധികയ്ക്ക് പണം നൽകിയിട്ടില്ലെന്നും ശോഭ സുരേന്ദ്രൻ ആവർത്തിച്ചു. ബിജെപി വിജയിക്കുമെന്ന ഭയത്തിൽ മുൻകൂട്ടി തയ്യാറാക്കിയ നീക്കങ്ങളാണ് ഇത്തരം ആരോപണങ്ങളെന്ന് അവർ ആരോപിച്ചു. സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്നും അറിയിച്ചു.

ഇതിനിടെ, “വോട്ടിന് നോട്ട്” ആരോപണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ഫ്ലയിംഗ് സ്ക്വാഡും സ്പെഷ്യൽ ബ്രാഞ്ചും പ്രാഥമിക പരിശോധന നടത്തി. പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ, വയോധികയ്ക്കു പണം നൽകിയിട്ടില്ലെന്നു അവർയും കുടുംബവും വ്യക്തമാക്കി. ദൃശ്യങ്ങളിൽ കാണുന്ന പണം അവരുടെ കൈവശം ഉണ്ടായിരുന്നതാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img