09:15am 06 November 2026
NEWS
ചാക്കോ ഇടത് 'ചാക്കി'ന് പുറത്ത് !
പിന്നാലെ തോമസും പോകുമോ ?

13/02/2025  10:53 AM IST
News Desk
ചാക്കോ മാഷ് ...
HIGHLIGHTS

കോൺഗ്രസ് ഹൈക്കമാന്റുമായി തെറ്റിപ്പിരിഞ്ഞ് എൻ.സി.പി. ബാന്ധവത്തിലൂടെ ഇടതുപാളയത്തിൽ എത്തിയ ചാക്കോയ്ക്ക് സംസ്ഥാനഅദ്ധ്യക്ഷസ്ഥാനം നഷ്ടക്കച്ചവടമായിരുന്നു 

തിരുവനന്തപുരം : പി.സി. ചാക്കോ എങ്ങും പോകില്ല. അദ്ദേഹം എൽ.ഡി.എഫിൽ തന്നെ ഉണ്ടാകും. എൻ.സി.പി. നേതാവും കുട്ടനാട് എം.എൽ.എയുമായ തോമസ് കെ. തോമസ് പറഞ്ഞു. ടിയാനിത് പറഞ്ഞ് നാക്ക് വായിലേക്കിട്ടില്ല. അതിന് പിന്നാലെ അടുത്ത ചോദ്യം റെഡി. അല്ല തോമസ് എം.എൽ.എ... താങ്കൾ എൽ.ഡി.എഫിൽ എത്രകാലം ഉണ്ടാകും?  സൈബര്‍ പാണൻമാരുടെ ചോദ്യത്തിന് മുന്നിൽ തോമസ് എം.എൽ.എക്ക് ഉത്തരം മുട്ടിയെന്ന് പറഞ്ഞാൽ മതിയല്ലോ. ശരിക്കും എൻ.സി.പിയിലെ പ്രശ്നം എന്താണ് എന്ന ചോദ്യം ഇവിടെ പ്രസക്തം. സംഗതി സിമ്പിൾ. എൻ.സി.പി. ദേശീയ നേതൃത്വത്തിനും പി.സി. ചാക്കോയ്ക്കും എ.കെ. ശശീന്ദ്രനെ മാറ്റി തോമസ് കെ. തോമസിനെ മന്ത്രി ആക്കണം. അതിനായി അവര്‍ നിരവധി ചര്‍ച്ചകൾ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തി. എന്നാൽ അദ്ദേഹം അമ്പിനും വില്ലിനും അടുക്കുന്നില്ല. ഇതാണ് ശരിക്കുള്ള പ്രശ്നം. 
          കോൺഗ്രസ് ഹൈക്കമാന്റുമായി തെറ്റിപ്പിരിഞ്ഞ് എൻ.സി.പി. ബാന്ധവത്തിലൂടെ ഇടതുപാളയത്തിൽ എത്തിയ ചാക്കോയ്ക്ക് സംസ്ഥാനഅദ്ധ്യക്ഷസ്ഥാനം നഷ്ടക്കച്ചവടമായിരുന്നു. പണ്ട് കോൺഗ്രസിലുണ്ടായിരുന്ന പദവിയും അന്തസ്സുമൊന്നും ഇടതുമുന്നണിയിൽ ലഭിക്കുന്നില്ല. പാര്‍ട്ടിക്കാകട്ടെ അണികൾ എന്നൊരുസംഗതി ഇല്ല. ആകെയുള്ളത് മൂന്നോനാലോ നേതാക്കൻമാരും പത്തമ്പത്തഞ്ച് ഗ്രൂപ്പുകളും. ഇവരെയെല്ലാം കൂടി മേച്ചുകൊണ്ട് നടക്കുന്നതിലും ഭേദം ഇടിയപ്പത്തിന്റെ കുരുക്ക് അഴിക്കാം എന്നാണ് ടിയാൻ പറയുന്നത്. ഇതിനെല്ലാം പുറമേയാണ് എൻ.സി.പി. അദ്ധ്യക്ഷന് നേര്‍ക്ക് കോഴ ആരോപണം വരെ നേതാക്കൻമാര്‍ ഉയര്‍ത്തിയത്. സ്ഥിതിഗതികൾ ഇങ്ങിനെതുടരുമ്പോൾ ചാക്കോ അങ്ങേയറ്റം അസംതൃപ്തനാണ്. ഈ സാഹചര്യത്തിലാണ് അദ്ദേഹം പാര്‍ട്ടി അദ്ധ്യക്ഷസ്ഥാനം രാജിവെച്ചത്. 
          തുടര്‍ന്ന്, ചാക്കോ പാര്‍ട്ടി വിട്ടുപോകുമെന്നും ഇല്ലെന്നും വാദങ്ങൾ മുറുകുമ്പോഴാണ് അദ്ദേഹത്തിന് ശക്തമായ പിന്തുണയുമായി തോമസ് രംഗത്തെത്തിയത്. അതോടെയാണ് എല്ലാത്തിനും കാരണക്കാരനായ തോമസ് ഇനിയെത്രനാൾ പാര്‍ട്ടിയിൽ കാണുമെന്ന ചോദ്യം ശക്തമാകുന്നത്. അതേസമയം, ചാക്കോയെ തിരികെ കോൺഗ്രസ് പാളയത്തിലേക്ക് കൊണ്ടുവന്ന് യു.ഡി.എഫിനെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളും അണിയറയിൽ നടക്കുന്നതായാണ് അറിയുന്നത്. എന്നാൽ ചാക്കോ ഇതുവരെ മനസ്സ് തുറന്നിട്ടില്ല. അധികം വൈകാതെ ചില പൊട്ടിത്തെറികൾ ഇടതുപാളയത്തിൽ ഉണ്ടാകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img