
മുംബൈ: മഹാരാഷ്ട്ര കൃഷിമന്ത്രിയും എൻസിപി (അജിത് വിഭാഗം) നേതാവുമായ മണിക്‌റാവു കൊക്കാട്ടെയ്ക്ക് രണ്ടു വർഷം തടവുശിക്ഷ. വ്യാജരേഖ ഉണ്ടാക്കി സർക്കാർ ക്വോട്ടയിൽ ഫ്ലാറ്റ് സ്വന്തമാക്കിയെന്ന മുൻ മന്ത്രി ടി.എസ്.ദിഘോളെയുടെ പരാതിയിലാണ് നാസിക് കോടതി ശിക്ഷ വിധിച്ചത്. തടവുശിക്ഷക്ക് പുറമേ 50,000 രൂപ പിഴയൊടുക്കണമെന്നും ശിക്ഷാവിധിയിൽ കോടതി വ്യക്തമാക്കി. മന്ത്രിയുടെ സഹോദരൻ സുനിൽ കൊക്കാട്ടെയെയും കോടതി ശിക്ഷിച്ചിട്ടുണ്ട്. മുപ്പത് വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.
1995ൽ വ്യാജരേഖ ഉണ്ടാക്കി സർക്കാർ ക്വോട്ടയിൽ ഇരുവരും ഫ്ലാറ്റ് സ്വന്തമാക്കുകയായിരുന്നു. സ്വന്തമായി ഫ്ലാറ്റുകൾ ഇല്ലെന്നും താഴ്ന്ന വരുമാനക്കാരുടെ വിഭാഗത്തിൽപ്പെട്ടവരാണെന്നും അവകാശപ്പെട്ട് മുഖ്യമന്ത്രിയുടെ ക്വോട്ടയിൽ കോക്കാട്ടെ സഹോദരങ്ങൾ യെവ്‌ലാക്കർ കോളജ് റോഡിൽ രണ്ട് ഫ്ലാറ്റുകൾ സ്വന്തമാക്കി. ഇതിൽ ക്രമക്കേട് ആരോപിച്ചാണ് ദിഘോളെ പരാതി നൽകിയത്.
അതേസമയം, ജാമ്യം ലഭിച്ചതായി ശിക്ഷാവിധിക്കു പിന്നാലെ മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.











