
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വീണ്ടും നിർണായക ചർച്ചകൾ. ശരദ് പവാർ നയിക്കുന്ന എൻസിപിയുടെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നു. കോൺഗ്രസുമായി ലയനസാധ്യതകൾ ഉയരുന്നതിനിടെ, ബിജെപി നേതൃത്വവും ശരദ് പവാറുമായി ആശയവിനിമയം നടത്തിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
പാർട്ടിയിലെ എട്ട് എംപിമാരിൽ അഞ്ച് പേർ എൻഡിഎ സഖ്യത്തിൽ ചേരുന്നതാണ് കൂടുതൽ പ്രായോഗികമെന്ന നിലപാടിലാണ്. പ്രതിപക്ഷത്തുള്ള കോൺഗ്രസുമായി ലയിക്കുന്നതിൽ ഇവരിൽ പലർക്കും താൽപര്യമില്ലെന്നാണ് വിവരം. അജിത് പവാർ മരിച്ചില്ലായിരുന്നു എങ്കിൽ എൻസിപിയുടെ ഇരുവിഭാഗങ്ങളും വീണ്ടും ഒന്നിക്കാനുള്ള സാധ്യത നിലനിന്നേനെയെന്ന വിലയിരുത്തലും നേതാക്കൾക്കിടയിൽ ഉയരുന്നുണ്ട്.
അതേസമയം, മഹാരാഷ്ട്രയിലെ മുതിർന്ന നേതാക്കളുമായി കൂടിയാലോചനകൾ പൂർത്തിയാക്കിയ ശേഷമേ ശരദ് പവാർ കോൺഗ്രസ് ഹൈക്കമാൻഡുമായി ഔദ്യോഗിക ചർച്ച നടത്തുകയുള്ളുവെന്നാണ് സൂചന. മകൾ സുപ്രിയ സുളെയ്ക്ക് നിർണായക ചുമതലയും പാർട്ടിയിലെ മറ്റ് നേതാക്കൾക്ക് അർഹമായ പ്രാതിനിധ്യവും ഉറപ്പാക്കണമെന്ന ആവശ്യമാണ് പവാർ മുന്നോട്ടുവച്ചിരിക്കുന്നതെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നത്. ഇതോടെ ചർച്ചകൾ ഉടൻ പൂർത്തിയാകാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
കോൺഗ്രസ് നേതാക്കളായ വിജയ് വഡേത്തിവാറും സതേജ് പാട്ടീലും കഴിഞ്ഞ ദിവസങ്ങളിൽ ലയനസാധ്യതയെക്കുറിച്ച് നടത്തിയ പരാമർശങ്ങളാണ് വിഷയത്തെ വീണ്ടും സജീവ ചർച്ചയിലേക്ക് കൊണ്ടുവന്നത്. അതേസമയം, കോൺഗ്രസുമായും ബിജെപിയുമായും ഒരേസമയം ആശയവിനിമയം തുടരുന്നുവെന്ന വാർത്തകൾ പുറത്തുവിടുന്നതിലൂടെ രാഷ്ട്രീയ വിലപേശൽ ശക്തിപ്പെടുത്തുകയാണ് ശരദ് പവാറിന്റെ തന്ത്രമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.










