
കൊച്ചി: നേവൽ കേഡറ്റുകളുടെ സാഹസിക ജലയാത്രയ്ക്ക് കൊല്ലം അഷ്ടമുടി കായലിൽ നിന്ന് തുടക്കമായി. കേരളത്തിൻ്റെയും ലക്ഷദ്വീപിൻ്റെയും വിവിധ ഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 29 പെൺകുട്ടികളും 36 ആൺകുട്ടികളും ഉൾപ്പെട്ട 65 നേവൽ കേഡറ്റുകളാണ് 10 ദിവസം നീളുന്ന സാഹസിക ജല യാത്രയിലെ പങ്കാളികൾ. .
മൂന്ന് പായ് വഞ്ചികളിലാണ് പര്യടനം. കൊല്ലം തേവള്ളിയിൽ നിന്ന് ആലപ്പുഴ പാതിരാമണൽ ദ്വീപിലെത്തി തിരികെ കൊല്ലം വരെ 210 കിലോമീറ്റർ സഞ്ചരിക്കും. അഷ്ടമുടി, പുന്നമട, വേമ്പനാട് കായലുകൾ വഴിയാണ് കടന്നു പോകുന്നത്. 27 അടി നീളമുള്ള ഡി.കെ വെയ്ലർ ഇനത്തിൽ പെട്ട പായ് വഞ്ചികളിലാണ് യാത്ര.
നീന്താനുള്ള പ്രാഗത്ഭ്യം, ശാരീരിക ക്ഷമത, പായ് വഞ്ചിനിയന്ത്രിക്കാനുള്ള ശേഷി എന്നിവ കണക്കിലെടുത്താണ് കേഡറ്റുകളെ തെരഞ്ഞെടുത്തത്. പര്യടനത്തിന് മുന്നോടിയായി പായ് വഞ്ചി തുഴച്ചിലിൽ പരിശീലനവും നൽകി. കൊല്ലത്തെ 3 (കെ) നേവൽ യൂണിറ്റ് എൻ.സി.സിയാണ് പര്യടനം സംഘടിപ്പിക്കുന്നത്.
ബുധനാഴ്ച നടന്ന ചടങ്ങിൽ കൊല്ലം എൻ.സി.സി.ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സ് ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ കെ. ലോകനാഥൻ പര്യടനം ഫ്ലാഗ് ഓഫ് ചെയ്തു. കമാൻഡിംഗ് ഓഫീസർ ക്യാപ്റ്റൻ ജെ.പരമേശ്വരനാണ് പര്യടനത്തിന് നേതൃത്വം നൽകുന്നത്.
Photo Courtesy - Google









