05:07am 27 July 2026
NEWS
എൻസിസി ക്യാമ്പുകളുടെ ഭക്ഷണച്ചെലവ് കേന്ദ്രസർക്കാർ പൂർണമായി ഏറ്റെടുക്കും
11/11/2025  08:30 AM IST
nila
എൻസിസി ക്യാമ്പുകളുടെ ഭക്ഷണച്ചെലവ് കേന്ദ്രസർക്കാർ പൂർണമായി ഏറ്റെടുക്കും

 

എൻസിസി ക്യാമ്പുകളുടെ ഭക്ഷണച്ചെലവ് പൂർണമായി ഏറ്റെടുക്കുമെന്ന് കേന്ദ്രസർക്കാർ. എൻസിസി വാർഷിക പരിശീലന ക്യാമ്പുകൾ, സംയുക്ത ക്യാമ്പുകൾ, വായു-നാവികസേനാ ക്യാമ്പുകൾ, 'ഏക ഭാരത് ശ്രേഷ്ഠ ഭാരത്' ക്യാമ്പ്, റിപ്പബ്ലിക് ദിന പരേഡ് ക്യാമ്പ് എന്നിവയിലേക്കുള്ള ഭക്ഷണച്ചെലവാണ് പൂർണമായും കേന്ദ്രം ഏറ്റെടുക്കുന്നത്. ഇതുവരെ എൻസിസി ക്യാമ്പുകളുടെ ഭക്ഷണച്ചെലവിന്റെ 75 ശതമാനം തുകയാണ് കേന്ദ്രം നൽകിയിരുന്നത്. ബാക്കിയുള്ള 25 ശതമാനം സംസ്ഥാന സർക്കാരും വഹിച്ചിരുന്നു. 

ഓരോ കുട്ടിക്കും പത്തുദിവസത്തെ ക്യാമ്പിനായി 2,200 രൂപയാണ് അനുവദിക്കുന്നത്. തീരപ്രദേശങ്ങളിലെ 'കോസ്റ്റൽ എക്‌സാപ്ൻഷൻ സ്‌കീ'മിൽപ്പെട്ട യൂണിറ്റുകൾക്ക് നേരത്തെ തന്നെ ഈ സൗകര്യം ലഭിച്ചിരുന്നു. അതേസമയം, സ്‌കൂൾ-കോളേജ് തലത്തിൽ നടക്കുന്ന എൻസിസി പരേഡുകൾക്ക് വേണ്ടിയുള്ള ഭക്ഷണച്ചെലവിൽ അനിശ്ചിതത്വം തുടരുകയാണ്. 

2022-23 മുതൽ സംസ്ഥാന വിഹിതം ലഭിക്കാത്തതിനെ തുടർന്ന് 28 കോടി രൂപയുടെ കുടിശ്ശികയാണ് നിലവിലുള്ളത്. 'റിഫ്രഷ്മെന്റ്' ഹെഡിൽ ഇപ്പോൾ 2,000 രൂപയിൽ താഴെ മാത്രമാണ് ബാക്കി. അധ്യാപകർക്ക് ലഭിക്കേണ്ട ഓണറേറിയം സംസ്ഥാന സർക്കാർ മൂന്നുവർഷമായി നൽകുന്നില്ല. ഫണ്ട് ലഭ്യമല്ലെന്ന മറുപടിയാണ് എൻസിസി ഓഫീസുകളിൽ നിന്ന് ലഭിക്കുന്നത്, അതിനാൽ പലയിടങ്ങളിലും കുട്ടികൾക്ക് ഭക്ഷണം നൽകുന്നത് നിർത്തിയിരിക്കുകയാണ്. 70,000-ത്തോളം കുട്ടികൾ കേരളത്തിൽ എൻസിസിയിൽ അംഗങ്ങളാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img