കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ എല്ലാ ബിരുദ (ബിടെക്ക്) പ്രോഗ്രാമുകളും നാഷണൽ അക്രെഡിറ്റേഷൻ ബോർഡിന്റെ (എൻബിഎ) ടിയർ - 1 വിഭാഗത്തിൽ പുതുക്കിയ അക്രെഡിറ്റേഷൻ ലഭിച്ചു. 2025 ജൂലൈ ഒന്നു മുതൽ 2028 ഡിസംബർ 31 വരെ മൂന്ന് വർഷ കാലയളവിലാണ് അക്രെഡിറ്റേഷൻ ലഭിച്ചിരിക്കുന്നത്. ടിയർ - 1 (വാഷിംഗ്ടൺ അക്കോർഡ് തലത്തിൽ) പുതുക്കിയ അക്രെഡിറ്റേഷൻ ലഭിച്ചതിലൂടെ സർവകലാശാലയിലെ ബിടെക്ക് പ്രോഗ്രാമുകൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗുണനിലവാര അംഗീകാരം ലഭിക്കുകയും, ഈ കോഴ്സുകളിൽ നിന്ന് ബിരുദം നേടുന്ന വിദ്യാർത്ഥികളെ വാഷിംഗ്ടൺ അക്കോർഡ് ഒപ്പുവെച്ചിട്ടുള്ള രാജ്യങ്ങളിൽ ഉയർന്ന പഠനത്തിനും തൊഴിൽ അവസരങ്ങൾക്കുമായി അംഗീകരിക്കുകയും ചെയ്യും. കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ഇൻഫർമേഷൻ ടെക്നോളജി മെക്കാനിക്കൽ എൻജിനീയറിങ് സിവിൽ എൻജിനീയറിങ് സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ് എന്ന പ്രോഗ്രാമുകൾക്കാണ് പുതുക്കിയ അക്രെഡിറ്റേഷൻ ലഭിച്ചത്.








