
ന്യൂഡൽഹി: ക്രൂഡ് ഓയിൽ വിപണിയിലെ അനിശ്ചിതത്വം ശക്തമാകുന്നതിനിടെ ഇന്ത്യയിൽ ഇന്ധനവില ഉയർത്തി നയാര എനർജി. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് മൂന്നു രൂപയുടെയും വർധനവാണ് കമ്പനി പ്രഖ്യാപിച്ചത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന വിതരണ കമ്പനിയാണ് നയാര. ആഭ്യന്തര ഇന്ധന ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്ന സാഹചര്യത്തിലാണ് കമ്പനി വീല വർധിപ്പിക്കാനുള്ള തീരുമാനം എടുത്തത്.
ഗുജറാത്തിലെ വാഡിനാർ റിഫൈനറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള സാധ്യതകളും വില വർധനയ്ക്ക് കാരണമായതായാണ് സൂചന. രാജ്യത്തുടനീളം ഏകദേശം 6660 ഔട്ട്ലെറ്റുകൾ കമ്പനിക്കുണ്ട്.
അതേസമയം, മറ്റ് ഇന്ധന കമ്പനികൾ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ ഇറാൻ - അമേരിക്ക സംഘർഷം ശക്തമാകുന്നതിനെ തുടർന്നുള്ള അന്താരാഷ്ട്ര ക്രൂഡ് ഓയിൽ പ്രതിസന്ധി ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ഇന്ധനവില ഉയരാൻ കാരണമായിട്ടുണ്ട്.
ഹൈദരാബാദിൽ പെട്രോൾ ലിറ്ററിന് 107.46 രൂപ എന്ന ഉയർന്ന നിരക്കിലെത്തി. മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലും പെട്രോൾ വില 100 രൂപ കടന്നപ്പോൾ, ഹൈദരാബാദിലെ ഡീസൽ വില ലിറ്ററിന് 95.70 രൂപയിലെത്തി.











