
സൽമാൻ ഖാൻ നായകനായി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ ചിത്രീകരണം ഇന്ന് മുംബൈയിൽ ആരംഭിക്കും. അടുത്ത ആഴ്ച ചിത്രത്തിൽ നയൻതാര വീണ്ടും പങ്കുചേരും. ജവാൻ എന്ന ചിത്രത്തിന് ശേഷം നയൻതാര അഭിനയിക്കുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമാണിത്.
ഇന്ത്യൻ സിനിമയിലെ പ്രമുഖ വില്ലൻ താരം രാഹുൽ ദേവ് ചിത്രത്തിൽ പ്രതിനായകനായി എത്തുന്നുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് പുറമെ സാഗർ ഏലിയാസ് ജാക്കി റീലോഡഡ്, രാജാധിരാജ, പടയോട്ടം തുടങ്ങിയ മലയാള ചിത്രങ്ങളിലും രാഹുൽ ദേവ് ശ്രദ്ധേയമായ വില്ലൻ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
മൂന്ന് വമ്പൻ ആക്ഷൻ സീക്വൻസുകളും, നൂറുകണക്കിന് ജൂനിയർ ആർട്ടിസ്റ്റുകൾ അണിനിരക്കുന്ന മാസ് ക്രൗഡ് സീനുകളുമാണ് മുംബൈ ഷെഡ്യൂളിൽ ചിത്രീകരിക്കാൻ പ്ലാൻ ചെയ്തിരിക്കുന്നത്. മുൻ ചിത്രങ്ങൾ നേരിട്ട തിരിച്ചടികൾക്ക് ശേഷം ബോക്സ് ഓഫീസിൽ ശക്തമായ തിരിച്ചു വരവാണ് ഈ പാൻ-ഇന്ത്യൻ ചിത്രത്തിലൂടെ സൽമാൻ ഖാൻ ലക്ഷ്യമിടുന്നത്.
ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ തെലുങ്കിലെ പ്രമുഖ നിർമ്മാതാവായ ദിൽ രാജുവാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ വംശി പൈഡിപ്പള്ളിയുടെയും നിർമ്മാതാവ് ദിൽ രാജുവിന്റെയും ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. അടുത്ത വർഷം ഈദ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.
അതേസമയം, യഷിന്റെ നായികയായി എത്തുന്ന 'ടോക്സിക്' ആണ് നയൻതാരയുടെ അടുത്ത പ്രധാന റിലീസ്. ചിത്രം ഓഗസ്റ്റ് 26-ന് തിരുവോണ നാളിൽ ലോകവ്യാപകമായി തിയേറ്ററുകളിലെത്തും.










