നൂറു കോടിയുടെ സിനിമ ഓഫർ നയൻതാര വേണ്ടെന്ന് വെക്കാൻ കാരണം ഈ നടനോ?

നൂറു കോടിയുടെ സിനിമ ഓഫർ നടി നയൻതാര വേണ്ടെന്നുവെച്ചെന്ന വാർത്തകൾക്ക് പിന്നാലെ അഭ്യൂഹങ്ങൾ ശക്തമാകുകയാണ്. കൂടെ അഭിനയിക്കുന്ന നടനെ നയൻതാരക്ക് ഇഷ്ടമാകാത്തതിനാലാണ് വൻ പ്രോജക്ടിൽ നിന്നും താരം പിന്മാറിയതെന്നാണ് പ്രചരിക്കുന്ന അഭ്യൂഹം. ശരവണ സ്റ്റോഴ്സ് ഉടമയായ നടനും ബിസിനസുകാരനുമായ അരുൾ ശരവണനാണ് ആ നടൻ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ച സജീവമാണ്.
ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് നയൻതാര. 12 കോടി വരെയാണത്രെ താരത്തിന്റെ പ്രതിഫലം. അതിനിടെയാണ് നൂറു കോടിയുടെ ഓഫർ താരം നിരസിച്ചു എന്ന വാർത്തയെത്തുന്നത്. അരുൾ ശരവണനൊപ്പം അഭിനയിക്കാൻ താത്പര്യമില്ലാത്തതുകൊണ്ടാണ് നയൻതാര ഓഫർ നിരസിച്ചതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ചിത്രത്തിലെ കഥാപാത്രം തനിക്ക് യോജിക്കുന്നില്ലെന്ന് തോന്നിയതുകൊണ്ടാണ് നയൻതാര ഓഫർ നിരസിച്ചതെന്നും അഭ്യൂഹങ്ങളുണ്ട്.
2022ലാണ് ശരവണൻറെ ലെജൻഡ് എന്ന പേരിൽ ആദ്യ സിനിമ റിലീസ് ചെയ്തത്. ദ് ലെജൻഡ് ന്യൂ ശരവണ സ്റ്റോഴ്സ് പ്രൊഡക്ഷൻസിൻറെ ബാനറിൽ ശരവണൻ തന്നെയാണ് ചിത്രം നിർമ്മിച്ചത്. സംവിധായകരായ ജെഡി-ജെറി ജോഡിയാണ് ദ് ലെജൻഡ് സംവിധാനം ചെയ്തത്. 2015 മിസ് യൂണിവേഴ്സ് മത്സരത്തിലെ ഇന്ത്യൻ പ്രതിനിധിയുമായിരുന്ന ഉർവശി റൗട്ടേലയായിരുന്നു നായിക. ഹാരിസ് ജയരാജിന്റെ സംഗീതത്തിൽ പുറത്തുവന്ന പാട്ടുകൾ എല്ലാം ഹിറ്റായിരുന്നു.
ഇതിനുശേഷം ഉണ്ണി മുകുന്ദനും സൂരിയും ശശികുമാറും പ്രധാന വേഷത്തിൽ എത്തിയ ഗരുഡൻ എന്ന ചിത്രത്തിൻറെ സംവിധായകൻ ദുരൈ സെന്തിൽ കുമാറിൻറെ പുതിയ പ്രൊജക്ടിൽ ശരവണനുണ്ടെന്ന വാർത്തകൾ നേരത്ത എത്തിയിരുന്നു. ഈ ചിത്രത്തിൽ നിന്നാണോ നയൻതാര പിൻമാറിയതെന്ന് വ്യക്തമല്ല.











