01:37am 14 September 2026
NEWS
നായാടി- നസ്രാണി ഐക്യം: ക്ലച്ച് പിടിക്കുമോ?
15/02/2026  11:11 AM IST
അഡ്വ. എം. മനോഹരൻപിള്ള
നായാടി- നസ്രാണി ഐക്യം: ക്ലച്ച് പിടിക്കുമോ?

കേരളമാണ് ആർ.എസ്.എസിന് ഏറ്റവും പാരമ്പര്യവും പഴക്കമുള്ള മണ്ണ്. നൂറുവർഷം പൂർത്തിയാക്കിയ ആർ.എസ്.എസ് ഒരിക്കലും കൈവയ്ക്കാത്ത ഒരു അജണ്ടയായിരുന്നു ഹിന്ദു സമുദായങ്ങളുടെയും ജാതികളുടെയും ഐക്യം. ഗോൾവർക്കറിനപ്പുറം ചിന്തിക്കുകയാണോ ആധുനിക ഹിന്ദു സംഘടനകൾ.
1935 മുതൽ രാജഭരണകാലത്താരംഭിച്ച ജാതിമത സംവരണം കേരളത്തിൽ പ്രധാനമായും ഭിന്നിപ്പിച്ചത് ഹിന്ദുസംഘടനകളെയാണ്.
അടുത്തകാലത്ത് ആഴ്ചകൾ മാത്രം നിലനിന്ന എൻ.എസ്.എസ്- എസ്.എൻ.ഡി.പി ഐക്യം പെട്ടെന്ന് ചീറ്റിപ്പോയത് രാഷ്ട്രീയ ഇടപെടലുകൾ ഒന്നുകൊണ്ടുമാത്രമാണ്. നായർ- ഈഴവ ഐക്യം എന്നതിനപ്പുറം രണ്ട് സമുദായ സംഘടനകളുടെ ഐക്യമാണ് നാലുതവണയായി ഉത്ഭവിച്ചതും പിന്നെ കരിഞ്ഞുപോയതും.

എൻ.എസ്.എസ്- എസ്.എൻ.ഡി.പി സംഘടനകളുടെ എക്യം എല്ലാക്കാലത്തും അനിവാര്യമായത് കോൺഗ്രസ്- ലീഗ് ഭരണകാലങ്ങളിലാണ്. ആ ഭരണങ്ങളിലെ ഇടപെടലുകളിൽ തന്നെയാണ് ആ ഐക്യങ്ങളുടെ തകർച്ചയും ചരിത്രങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

സോഷ്യൽ എൻജിനീയറിംഗിൽ എൻ.എസ്.എസ് വീണു

പമ്പയിൽ എൽ.ഡി.എഫ് സർക്കാരിന്റെ നേതൃത്വത്തിൽ നടന്ന പമ്പാസംഗമത്തിൽ ആണ് ദേവസ്വം മന്ത്രി വി.എൻ. വാസവൻ സോഷ്യൽ എൻജിനീയറിംഗിന്റെ ആദ്യ കെണിയൊരുക്കിയത്. അതിൽ എൻ.എസ്.എസ് വീണു. പക്ഷേ ശബരിമല വിഷയം തന്നെ ഭരണഘടനാ ബഞ്ചിന്റെ പരിധിക്ക് പുറത്താണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തന്നെ സൂചിപ്പിച്ചുകഴിഞ്ഞു. വെള്ളാപ്പള്ളി വന്നതുകൊണ്ടാണ് കാറിൽ കയറ്റിയത്. സുകുമാരൻ നായർ വന്നിരുന്നെങ്കിൽ അദ്ദേഹത്തിനേയും കയറ്റിയേനെ എന്നാണ് സതീശന് മറുപടിയായി മുഖ്യമന്ത്രി മറുപടി പറഞ്ഞത്.
പത്മഭൂഷൺ നൽകി വെള്ളാപ്പള്ളിയെ ബി.ജെ.പി പിടിച്ചപ്പോൾ തന്റെ ദൗത്യം പൊളിഞ്ഞു എന്ന സംശയം അന്ധാളിച്ചപ്പോഴാണ് പെരുന്നയ്ക്ക് വിളിച്ചത്.
ഈഴവ സമുദായവും മലബാറിലെ തീയ്യരും ശ്രീനാരായണീയരും ശിവഗിരിക്കും പാർട്ടിക്കുമപ്പുറം ആരാധിച്ചിരുന്ന നേതാവായിരുന്നു വി.എസ്. അദ്ദേഹത്തിനു മരണാനന്തരബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചതോടെ സി.പി.എം വെട്ടിലായി. ഈഴവ സമുദായം ഏകദേശം പൂർണ്ണമായി ബി.ജെ.പി പക്ഷത്തേക്ക് ചായും.
ഒറ്റാലിൽ കിടന്നതുമില്ല എന്ന അവസ്ഥയിലാണ് എൻ.എസ്.എസിനെ പിടിച്ചുനിർത്താൻ ധൃതിയിൽ വാസവൻ സഖാവ് പെരുന്നയ്ക്ക് വിളിച്ച് ഐക്യം ബ്ലോക്ക് ചെയ്തത്.
പരമ്പരാഗത കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള നായന്മാർ ഇടതുപക്ഷത്തുണ്ട്. അവരും പിൻമുറക്കാരും 1957 മുതൽ പാർട്ടിക്കും ഇടതുപക്ഷത്തിനും വോട്ടുചെയ്യുന്നവരാണ്. തിരു-കൊച്ചി ഭാഗത്തുള്ള ഇവരുടെ വോട്ട് സി.പി.എംന് ഉറപ്പാണ്.

എൻ.എസ്.എസ് രാഷ്ട്രീയ സംഘടനയല്ല

എൻ.എസ്.എസിന് രാഷ്ട്രീയം ഉണ്ട്.എൻ.എസ്.എസിന്റെ കാര്യങ്ങൾ നേടിയെടുക്കുവാനുള്ള രാഷ്ട്രീയം. സ്ഥാപകനേതാവായ മന്നത്ത് പത്മനാഭൻ തുടങ്ങിവച്ച രാഷ്ട്രീയം എന്ന അജണ്ട. അതിന്റെ മൂർദ്ധന്യാവസ്ഥയായിരുന്നു വിമോചനസമരം. കുതിരപ്പുറത്തുകയറി മന്നം നയിച്ച വിമോചനസമരം ഫലം കണ്ടു. 1957 ലെ ഇ.എം.എസിന്റെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ തകർന്നു.
ആ സമരത്തിന്റെ രാഷ്ട്രീയ ഊർജ്ജത്തിലാണ് എൻ.എസ്.എസ് ഇന്നും മുന്നോട്ടുപോകുന്നത്. പിന്നെ അത്തരത്തിലൊരു സമരം എൻ.എസ്.എസ് നടത്തിയിട്ടില്ല. കരയോഗങ്ങൾക്ക് നേരെ വി.എസിന്റെ കാലത്തുണ്ടായ ആക്രമണം ഒരോർമ്മയായുണ്ട്.

അനുകൂലമായ സർക്കാർ ഭരണത്തിൽ വന്നാൽ മന്ത്രിമാരെ നിശ്ചയിക്കാം. പിണറായിയുടെ രണ്ടാം മന്ത്രി സഭയിൽ ഒൻപതോളം നായന്മാർ മന്ത്രിമാരുണ്ട്. ആരെങ്കിലും എൻ.എസ്.എസിന്റെ അഭിപ്രായം തേടിയോ? ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വി.എസ്. ശിവകുമാറിനാണ് മന്ത്രിസ്ഥാനം കിട്ടിയത്. കെ. മുരളീധരനേയും വി.ഡി.  സതീശനേയും തഴഞ്ഞു. സതീശന്റെ പ്രധാന സമുദായ വിരോധം ന്യായമല്ലേ.

യു.ഡി.എഫ് സർക്കാരിന്റെ കാലങ്ങളിലും 2001 ലും 2011 ലും എൻ.എസ്.എസ് ലെയ്‌സൺ ഓഫീസറായിരുന്ന ഞാനും ഒരു ഗുണഭോക്താവാണ്.എന്നെ രണ്ടുതവണയും മുന്നോക്ക സമുദായ കോർപ്പറേഷൻ  (കെ.എഫ്. ഡി.സി)ചെയർമാനാക്കി.
പിണറായി വന്നപ്പോൾ മുന്നോക്ക സമുദായ വിഷയത്തിലെ പരിചയം കണക്കിലെടുത്താണ് ആദ്യമായി മുന്നോക്കകമ്മീഷൻ അംഗത്വം തന്നത്. പക്ഷേ എൻ.എസ്.എസ് ശുപാർശയൊന്നും വേണ്ടിയിരുന്നില്ല.

ഇതേപോലെ വിദ്യാഭ്യാസ-പോലീസ്- ദേവസ്വം വകുപ്പുകളിലും ശുപാർശകൾ നടക്കണമെങ്കിൽ അതിനുള്ള സാധ്യതയും യു.ഡി.എഫ് ഭരണകാലത്താണ്. താലൂക്ക് യൂണിയൻകാർക്കും അതുകൊണ്ട് യു.ഡി.എഫ് ഭരണവും സമദൂരവുമാണ് ഇഷ്ടം. എസ്.എൻ.ഡി.പിയുമായി കേന്ദ്രീകൃത രാഷ്ട്രീയ നിലപാടുകൾക്ക് പ്രാധാന്യം വരും. അതിനാലാണ് ഡയറക്ടന്മാർ ഐക്യത്തെ രാഷ്ട്രീയം പറഞ്ഞ് ഉടക്കിയത്.

എസ്.എൻ.ഡി.പിക്ക് മുൻപു മുതൽ രാഷ്ട്രീയമുണ്ട്

തിരു-കൊച്ചി ഭാഗത്തു മാത്രമായിരുന്നു പണ്ടുകാലങ്ങളിൽ എസ്.എൻ.ഡി.പി ശാഖകൾ ഉണ്ടായിരുന്നത്. കല്യാണകാര്യങ്ങളിൽ പത്രിക കൊടുക്കലും അനുബന്ധ ചടങ്ങുകളും സംഘടിപ്പിക്കുന്നത് ശാഖായോഗങ്ങളായിരുന്നു.
മിക്കവാറും ആലപ്പുഴ- കൊല്ലം ജില്ലകളിൽ ശാഖായോഗങ്ങൾ സി.പി.എം നിയന്ത്രണത്തിലായിരുന്നു. വോട്ടുവരുമ്പോൾ അവർ പടലയോടെ സി.പി.എമ്മിന് വോട്ടുചെയ്യുമായിരുന്നു. ഈ കീഴ്‌വഴക്കം എസ്.എൻ.ഡി.പി ലംഘിച്ചത് 1977 ലാണ്. അന്ന് സി.പി.എംന് 17 സീറ്റിലാണ് തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിഞ്ഞത്.

വെള്ളാപ്പള്ളി ആദ്യം എസ്.എൻ ട്രസ്റ്റിൽ ആണ് ഭാരവാഹിയായത്. അന്ന് ശിവഗിരിയിലെ സ്വാമി ശാശ്വതീകാനന്ദയുടെ നേതൃത്വമാണ് എസ്.എൻ.ഡി.പിയെ നിയന്ത്രിച്ചിരുന്നത്. മാറിമാറി വരുന്ന സംസ്ഥാന സർക്കാരുകളും രാഷ്ട്രീയക്കാരുമെല്ലാം ആത്മീയതയ്ക്കപ്പുറം അജയ്യനായ രാഷ്ട്രീയ ചാണക്യനെയാണ് അദ്ദേഹത്തിൽ കണ്ടത്.

ശാശ്വതീകാനന്ദയുടെ മരണത്തിനുശേഷമാണ് എസ്.എൻ.ഡി.പി നേതൃത്വത്തിൽ വെള്ളാപ്പള്ളി പച്ചപിടിച്ചു തുടങ്ങിയത്. എന്തെല്ലാം അഭിപ്രായവ്യത്യാസങ്ങളും ഛിന്നഭിന്നങ്ങളും നിലനിന്നാലും ഈഴവസമുദായത്തെ ഒരുമിച്ചു നിർത്തുന്നത് ശ്രീനാരായണീയർ എന്ന ഒറ്റഘടകമാണ്. ആ ആത്മീയ കൊടിക്കീഴിൽ എല്ലാം ഒന്നാകുന്നു.

എന്നാൽ സമാനസ്വഭാവങ്ങളും ചിന്തകളും ഉള്ള നായർ സമുദായത്തിനുള്ളതു ശ്രീനാരായണഗുരു സ്വാമികളെപ്പോലെയുള്ള ഒരു ആത്മീയ നേതൃത്വത്തിന്റെ അഭാവം ആണ്. ചട്ടമ്പിസ്വാമികൾ ശ്രീനാരായണ സ്വാമികളുടെ സമകാലീനനായിരുന്നു. പക്ഷേ ചട്ടമ്പിസ്വാമികളെന്ന പ്രഗത്ഭനെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാതിരുന്നത് ഒരു കുറ്റബോധത്തോടെയാണ് മന്നത്ത് പത്മനാഭൻ പിൽക്കാലത്ത് ഓർമ്മപ്പെടുത്തിയത്.

രണ്ടുപേർക്കും ഒരു നിയമം

കേരള നോൺട്രേഡിംഗ് കമ്പനീസ് ആക്ട് എന്ന നിയമപ്രകാരമാണ് എസ്.എൻ.ഡി.പിയും എൻ.എസ്.എസും രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ സംഘടനകൾ രജിസ്റ്റർ ചെയ്തപ്പോൾ ട്രാവൻകൂർ ആക്ട് ആയിരുന്നു പ്രാബല്യത്തിൽ. ഈ നിയമപ്രകാരം 74 സ്ഥാപനങ്ങളും സംഘടനകളും ക്ലബ്ബുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും എല്ലാം രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേന്ദ്ര കമ്പനി നിയമപ്രകാരം ഇൻകോർപ്പറേറ്റു ചെയ്യണമെന്നുള്ള വ്യവസ്ഥ പ്രകാരം 1956 ലെ ഇൻഡ്യൻ കമ്പനി നിയമപ്രകാരം ഇൻ-കോർപ്പറേറ്റു ചെയ്തിട്ടുണ്ട്.
പിണറായി വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ എൻ.എസ്.എസിന്റെ കീഴിലുള്ള മലബാറിലെ വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾക്കുള്ള വൈദ്യുതിനിരക്ക് കുറക്കാൻ ഈ നിയമത്തെ മലബാറിലും ബാധകമാക്കി.

ഇപ്പോൾ ചാരിറ്റബിൾ ആവശ്യമുള്ള സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള അധികാരം കേന്ദ്രകമ്പനി രജിസ്റ്റാർക്ക് മാത്രമാണുള്ളത്.
കേരള നോൺട്രേഡിംഗ് കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള രേഖകൾ കേന്ദ്ര കമ്പനി രജിസ്റ്റാർക്ക് കൈമാറാൻ രജിസ്‌ട്രേഷൻ വകുപ്പ് ഐ.ജി നിയമമന്ത്രി എ.കെ. ബാലന് ഫയൽ അയച്ചെങ്കിലും പിണറായി സർക്കാർ തീരുമാനപ്പെടുത്തിയിട്ടില്ല.

തളയ്ക്കാനാവാതെ ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയതകൾ

ജമാഅത്തെ ഇസ്ലാമിയുടെ നിലപാടുകളെ വെള്ളപൂശുന്നതിനുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനകൾ ലീഗുകാർ മൊത്തമായി ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കണ്ട. 2006 ലെ ലീഗിന്റെ അനുഭവം അവർക്കറിയാം. എൽഡി.എഫിനെ വിലകുറച്ചുകാണാൻ ലീഗ് തയ്യാറാകില്ല. ഷാജിയെപ്പോലെയുള്ള ലീഗിന്റെ ബാനറിൽ നടക്കുന്ന മത പ്രശ്‌നം ഉറങ്ങിക്കിടക്കുന്ന ഹിന്ദുവോട്ടുകളെ ഞെട്ടിഉണർത്തിക്കുമെന്ന കാര്യം കാശിനുവേണ്ടി പണിയെടുക്കുന്ന കനഗോലു. രാഹുൽഗാന്ധി പറഞ്ഞ പ്രകാരം ആർക്കുവേണ്ടിയാണ് പണിയെടുക്കുന്നത്.
104 സീറ്റുറപ്പുണ്ടെങ്കിൽ പിന്നെ എന്തിനാണ് കോൺഗ്രസ്സിലാളിഞ്ഞിട്ടാണോ ഐഷാപോറ്റിമാരുടെ പിന്നാലെ നടക്കുന്നത്. ആർ. ബാലകൃഷ്ണപിള്ളയുടെ ജയന്റ് കില്ലറെപ്പോലെ രമേശ് ചെന്നിത്തലയുടെ കോട്ടയത്തേയും അടൂരിൽ കൊടിക്കുന്നിൽ സുരേഷിന്റെയും ജയന്റ് കില്ലർമാരെ കൂട്ടി തപ്പിയെടുക്കണം.

രമേശ് ചെന്നിത്തല മുതലുള്ള എതിരാളികളെ തോൽപ്പിക്കാൻ പാരകളുമായി ഇറങ്ങി അന്തർധാരകൾ പണിയുമ്പോൾ ഒരു കാര്യം കനകോലു പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം.
ഇന്ന് പാര ആരുടെയും കുത്തകയല്ല. കാലുവാരൽ വൺവേ ട്രാഫിക്കുമല്ല. പരസ്പരം പാരവെച്ചാൽ ചാർട്ടേഡ് ഫ്‌ളൈറ്റ് ബുക്ക് ചെയ്ത് ദൽഹിയിൽ കാത്തിരിക്കുന്നവരുണ്ട്. വേണ്ടിവരുമ്പോൾ രാജിവയ്ക്കാൻ ആലപ്പുഴയിൽ ഒരു ചാവേർ ഒരുങ്ങി നിൽപ്പുണ്ട്. 1996 ൽ വി.എസിന് പറ്റിയ അമളി എല്ലാവർക്കും ഒരു പാഠം ആണ്.

വെറുതെ പഴികേട്ട് ശ്രീധരൻപിള്ള

ശ്രീധരൻപിള്ളച്ചേട്ടൻ, ബി.ജെ.പി കേരള നേതാക്കളിൽ ജി. സുകുമാരൻ നായരുസാറിന്റെ സ്‌നേഹവും വിശ്വാസവും ഉള്ള ഒരാളാണ്. ഐക്യം തകർത്തവരെ അന്വേഷിച്ചിറങ്ങിയ മാധ്യമങ്ങൾ കുറ്റം ആരോപിച്ചവരിൽ ആദ്യം ഫോൺ ചെയ്ത മന്ത്രി വാസവൻ ആദ്യപ്രതിയായി. പിണറായിയെ ഒരു പരിധിവരെ താങ്ങി നിർത്തിയവരിൽ പ്രമുഖനായിരുന്നു വെള്ളാപ്പള്ളി നടേശൻ. അദ്ദേഹത്തിന് പത്മഭൂഷൺ പദവി കേന്ദ്രം നൽകിയതോടെ എസ്.എൻ.ഡി.പി സംഘടന പൂർണ്ണമായും ബി.ജെ.പി പക്ഷത്തായി. വി.എസിനെ സ്‌നേഹിക്കുന്ന സി.പി.എം ലെ മൃഗീയപക്ഷവും ബി.ജെ.പിയോടുള്ള എതിർപ്പിന്റെ രൂക്ഷത കുറയ്ക്കാൻ കഴിഞ്ഞു.

ശ്രീധരൻപിള്ള മുസ്ലീംലീഗിന്റെ നോമിനിയായി ഐക്യം തകർക്കാൻ പോയതാണെന്നും, രാജീവ് ചന്ദ്രശേഖർ ഉൾപ്പെടുന്ന കേരള നേതൃത്വത്തെ കൊച്ചാക്കാനാണെന്നും ആരോപണം ഉണ്ടായി. അവിടെ പോകാറുള്ള കൊടിക്കുന്നിൽ സുരേഷിനേയും തിരുവഞ്ചൂർ രാധാകൃഷ്ണനെയും ആരും കുറ്റപ്പെടുത്തിക്കണ്ടില്ല.
എന്നാൽ ശബരിമല വിഷയകാലത്ത് പിണറായി സർക്കാർ രൂപീകരിച്ച നവോത്ഥാന സമിതിയുടെ ചെയർമാനായിരുന്നു വെള്ളാപ്പള്ളി. ആ  പദവി രാജിവച്ചാലെ ഐക്യം സാധ്യമാകൂ എന്നൊരു വ്യവസ്ഥ എൻ.എസ്.എസ് ജനറൽ സെക്രട്ടറി വച്ചിരുന്നെങ്കിൽ ഈ ഐക്യത്തിൽ എന്തെങ്കിലും രാഷ്ട്രീയവിഷയം സമർത്ഥിക്കാമായിരുന്നു.

തുഷാർ വെള്ളാപ്പള്ളി ഒരു രാഷ്ട്രീയക്കാരനാണ് എന്നത് സത്യം തന്നെ. പക്ഷേ എസ്.എൻ.ഡി.പിയിൽ ഉറച്ചുനിൽക്കുന്ന ആളാണ്. എൻ.എസ്.എസ് എന്തുകൊണ്ട് പിന്മാറി എന്ന് കേരളത്തിലെ നായർ ജനവിഭാഗങ്ങളോട് അദ്ദേഹം തുറന്നുപറയണം. നായാടി മുതൽ നസ്രാണി വരെയുള്ള വിഭാഗങ്ങളുടെ ഐക്യം സംബന്ധിച്ചുള്ള എൻ.എസ്.എസ് നിലപാട് അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താൽപ്പര്യമുണ്ട്. നിങ്ങൾ രണ്ട് സംഘടനകളുടെ ഐക്യത്തേക്കാൾ വിശാലമായ അർത്ഥതലങ്ങളുണ്ട് നായാടി മുതൽ നസ്രാണിവരെയുള്ള ഐക്യത്തിന്.

ഐക്യം തകർത്തത് കേന്ദ്ര ബി.ജെ.പിയോ?

കേരളം കേന്ദ്ര ബി.ജെ.പിയുടെ നിർദ്ദേശത്തെത്തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നിയന്ത്രിക്കുന്ന മന്ത്രാലയത്തിന്റെ റഡാറിൻ കീഴിലാണ്, കേരളത്തിലെ ബി.ജെ.പി സംഘടനാനേതാക്കളുടെ പ്രവർത്തനങ്ങൾ. മറ്റ് സാമൂഹ്യചലനങ്ങൾ, സോഷ്യൽ എൻജിനീയറിംഗുകൾ, കൂടാതെ കേരള സർക്കാർ, പ്രതിപക്ഷം, സമുദായ സംഘടനകൾ, ജാതി മതവിഭാഗങ്ങളും പരിശോധിക്കാൻ പ്രത്യേക ഇന്റലിജൻസ് സംവിധാനം. ഇതിനെല്ലാം ഉപരി ആർ.എസ്.എസിന്റെ പ്രത്യേക നിരീക്ഷണവും.

ആ റിപ്പോർട്ടിന്റെയൊക്കെ അടിസ്ഥാനത്തിലാണ് എൻ.എസ്.എസ്-എസ്.എൻ.ഡി.പി നേതൃത്വങ്ങളുടെ കൂട്ടുചേരലിനെക്കാൾ നായർ- ഈഴവ ഐക്യമാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം. ആ ദൂതിന്റെ ദൗത്യമായിരുന്നോ പി.എസ്. ശ്രീധരൻപിള്ളയിലൂടെ നിർവ്വഹിക്കപ്പെട്ടതെന്നും സംശയിക്കുന്നവരുണ്ട്. മുസ്ലീം വർഗ്ഗീയതയെ എതിർക്കുന്നതിന് വെള്ളാപ്പള്ളി നടേശൻ സ്വീകരിക്കുന്ന തന്ത്രങ്ങളും അടവുകളും കേന്ദ്രം അംഗീകരിക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദത്തെ പരസ്യമായി വെള്ളപൂശുന്ന പ്രതിപക്ഷ നേതാവിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്ന വെള്ളാപ്പള്ളിക്ക് ഒന്നാം സ്ഥാനം നൽകിയാണ് അദ്ദേഹത്തിനെ പത്മഭൂഷൺ നൽകി ആദരിച്ചത്.

പിന്നെ എന്തുകൊണ്ട് വി.എസിന് ആദരവ് നൽകി എന്ന സംശയം ഉണ്ടാകാം. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് കമ്മ്യൂണിസ്റ്റ് ചക്രവ്യൂഹത്തിൽ ഉറച്ചുനിന്നയാളാണ് അദ്ദേഹം. ആലപ്പുഴ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ വി.എസിന്റെ പിന്നാലെ പോയി 2016 ൽ സത്യപ്രതിജ്ഞാവേദിയിൽ വി.എസിനെ വീട്ടിൽ ചെന്ന് സീതാറാം യച്ചൂരി കൂട്ടിക്കൊണ്ടുവരികയായിരുന്നു. വി.എസ് വരുന്നതുവരെ കാത്തിരിക്കാൻ രാജ്ഭവനിൽ അക്ഷമനായിരുന്ന ഗവർണ്ണർ ജസ്റ്റിസ് സദാശിവത്തോട് സുഹൃത്തായിരുന്ന സീതാറാം യച്ചൂരി നിർദ്ദേശിക്കുകയായിരുന്നു. പാർട്ടിക്കപ്പുറം വി.എസിന്റെ അന്ത്യയാത്രയിൽ ജനലക്ഷങ്ങൾ ഒഴുകിയെത്തിയത് പാർട്ടി അന്തം വിട്ടുനിന്നു കാണുമ്പോൾ കേന്ദ്രത്തിന്റെ റഡാറിലും ആ കാഴ്ച തിളങ്ങുന്നുണ്ടായിരുന്നു. അതാണ് ആ പത്മവിഭൂഷണിന്റെ പിന്നിലുള്ള തിളക്കം. ഒരു ഫാസിസ്റ്റ് വിവാദങ്ങളുമില്ലാത്ത മരണാനന്തര ബഹുമതി കേരളത്തിലെ ഈഴവരും അല്ലാത്തവരും അടങ്ങുന്ന ശ്രീനാരായണീയർ ഉൾപ്പെടെയുള്ള ഒരു ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ ബി.ജെ.പി അതിലൂടെ ഉറപ്പിച്ചു.

പിന്നെയുള്ളത് നായർ സമുദായവും അനുബന്ധ സംഘടനകളുമാണ്. പണ്ടൊക്കെ നായന്മാരിൽ ഭൂരിപക്ഷവും കോൺഗ്രസുകാരായിരുന്നു. രാജീവ്ഗാന്ധിയുടെ കാലംവരെ അതു തുടർന്നു. ബി.ജെ.പിയുടെ വളർച്ചയുടെ കാലഘട്ടം തുടങ്ങിയതോടെ നായർ സമുദായത്തിൽ ഭൂരിപക്ഷവും മോദിഭക്തന്മാർ ആയിത്തുടങ്ങി. പണ്ട് നാലുകോണിൽ കൂടി എതിർത്തപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി വളർന്നപോലെ നാലുകോണുകളിൽ നിന്നുള്ള എതിർപ്പിനെ നേരിട്ടുകൊണ്ട് ബി.ജെ.പിയും വളരുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലകളിൽ എൻ.എസ്.എസ് കരയോഗങ്ങളിൽ കടന്നുവന്നിട്ടുള്ള പുതിയ തലമുറയിൽ ഭൂരിപക്ഷവും ബി.ജെ.പി അനുഭാവികളായിരുന്നു മുൻപ്. ഈ വിഭാഗം പാടെ മാറിയിരിക്കുന്നു. ഉഴുന്നുവടയും ചമ്മന്തിയും കഴിക്കാൻ വരുന്ന റിട്ടയാർഡ് കൊച്ചാന്മോർ മാത്രമാണ് കോൺഗ്രസ്സായി ബാക്കിയുള്ളത്.
രണ്ട് സംഘടനകളും മൈക്രോഫിനാൻസിലൂടെ സാമ്പത്തികമായി മുന്നേറുന്നു. ജാമ്യം ഉൾപ്പെടെ മുഴുവൻ ബാധ്യതകളും ചുമതലയും താലൂക്ക് യൂണിയനുകൾക്കാണ്. ലാഭത്തിന്റെ ഒരു വിഹിതം കേന്ദ്രങ്ങൾക്ക് നൽകണം.

രണ്ട് സംഘടനകളുടെ ഐക്യ നായകന്മാരിൽ ഒരാൾ പത്മഭൂഷൺ വെള്ളാപ്പള്ളിയാണ്. എൻ.എസ്.എസിനെ തള്ളാാതെ, സുകുമാരൻ നായർ സാറിനെ വിമർശിക്കാതെ വെള്ളാപ്പള്ളി പക്വത കാണിക്കുന്നു. നായാടി മുതൽ നസ്രാണിവരെയുള്ള വിശാല ഐക്യത്തിൽ എൻ.എസ്.എസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. പമ്പയിലേക്ക് സംഗമത്തിന് എൻ.എസ്.എസിനെ കൂട്ടിക്കൊണ്ടുപോയത് വെള്ളാപ്പള്ളിയാണെങ്കിൽ കാറിൽ കൊണ്ടുപോയത് പിണറായിയാണ്. 

വെള്ളാപ്പള്ളിച്ചേട്ടനോട് ഒരു അഭ്യർത്ഥനയുണ്ട്. കേന്ദ്ര സർക്കാരും രാഷ്ട്രവും ആദരിച്ചുനൽകിയിരിക്കുന്ന മഹത്‌വ്യക്തിയാണ് താങ്കൾ. നവോത്ഥാന സമിതിക്ക് വലിയ സ്റ്റാറ്റസ് ഒന്നുമില്ല. പത്മഭൂഷൺ പദവി കിട്ടിക്കഴിയുമ്പോൾ നവോത്ഥാന സമിതിയിലെ ചെയർമാൻ സ്ഥാനം ഒഴിയണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img