
രാജ്പുർ: മൂന്ന് പതിറ്റാണ്ടോളം ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ സജീവമായിരുന്ന മുതിർന്ന നേതാവ് പാപ്പാ റാവു ഉടൻ സുരക്ഷാ സേനയ്ക്ക് കീഴടങ്ങുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി വിജയ് ശർമ്മ അറിയിച്ചു. രാജ്യത്ത് നിന്നും മാർച്ച് 31ന് മുമ്പ് ഇടതു തീവ്രവാദം തുടച്ചുനീക്കും എന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം. ഈ സമയപരിധിക്ക് മുമ്പ് പാപ്പാ റാവു കീഴടങ്ങുന്നു എന്നതും ശ്രദ്ധേയമാണ്.
1997-ൽ നക്സൽ പ്രസ്ഥാനത്തിൽ ചേർന്ന പാപ്പാ റാവുവിന് ഇപ്പോൾ 55 മുതൽ 60 വയസ്സ് വരെയാണെന്ന് കണക്കാക്കപ്പെടുന്നു. സ്കൂൾ പഠനം ഉപേക്ഷിച്ച ശേഷമാണ് ഇയാൾ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് കടന്നത്. പാപ്പാ റാവുവിനൊപ്പം 12 മുതൽ 14 വരെ മാവോയിസ്റ്റുകളും കീഴടങ്ങാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവരുടെ കൈവശം ആറ് എകെ-47 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉണ്ടെന്നും സൂചനയുണ്ട്.
പാപ്പാ റാവുവിനെതിരെ കൊലപാതകം ഉൾപ്പെടെ 45 കേസുകൾ നിലവിലുണ്ടെന്ന് ബീജാപുർ ജില്ലാ പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ യാദവ് വ്യക്തമാക്കി. 2010-ലെ താഡ്മെറ്റ്ല ആക്രമണത്തിൽ 76 ജവാന്മാർ കൊല്ലപ്പെട്ട കേസിലും ഇയാൾക്ക് പ്രധാന പങ്കുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു. കൂടാതെ 2025 ജനുവരിയിൽ ബീജാപുരിലെ അംബേലി ആക്രമണത്തിലും ഇയാൾ പ്രതിയാണ്. ഇയാളെ പിടികൂടാൻ സർക്കാർ 25 ലക്ഷം രൂപയുടെ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
നിരോധിത സിപിഐ (മാവോയിസ്റ്റ്) സംഘടനയുടെ ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റിയിലെ അംഗമായിരുന്ന പാപ്പാ റാവു, സൗത്ത് ബസ്തർ സോണൽ ബ്യൂറോ കമ്മിറ്റിയുടെ സെക്രട്ടറിയായും വെസ്റ്റ് ബസ്തർ ഡിവിഷണൽ കമ്മിറ്റിയുടെ ചുമതലക്കാരനായും പ്രവർത്തിച്ചു. ഛത്തീസ്ഗഡിൽ ശേഷിച്ചിരുന്ന പ്രധാന നക്സൽ നേതാക്കളിൽ പാപ്പാ റാവുവിന്റെ കീഴടങ്ങൽ മേഖലയിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ.











