
വിമാന യാത്രയിൽ മുല്ലപ്പൂവ് കൈവശം വച്ചതിന് നടി നവ്യ നായർക്ക് പിഴ. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഓസ്‌ട്രേലിയയിലെ മെൽബൺ രാജ്യാന്തര വിമാനത്താവളത്തിലാണ് നടിക്ക് മുല്ലപ്പൂവ് വിനയായത്. 15 സെന്റിമീറ്റർ നീളമുള്ള മുല്ലപ്പൂവായിരുന്നു താരത്തിന്റെ കൈവശമുണ്ടായിരുന്നത്. . 1,980 ഡോളർ (ഒന്നേകാൽ ലക്ഷത്തോളം രൂപ)ആണ് വിമാനത്താവള അധികൃതർ താരത്തിന് പിഴയിട്ടത്.
വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയിൽ പങ്കെടുക്കാനായിരുന്നു നവ്യ മെൽബണിൽ എത്തിയത്. ഓണപ്പരിപാടിയിൽ സംസാരിക്കവെയാണ് താരം തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞത്. ‘ഇങ്ങോട്ട് വരുന്നതിന് മുമ്പ് അച്ഛനാണ് എനിക്ക് മുല്ലപ്പൂവ് വാങ്ങിത്തന്നത്. രണ്ട് കഷ്ണങ്ങളാക്കി മുറിച്ചാണ് എനിക്ക് തന്നത്. കൊച്ചി മുതൽ സിങ്കപ്പൂർ വരെ ഒരു കഷ്ണം മുടിയിൽ ചൂടാൻ അച്ഛൻ പറഞ്ഞു. സിങ്കപ്പൂരെത്തുമ്പോഴേക്കും അത് വാടിപ്പോകും. സിങ്കപ്പൂരിൽ നിന്ന് രണ്ടാമത്തെ കഷ്ണം ചൂടാമെന്നും അത് ഹാൻഡ്ബാഗിൽ വെക്കാനും അച്ഛൻ പറഞ്ഞു. ഒരു ക്യാരിബാഗിലാക്കി ഞാൻ മുല്ലപ്പൂവ് എന്റെ ഹാൻഡ് ബാഗിൽ വച്ചു. എന്നാൽ ഞാൻ ചെയ്തത് നിയമവിരുദ്ധമായ കാര്യമായിരുന്നു. അറിയാതെ ചെയ്ത തെറ്റ്. അറിവില്ലായ്മ ഒഴികഴിവല്ല എന്ന് എനിക്കറിയാം. 15 സെന്റിമീറ്റർ മുല്ലപ്പൂ കൊണ്ടുവന്നതിന് അധികൃതർ എന്നോട് 1,980 ഡോളർ (ഒന്നേകാൽ ലക്ഷത്തോളം രൂപ) പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടു. തെറ്റ് തെറ്റ് തന്നെയാണ് എന്ന് എനിക്കറിയാം. പക്ഷേ അത് മനഃപൂർവമായിരുന്നില്ല. 28 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് അവർ എന്നോട് പറഞ്ഞത്.’ -നവ്യ നായർ പറഞ്ഞു.











