
കൊച്ചി: ലക്ഷദ്വീപിലെ ജനങ്ങൾക്കായി നാവികസേന സംഘടിപ്പിക്കുന്ന ബൃഹത്തായ മൾട്ടി സ്പെഷ്യാലിറ്റി മെഗാസർജിക്കൽ ക്യാമ്പിന് തുടക്കമായി. ലക്ഷദ്വീപിലെ അഞ്ച് ദ്വീപ് സമൂഹങ്ങളെ കോർത്തിണക്കി ഇത്തരത്തിൽ സംഘടിപ്പിക്കുന്ന ആദ്യ മെഗാ ക്യാമ്പാണിത്. അഞ്ച് ദിവസം നീളുന്ന ക്യാമ്പ് 17 ന് സമാപിക്കും.
കവരത്തിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിൽ നടന്ന ചടങ്ങിൽ നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറൽ സമീർ സക്സേണ,ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസ് സർജൻ വൈസ് അഡ്മിറൽ ആത്രിസറിൻ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് സായി ബി ദീപക്ക് തുടങ്ങിയവർ പങ്കെടുത്തു.
അമിനി, ആന്ത്രോത്ത്, അഗത്തി, കവരത്തി, മിനിക്കോയി ദ്വീപുകളിലാണ് പരമാവധി വൈദ്യസഹായം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ നാവിക സേനയുടെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി, ഗ്യാസ്ട്രോ എൻ ട്രോളജി, എൻഡോ ക്രൈനോളജി ഉൾപ്പെടെ വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ കൺസൽട്ടേഷൻ, രോഗ നിർണ്ണയം, തെറാപ്യൂട്ടിക് സേവനങ്ങൾ ലഭ്യമാണ്.
തിമിര ശസ്ത്രക്രിയ നടത്താൻ നേത്രരോഗ വിദഗ്ധരുടെ സംഘവും ഒപ്പമുണ്ട്. 29 ഡോക്ടർമാരും രണ്ട് നഴ്സിംഗ് ഓഫീസർമാരും 42 പാരാമെഡിക്കൽ ജീവനക്കാരുമുൾപ്പെട്ട പ്രതിരോധ വകുപ്പിന് കീഴിലുള്ള ആരോഗ്യ പ്രവർത്തകരാണ് മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകുന്നത്.
ശസ്ത്രക്രിയകൾക്കും ശസ്ത്രക്രിയാനന്തര ശുശ്രൂഷകൾക്കും മേൽനോട്ടം വഹിക്കാൻ അഗത്തി, മിനിക്കോയി ദ്വീപുകളിൽ പ്രത്യേക സർജിക്കൽ ടീമുകളെ നിയോഗിച്ചു.
മെഗാക്യാമ്പ് തുടങ്ങി രണ്ട് ദിവസത്തിനകം തന്നെ 46 പേർക്ക് തിമിര ശസ്ത്രക്രിയയിലൂടെ കാഴ്ചശക്തി പുനഃസ്ഥാപിക്കാൻ സാധിച്ചു. ലോകോത്തര നിലവാരമുള്ള സംവിധാനങ്ങളിലൂടെയാണ് ഇത് സാധ്യമാക്കിയത്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. പോഷകാഹാരം, ജീവിത ശൈലി, യോഗ, രോഗപ്രതിരോധം എന്നീ വിഷയങ്ങളിലും മെഗാക്യാമ്പുകളിൽ അവബോധം നടത്തി. ഇത്രയും വലിയ തോതിലുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കാൻ മുൻകൈ എടുത്ത നാവികസേനയെ ഉദ്ഘാടന സമ്മേളനത്തിൽ ഓൺലൈനായി പങ്കെടുത്ത പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.
Photo Courtesy - Google








