
കൊച്ചി: രാജ്യത്തിൻ്റെ സുരക്ഷ കാത്തു സംരക്ഷിക്കുന്നതിൽ ഇന്ത്യൻ നാവികസേനയുടെ സുപ്രധാന പങ്കും കരുത്തും വിളിച്ചോതി തിരുവനന്തപുരത്ത് നാവികസേനാ ദിനാചരണം.ശംഖുമുഖം തീരത്ത് ആയിരങ്ങൾ സാക്ഷ്യം വഹിച്ച നാവികസേനയുടെ അഭ്യാസപ്രകടനങ്ങളിൽ രാജ്യത്തിൻ്റെ പരമോന്നത കമാൻഡറായ രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥിയായി പങ്കെടുത്തു. ഇതാദ്യമായിട്ടാണ് നാവികസേനയുടെ പൂർണ്ണതോതിലുള്ള ഓപ്പറേഷണൽ റീഡിനസ് വ്യക്തമാക്കുന്ന അഭ്യാസപ്രകടനവും നാവിക ദിനാചരണവും കേരളത്തിൽ നടത്തുന്നത്.
നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠിയുടെ നേതൃത്വത്തിൽ രാഷ്ട്രപതിയെ സ്വീകരിച്ചു. 150 പേരടങ്ങുന്ന നാവിക സേനാംഗങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകി. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു.
നാവികസേനയുടെ ഇരുപതിലേറെ പടക്കപ്പലുകളും ഇന്ത്യ തദ്ദേശിയമായി നിർമിച്ച ഐ.എൻ.എസ് വിക്രാന്തും ഓപ്പറേഷണൽ ഡെമോയിൽ പങ്കെടുത്തു. നാവിക സേനയുടെ മുൻനിര വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കൊപ്പം സേനയുടെ ഏറ്റവും മേൽത്തട്ടിലുള്ള മറൈൻ കമാൻഡോസും (മാർക്കോസും) വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾ കാഴ്ചവച്ചു. സീ കേഡറ്റ് കോർപ്പ്സ് വിഭാഗത്തിൻ്റെ കണ്ണഞ്ചിപ്പിക്കുന്ന ഹോൺ പൈപ്പ് നൃത്തവും സാംസ്കാരിക പരിപാടികളും സേനാംഗങ്ങളുടെ പ്രസിദ്ധമായ ഡ്രില്ലും തലസ്ഥാന നഗരിയിലെ ജനങ്ങൾക്ക് മറക്കാനാകാത്ത കാഴ്ചകളായി.
നാവിക സേനയുടെ നേവൽ ബാൻഡ് അവതരിപ്പിച്ച ബീറ്റിംഗ് റിട്രീറ്റോഡെയാണ് മണിക്കൂറുകൾ നീണ്ട പ്രകടനങ്ങൾക്ക് പരിസമാപ്തിയായത്.1971ലെ യുദ്ധത്തിൽ പാകിസ്ഥാനെ നിലംപരിശാക്കിയ നാവിക സേനയുടെ ലാഹോർ ഉപരോധത്തിൻ്റെ ഓർമ്മയ്ക്കായിട്ടാണ് എല്ലാ വർഷവും ഡിസംബർ നാലിന് നാവികസേനാ ദിനം ആചരിക്കുന്നത്. ഓപ്പറേഷൻ ട്രിഡൻ്റ് എന്നാണ് ലാഹോർ ഉപരോധം അറിയപ്പെടുന്നത്. ഹൃദയം നിറഞ്ഞ നന്ദിയുമായി നാവികസേനാ മേധാവി
നാവിക ദിനാചരണത്തിൻ്റെ ഭാഗമായി ഇത്തവണത്തെ നേവൽ ഓപ്പറേഷണൽ ഡെമോൺസ്ട്രേഷൻ വിജയകരമായി നടത്താൻ സഹായിച്ച സംസ്ഥാന ഭരണകൂടത്തിനും തിരുവനന്തപുരത്തെ ജനങ്ങൾക്കും മലയാളത്തിൽ ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞ് നാവികസേനാ മേധാവി. രണ്ട് കൊല്ലം മുമ്പ് മഹാരാഷ്ട്രയിലെ സിന്ധുദുർഗിലും കഴിഞ്ഞ കൊല്ലം ഒഡീഷയിലെ കലിംഗയിലും നടത്തിയ നാവിക ദിനാചരണം കേരളത്തിൻ്റെ നാവിക പാരമ്പര്യം കണക്കിലെടുത്താണ് ഈ വർഷം കേരളത്തിൽ നടത്താൻ തീരുമാനിച്ചതെന്ന് നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് ത്രിപാഠി നാവികദിനാചരണ സന്ദേശത്തിൽ പറഞ്ഞു.പത്മനാഭസ്വാമിയുടെ മണ്ണും തിരുവിതാംകൂർ രാജവംശവും ശക്തമായ നാവിക പാരമ്പര്യം പിന്തുടർന്നതായും വിദേശ ശക്തികളുടെ ഭീഷണിയിൽ നിന്ന് തീരപ്രദേശങ്ങളെ സംരക്ഷിച്ചതായും അദ്ദേഹം പറഞ്ഞു.മാർത്താണ്ഡവർമ്മ മഹാരാജാവിൻ്റെ നേതൃത്വത്തിൽ തിരുവിതാംകൂർ ഡച്ച് നാവികപ്പടയെ തകർത്തു. മലബാർ തീരത്ത് സാമൂതിരിയുടെ നാവിക മേധാവി കുഞ്ഞാലി മരാക്കാരുടെ നേതൃത്വത്തിൽ യൂറോപ്യൻ അധിനിവേശത്തെ ധീരമായി ചെറുത്തു. ഇന്ത്യയുടെ മഹത്തായ ഭാവി അതിൻ്റെ സമുദ്രശക്തിയിലാണ് നിലകൊള്ളുന്നത്. പൊതുജനങ്ങളിൽ ഇന്ത്യയുടെ നാവിക പാരമ്പര്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിൻ്റെ ഭാഗം കൂടിയാണ് നാവിക ദിനാചരണത്തോടനുബന്ധിച്ചുള്ള ഓപ്പറേഷൻ ഡെമോൺസ്ട്രേഷനെന്നും അദ്ദേഹം പറഞ്ഞു.
Photo Courtesy - Google











