06:37am 12 November 2026
NEWS
നാവികസേനയുടെ ഡൈവിംഗ് സപ്പോര്‍ട്ട് കപ്പല്‍ കൊച്ചിയില്‍ കമ്മീഷന്‍ ചെയ്തു
16/12/2025  08:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നാവികസേനയുടെ ഡൈവിംഗ് സപ്പോര്‍ട്ട് കപ്പല്‍ കൊച്ചിയില്‍ കമ്മീഷന്‍ ചെയ്തു

കൊച്ചി: ഇന്ത്യന്‍ നാവികസേനയുടെ അഞ്ച് ഡൈവിംഗ് സപ്പോര്‍ട്ട് കപ്പലുകളുടെ പരമ്പരയില്‍  ആദ്യത്തേതായ എ 20 കൊച്ചി നേവല്‍ ബേസില്‍  കമ്മീഷന്‍ ചെയ്യപ്പെട്ടു. ദക്ഷിണ നാവിക കമാന്‍ഡ് മേധാവിയായ വൈസ് അഡ്മിറല്‍ സമീര്‍ സക്‌സേന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ലെഫ്റ്റനന്റ് കമാന്‍ഡര്‍ ഹേമന്ത് സിംഗ് ചൗഹാന്‍ കമ്മീഷനിംഗ് വാറണ്ട് വായിച്ചു, തുടര്‍ന്ന് നാവിക പതാക ഉയര്‍ത്തി.

യുദ്ധക്കപ്പല്‍ ഉല്‍പ്പാദന, ഏറ്റെടുക്കല്‍ കണ്‍ട്രോളര്‍ വൈസ് അഡ്മിറല്‍ സഞ്ജയ് സാധു ആതിഥേയത്വം വഹിച്ച ചടങ്ങില്‍ മുതിര്‍ന്ന നാവിക ഉദ്യോഗസ്ഥരും കൊല്‍ക്കത്തയിലെ മെസ്സേഴ്‌സ് ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡിന്റെ പ്രതിനിധികളും വിശിഷ്ടാതിഥികളും പങ്കെടുത്തു.പ്രതിരോധ മന്ത്രാലയവും ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡും തമ്മില്‍ ഒപ്പുവച്ച കരാര്‍ പ്രകാരമാണ് അഞ്ച് ഡൈവിംഗ് സപ്പോര്‍ട്ട് ക്രാഫ്റ്റുകള്‍ നിര്‍മ്മിക്കുന്നത്.'ആത്മനിര്‍ഭര്‍ ഭാരത്' എന്ന സര്‍ക്കാരിന്റെ ദര്‍ശനം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, തദ്ദേശീയ കപ്പല്‍ നിര്‍മ്മാണത്തിനായുള്ള ഇന്ത്യന്‍ നാവികസേനയുടെ പദ്ധതിയിലെ മറ്റൊരു നാഴികക്കല്ലാണിതെന്ന നാവിക സേനാ വക്താവ് പറഞ്ഞു.

ഇന്ത്യന്‍ രജിസ്റ്റര്‍ ഓഫ് ഷിപ്പിംഗിന്റെ വര്‍ഗ്ഗീകരണ നിയമങ്ങള്‍ അനുസരിച്ചാണ് എ 20 യുടെ രൂപകല്‍പ്പന നടത്തിയത്. ഡിസൈന്‍ ഘട്ടത്തില്‍ കപ്പലിന്റെ ഹൈഡ്രോഡൈനാമിക് വിശകലനവും മോഡല്‍ പരിശോധനയും വിശാഖപട്ടണത്തെ നേവല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്കല്‍ ലബോറട്ടറിയുടെ മേല്‍നാട്ടത്തിലായിരുന്നു. ഏകദേശം 390 ടണ്‍ ഭാരമുള്ള ഒരു കാറ്റമരന്‍ ഹള്‍ കപ്പലാണിത്. അത്യാധുനിക ഡൈവിംഗ് ഉപകരണങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നു. അണ്ടര്‍വാട്ടര്‍ അറ്റകുറ്റപ്പണികള്‍ക്കും പരിശോധനകള്‍ക്കും, ഹാര്‍ബര്‍ ക്ലിയറന്‍സുകള്‍ക്കും തീരദേശ ജലത്തിലെ നിര്‍ണായക ഡൈവിംഗ് ദൗത്യങ്ങള്‍ക്കും എ 20 നിര്‍ണായക പങ്ക് വഹിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img