
കൊച്ചി: ഇന്ത്യൻ നാവികസേനയുടെ ദക്ഷിണ നാവിക കമാൻഡ് സംഘടിപ്പിക്കുന്ന നേവി ഡേ 2025 ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 4-ന് തിരുവനന്തപുരം ശംഖുമുഖം ബീച്ചിൽ പരിപാടികൾ നടക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാവിക മേധാവി അഡ്മിറൽ ദിനേഷ് കെ. ത്രിപാഠി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. കൊച്ചി, മുംബൈ പോലുള്ള പ്രധാന നാവിക കേന്ദ്രങ്ങൾക്ക് പുറത്തായി ഇത്തവണയും ദേശീയ പ്രദർശനം സംഘടിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ശംഖുമുഖം ബീച്ചിലെ ഓപ്പറേഷണൽ ഡെമോൺസ്ട്രേഷൻ വഴി ഇന്ത്യൻ നാവികസേനയുടെ യുദ്ധശേഷിയും “ആത്മനിർഭർ ഭാരത്” ലക്ഷ്യവുമായി ബന്ധപ്പെട്ട സ്വരാജ്യസാങ്കേതികവിദ്യകളും പ്രദർശിപ്പിക്കും.
ചടങ്ങിനുള്ള തയ്യാറെടുപ്പുകൾ കേരള സർക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും സജീവ സഹകരണത്തോടെയാണ് പുരോഗമിക്കുന്നതെന്നും അധികൃതർ പറഞ്ഞു.
നവംബർ എട്ടിന് കൊച്ചി നാവിക ആസ്ഥാനത്തിന്റെ സന്ദർശനം, 10, 11 തിയ്യതികളിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ എൻ എസ് ഗരുഡ ഉൾപ്പെടെയുള്ള കപ്പലുകളും നാവിക സ്റ്റേഷനുകളും സന്ദർശിക്കാനുള്ള അവസരം, ആയുധങ്ങൾ, വിമാന മാതൃകകൾ, നാവിക ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനം, 26ന് തിരുവനന്തപുരം നഗരത്തിൽ ദക്ഷിണ നാവിക കമാൻഡ് ബാൻഡിന്റെ സംഗീത നിശ, ഡിസംബർ 10ന് കൊച്ചിയിലെ സാഗരിക ഓഡിറ്റോറിയത്തിൽ സംഗീത കച്ചേരിയും ഫിലാന്ത്രോപിക് ഓർക്കസ്ട്രയും, 21ന് കൊച്ചി നാവി മാരത്തോൺ 2025 എന്നിവയും നടക്കും.
ഏഴിമലയിലെ ഇന്ത്യൻ നാവൽ അക്കാദമിയിലെ ടീമുകൾ തിരുവനന്തപുരം ജില്ലയിലെ വിവിധ കോളേജുകളിലും സ്കൂളുകളിലും സന്ദർശിച്ച് മാരിടൈം അവബോധം വളർത്തുന്ന വർക്ക്‌ഷോപ്പുകളും ഇന്ററാക്ഷനുകളും നടത്തും. വീരസേനാ മുൻസേനികരെ ആദരിക്കുന്ന വെറ്ററൻസ് മീറ്റും കൊച്ചിയിൽ നടക്കും.
Photo Courtesy - Google








