11:59am 14 November 2026
NEWS
തോപ്പുംപടി ഹാര്‍ബറില്‍ തീരസുരക്ഷാ ബോധവത്കരണ ക്യാമ്പയിനുമായി നാവികസേന.
14/11/2026  11:21 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
തോപ്പുംപടി ഹാര്‍ബറില്‍ തീരസുരക്ഷാ ബോധവത്കരണ ക്യാമ്പയിനുമായി നാവികസേന

 

കൊച്ചി: തീരപ്രതിരോധ അഭ്യാസമായ 'സീ വിജില്‍-26'ന്റെ ഭാഗമായി ഇന്ത്യന്‍ നാവികസേന കൊച്ചിയിലെ തോപ്പുംപടി ഹാര്‍ബറില്‍ തീരസുരക്ഷാ ബോധവത്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. 
മത്സ്യത്തൊഴിലാളികള്‍, ബോട്ട് ഓപ്പറേറ്റര്‍മാര്‍, മറ്റ് സമുദ്ര മേഖലയുമായി ബന്ധപ്പെട്ടവര്‍ എന്നിവരെ തീരസുരക്ഷയില്‍ അവരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയായിരുന്നു ക്യാമ്പയിന്റെ ലക്ഷ്യം. തീരദേശ മേഖലകളില്‍ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകത, സുരക്ഷാ നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കല്‍, സംശയാസ്പദമായ പ്രവര്‍ത്തനങ്ങളോ തീരക്കടലിലെ അസാധാരണ നീക്കങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട അധികൃതരെ ഉടന്‍ അറിയിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ബോധവത്കരണം നടത്തി.
ഇന്ത്യയുടെ തീരദേശ സുരക്ഷ ഉറപ്പാക്കുന്നതില്‍ സുരക്ഷാ ഏജന്‍സികള്‍ക്കൊപ്പം തീരദേശ സമൂഹത്തിനും നിര്‍ണായക പങ്കുണ്ടെന്ന് നാവികസേന വ്യക്തമാക്കി. 2008ലെ മുംബൈ ഭീകരാക്രമണം രാജ്യത്തിന്റെ തീരസുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെയും വിവിധ സുരക്ഷാ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തേണ്ടതിന്റെയും ആവശ്യകത ബോധ്യപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ നാവികസേന, തീരസംരക്ഷണ സേന, സംസ്ഥാന ഏജന്‍സികള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ തീരദേശ നിരീക്ഷണം, വിവര കൈമാറ്റം, അടിയന്തര പ്രതികരണ സംവിധാനങ്ങള്‍ എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ തുടര്‍ന്നുവരികയാണ്.
'സീ വിജില്‍-26'ന്റെ ഭാഗമായ തീരപ്രതിരോധ- സുരക്ഷാ സന്നദ്ധതാ വിലയിരുത്തല്‍ ഘട്ടത്തിലെ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്നാണ് തീരസുരക്ഷാ ബോധവത്കരണ ക്യാമ്പയിന്‍. സുരക്ഷാ ഏജന്‍സികളുടെ കണ്ണും കാതുമായി പ്രവര്‍ത്തിക്കുന്ന തീരദേശ സമൂഹത്തെ രാജ്യത്തിന്റെ സമുദ്രസുരക്ഷാ സംവിധാനത്തിന്റെ അവിഭാജ്യ ഘടകമായി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂട്ടായ ജാഗ്രതയും ഉത്തരവാദിത്തബോധവും വളര്‍ത്തുന്നതിനും ക്യാമ്പയിന്‍ സഹായകമാകും.
'സീ വിജില്‍-26' പോലുള്ള സംരംഭങ്ങളിലൂടെ കേന്ദ്ര- സംസ്ഥാന ഏജന്‍സികളുമായി ചേര്‍ന്ന് സമുദ്രസുരക്ഷ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ തീരപ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ നാവികസേന തുടര്‍ന്നുവരികയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img