
കൊച്ചി: വിഷുപ്പുലരിയിൽ കടലിൽ സാഹസിക ജീവൻ രക്ഷാദൗത്യവുമായി ദക്ഷിണ നാവിക സേന. ഉൾക്കടലിൽ
ആഴക്കടൽ എണ്ണ പര്യവേക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഓയിൽ റിഗിലെ ഹൃദയാഘാതം സംഭവിച്ച 42 കാരനായ ജീവനക്കാരനെയാണ് രക്ഷപ്പെടുത്തിയത്.
കൊച്ചി തീരത്തുനിന്നും ഏകദേശം 110 കിലോമീറ്റർ അകലെ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന 'ഗ്രേറ്റ്ഡ്രിൽ ചായ' (Greatdrill Chhaya) എന്ന ഓയിൽ റിഗിലെ 42കാരനെയാണ് അതിവേഗ നീക്കത്തിലൂടെ നാവികസേന ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് ആരോഗ്യനില വഷളായ ജീവനക്കാരനെ വിദഗ്ധ ചികിത്സയ്ക്കായി നാവികസേനയുടെ നേതൃത്വത്തിൽ കരയിലെത്തിക്കുകയായിരുന്നു.
ബുധനാഴ്ച പുലർച്ചെയാണ് ജീവനക്കാരന് ഗുരുതരമായ ഹൃദയസംബന്ധമായ അസുഖം ബാധിച്ചതായും അടിയന്തര വൈദ്യസഹായം വേണമെന്നും നാവികസേനയുടെ സതേൺ നേവൽ കമാൻഡിന് സന്ദേശം ലഭിച്ചത്. കപ്പൽ മാർഗം രോഗിയെ കരയിലെത്തിക്കുന്നത് സമയനഷ്ടത്തിന് ഇടയാക്കുമെന്നും രോഗിയുടെ ജീവന് തന്നെ ഭീഷണിയാകുമെന്നും കണ്ടതോടെ വ്യോമമാർഗം രക്ഷാദൗത്യം നടത്താൻ നാവികസേന തീരുമാനിച്ചു.
കൊച്ചിയിലെ നാവികസേനാ വിമാനത്താവളമായ ഐഎൻഎസ് ഗരുഡയിൽനിന്നാണ് അത്യാധുനിക സജ്ജീകരണങ്ങളുള്ള അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) ദൗത്യത്തിനായി പുലർച്ചെ പുറപ്പെട്ടു. പ്രതികൂല കാലാവസ്ഥയെയും കടലിലെ വെല്ലുവിളികളെയും അതിജീവിച്ച് പ്രത്യേക മെഡിക്കൽ സംഘത്തോടൊപ്പം ഹെലികോപ്റ്റർ ലക്ഷ്യസ്ഥാനത്തേക്ക് തിരിക്കുകയായിരുന്നു. മിനിറ്റുകൾ പോലും പാഴാക്കാതെ ഓയിൽ റിഗിലെത്തിയ മെഡിക്കൽ സംഘം രോഗിയുടെ ആരോഗ്യനില പ്രാഥമികമായി വിലയിരുത്തി.
ആവശ്യമായ പ്രഥമശുശ്രൂഷകൾ നൽകിയ ശേഷം അതീവ ജാഗ്രതയോടെയാണ് രോഗിയെ ഹെലികോപ്റ്ററിലേക്ക് മാറ്റിയത്. അവിടെനിന്നും അതിവേഗം കൊച്ചിയിലേക്ക് മടങ്ങിയ ഹെലികോപ്റ്റർ രാവിലെ 7.02ന് സുരക്ഷിതമായി നിലത്തിറങ്ങി. വിമാനത്താവളത്തിൽ നേരത്തെതന്നെ തയ്യാറായിരുന്ന മെഡിക്കൽ ന്യൂസംഘത്തിന് രോഗിയെ കൈമാറി. ഉടൻതന്നെ ഇദ്ദേഹത്തെ ആംബുലൻസിൽ കൊച്ചിയിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റുകയും ചെയ്തു.
രക്ഷകരായി നാവികസേന
സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പംതന്നെ ദുരന്തമുഖങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും ജീവൻ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ഇന്ത്യൻ നാവികസേനയുടെ കരുത്ത് വ്യക്തമാക്കുന്നതായിരുന്നു ഈ ദൗത്യം. ഉൾക്കടലിലെ ഏത് പ്രതിസന്ധികളെയും അതിവേഗം നേരിടാൻ സതേൺ നേവൽ കമാൻഡ് സുസജ്ജമാണെന്ന് ഈ ഓപ്പറേഷനിലൂടെ ഒരിക്കൽക്കൂടി തെളിഞ്ഞു.
Photo Courtesy - Google









