
കൊച്ചി: ഏത് സാഹചര്യവും നേരിടാനുള്ള നാവികസേനയുടെ കരുത്ത് വിലയിരുത്താനുള്ള
നാവികസേനയുടെ കമാൻഡേഴ്സ് കോൺഫറൻസ് 2026 ന് ന്യു ഡെൽഹിയിൽ ഏപ്രിൽ 14 ന് തുടക്കം.
ഇന്ത്യയുടെ മാരിടൈം സുരക്ഷ കാത്തു സംരക്ഷിക്കാനുള്ള നാവികസേനയുടെ ഓപ്പറേഷണൽ കഴിവും മുന്നൊരുക്കവും വിലയിരുത്തുന്ന ഉന്നതാധികാര ഒത്തുചേരലാണിത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ കമാൻഡേഴ്സ് കോൺഫറൻസാണിതെന്ന പ്രത്യേകതയുണ്ട്.കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടാൽ രാജ്യത്തിന് നിർണ്ണായക സൈനിക വിജയം നേടിക്കൊടുക്കാനുള്ള നാവിക സേനയുടെ ഓപ്പറേഷണൽ ഒരുക്കമാണ് പ്രധാന ചർച്ചാ വിഷയം .
യു. എസ് -ഇറാൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് കോൺഫറൻസ് ചേരുന്നത്. ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കാൻ നാവികസേനയുടെ പടക്കപ്പലുകളെ മേഖലയിൽ വിന്യസിച്ചിരുന്നു. ഇന്ത്യൻ ഓഷ്യൻ റീജിയണിൽപ്പെട്ട സമുദ്ര മേഖലയിൽ സംഘർഷ പശ്ചാത്തലത്തിൽ നിരവധി രാജ്യങ്ങളുടെ യുദ്ധക്കപ്പലുകളുടെ സാന്നിധ്യമുണ്ടെങ്കിലും ഇന്ത്യയുടെ താൽപ്പര്യം സംരക്ഷിക്കുന്ന രീതിയിൽ കപ്പലുകളെ വിന്യസിക്കാൻ നാവികസേനയ്ക്ക് സാധിച്ചു.
കര, വ്യോമസേനകളുമായുള്ള പരസ്പര സഹകരണം, സാങ്കേതിക സഹായത്തോടെ ഏത് വെല്ലുവിളികളെയും നേരിടാനുള്ള സംവിധാനം, നാവിക സേനയുടെ ഓപ്പറേഷണൽ ഡോക്റ്ററിൻ എന്നിവയും ചർച്ച ചെയ്യും. നാവിക സേനാ മേധാവിയുടെ സാന്നിധ്യത്തിൽ നടക്കുന്ന കോൺഫറൻസിൽ ഓപ്പറേഷണൽ കമാൻഡർമാരും മുതിർന്ന നാവിക സേനാ ഉദ്യോഗസ്ഥരും പങ്കെടുക്കും. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, ഹോം സെക്രട്ടറി തുടങ്ങിയവർ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും നാവിക സേനാ നേതൃത്വവുമായി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തുകയും ചെയ്യും.
Photo Courtesy - Google








