11:31am 12 November 2026
NEWS
കൊച്ചിയെ വിസ്മയിപ്പിച്ച് നാവിക സേനയുടെ മാരത്തോൺ
22/12/2025  10:54 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചിയെ വിസ്മയിപ്പിച്ച് നാവിക സേനയുടെ മാരത്തോൺ


കൊച്ചി : ദക്ഷിണ നേവൽ കമാൻഡിൻ്റെ നേതൃത്വത്തിൽ കൊച്ചിയിൽ ആറാമത് കൊച്ചി നേവൽ മാരത്തോൺ സംഘടിപ്പിച്ചു.  വില്ലിംഗ്ടൺ ഐലൻഡിലെ കെ.വി.പോർട്ട് ട്രസ്റ്റ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച നേവി മാരത്തോണിൽ വിവിധ മത്സര വിഭാഗങ്ങളിലായി 7000 ത്തോളം പേർ പങ്കെടുത്തു. 21 കിലോ മീറ്റർ ഹാഫ് മാരത്തോൺ, 10 കിലോ മീറ്റർ ടൈമിഡ് റൺ, 5 കിലോ മീറ്റർ ഫൺറൺ വിഭാഗങ്ങൾക്ക് പുറമെ, ഭിന്നശേഷി വിഭാഗം കുട്ടികൾക്കായി പ്രത്യേക മാരത്തോണും സംഘടിപ്പിച്ചു.

സമൂഹത്തിൻ്റെ വിവിധ തുറകളിൽപ്പെട്ടവരുടെ പ്രാതിനിധ്യം ശ്രദ്ധേയമായി. വിവിധ സേനാവിഭാഗങ്ങളിൽപ്പെട്ടവരും ജനവിഭാഗങ്ങളും  പങ്കെടുത്തു. കുട്ടികൾ, യുവാക്കൾ, മുതിർന്നവർ, വെറ്ററൻസ്, പ്രൊഫഷണൽ ഓട്ടക്കാർ, നാവിക സേനാംഗങ്ങൾ, അവരുടെ  കുടുംബാംഗങ്ങൾ എന്നിവരെല്ലാം മാരത്തോണിൻ്റെ ഭാഗമായി. പങ്കെടുത്തവർക്കെല്ലാം റെയ്സ് ടീ ഷർട്ടും ഫിനിഷേഴ്സ് മെഡലും ലഭിച്ചു. മാരത്തോണിൽ പങ്കെടുക്കുന്നവരുടെ സുരക്ഷിതത്വവും ആരോഗ്യവും പരിഗണിച്ച് കടന്നു പോകുന്ന ഭാഗങ്ങളിൽ കുടിവെള്ളവും വൈദ്യസഹായവും ഏർപ്പെടുത്തി. മുഖ്യാതിഥിയായി പങ്കെടുത്ത സതേൺനേവൽ കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ സമീ‌ർ സക്സേണ മാരത്തൺ ഫ്ലാഗ്ഓഫ് ചെയ്തു. ഹാഫ് മാരത്തോൺ പുലർച്ചെ 4.30ന് തുടങ്ങി.

21 കിലോമീറ്റർ പുരുഷ വിഭാഗത്തിൽ അമൽ, സെബിൻ ജോയി, ജയ് ഖരിയ, വനിതാ വിഭാഗത്തിൽ സോമിയ ((ഐ,എൻ.എസ് കഡംബ), ഹസീന ഖാനി, റീന മനോഹർ എന്നിവർ യഥാക്രമം ഒന്നുമുതൽ മൂന്നു വരെ സ്ഥാനങ്ങൾ നേടി. 10 കിലോമീറ്ററിൽ കെ.യു. സൂര്യജിത്ത് (ഐ.എൻ.എസ് ശിവജി), ഡോണെറ്റ് ജെയിൻസ് (ഐ.എൻ.എസ് ഷിക്കറ), പ്രഹ്ളാദ് സിംഗ് (ഐ.എൻ.എസ് വെണ്ടുരുത്തി), വനിതാവിഭാഗത്തിൽ അൻജ്ഞലീന ജോഗി, ഇത്താസ് സ്വാതി, രേഖാ കുമാരി (ഐ.എൻ.എസ് വെണ്ടുരുത്തി) എന്നിവർ ഒന്നുമുതൽ മൂന്നുവരെ സ്ഥാനങ്ങളിലെത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img