
കൊച്ചി: ഇന്ത്യയുടെ സമുദ്രാതിർത്തിയിൽ നുഴഞ്ഞുകയറാൻ ശത്രു രാജ്യങ്ങളുടെ അന്തർവാഹിനികൾ ഇനി മടിക്കും. ചൈന, പാകിസ്ഥാൻ തുടങ്ങിയ ശത്രുരാജ്യങ്ങളിൽ നിന്ന് രാജ്യം നേരിടുന്ന അന്തർവാഹിനി ഭീഷണി നേരിടാൻ ഇന്ത്യ നിർമ്മിക്കുന്ന ആൻ്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് ശ്രേണിയിൽപ്പെട്ട നാലാമത്തെ കപ്പൽ ഐ.എൻ.എസ് അൻജാ ദ്വീപ് കമ്മീഷൻ ചെയ്തു.
കർണാടകയിലെ കാർവാർ തീരത്ത് ഗോവയുടെ ഭാഗമായി സ്ഥിതി ചെയ്യുന്ന അൻജാ ദ്വീപിൻ്റെ പേരാണ് കപ്പലിന് നൽകിയിരിക്കുന്നത്. ഈ ദ്വീപ് നാവികസേനയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രാധാന്യമേറിയതാണ്.
80 % തദ്ദേശിയമായി നിർമ്മിച്ച ഐ എൻ എസ് അൻജാ ദ്വീപ് 77 മീറ്റർ നീളവും 1400 ടൺ കേവു ഭാരവുമുള്ള യുദ്ധക്കപ്പലാണ്. ഇന്ത്യൻ സമുദ്രാർത്തിയിൽ നുഴഞ്ഞു കയറുന്ന അന്തർവാഹിനികളെ കണ്ടെത്താനുള്ള അത്യാധുനിക എ.എസ്.ഡബ്ള്യു, ഏറ്റവും പുതിയ കോമ്പാറ്റ് മാനേജ്മെൻ്റ് സിസ്റ്റം എന്നിവ അൻജാ ദ്വീപിൻ്റെ പ്രത്യേകതകളാണ്. തമിഴ്നാട് -പോണ്ടിച്ചേരി നേവൽ ഏരിയ ഫ്ലാഗ് ഓഫീസർ കമാൻഡിംഗിനാണ് ഐ.എൻ.എസ് കപ്പലിൻ്റെ നിയന്ത്രണം .
ചെന്നൈ തുറമുഖത്ത് നടന്ന ചടങ്ങിൽ നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ ത്രിപാഠിയുടെ സാന്നിധ്യത്തിലാണ് കപ്പൽ കമ്മീഷൻ ചെയ്തത്. കിഴക്കൻ നാവിക കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ സഞ്ജയ് ഭല്ല ഉൾപ്പെടെ മുതിർന്ന നാവിക സേനാ ഉദ്യോഗസ്ഥരും പങ്കെടുത്തു.








