02:26am 17 September 2026
NEWS
നവിമുംബയ് എയർപോർട്ട്: നവംബറിൽ വിമാനങ്ങൾ പറക്കും
07/07/2025  08:33 PM IST
പെരുമൺ ഗോപാലകൃഷ്ണൻ, മുംബയ്
നവിമുംബയ് എയർപോർട്ട്: നവംബറിൽ വിമാനങ്ങൾ പറക്കും
HIGHLIGHTS

 

ആദ്യം ഇൻഡിഗോ, പിന്നാലെ ആകാശ എയർ, പുതിയൊരു മുംബയ്കൂടി ജന്മം കൊള്ളുന്നു

ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ നവി മുംബയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഈ   നവംബറിൽ വിമാനം പറന്നു പൊങ്ങും. മുംബയ്‌യിലെ രണ്ടാമത്തെ വിമാനത്താവളമായ നവിമുംബയിൽ നിന്ന് ഇൻഡിഗോ വിമാനമാണ് ആദ്യം സർവീസ് നടത്തുക. ഇതിന്റെ ബുക്കിംഗ് ഉടനെ ആരംഭിക്കും. കഴിഞ്ഞ ഡിസംബറിൽ എയർപോർട്ടിൽ നിന്ന് ഇൻഡിഗോ പരീക്ഷണ പറക്കൽ നടത്തിയത് വൻ വിജയമായിരുന്നു.
ആദ്യ ദിവസം മുതൽ രാജ്യത്തെ 15 നഗരങ്ങളിലേയ്ക്ക് സർവീസ് ഉണ്ടാകും. അന്ന് ആകെ 18 ടേക്ക്ഓഫുകളാണുള്ളത്.

സർവീസുകൾ വർധിച്ച് നവംബർ അവസാനം ആകുമ്പോഴേയ്ക്ക് സർവീസുകളുടെ എണ്ണം 79 ആയി ഉയരും. ഇതിൽ 14 എണ്ണം രാജ്യാന്തര ഫ്‌ളൈറ്റുകളാണ്. എയർ പോർട്ടിൽ വന്നിറങ്ങുന്ന  ഫ്‌ളൈറ്റുകളുടെ എണ്ണം കൂടി എടുത്താൽ സർവീസുകൾ 158. അടുത്ത മാർച്ചിൽ വന്നിറങ്ങുന്ന ഫ്‌ളൈറ്റുകളടക്കം ആകെ എണ്ണം 200 ആയി ഉയരും. 
അടുത്ത വർഷം നവംബറോടെ സർവീസുകൾ 280 ആകും. 30 രാജ്യാന്തര ഫ്‌ളൈറ്റുകളുമുണ്ടാകും. അപ്പോഴേയ്ക്കും പ്രതിദിന യാത്രക്കാരുടെ എണ്ണം 55,000 ആകും.

ആകാശ എയറിന്റെ സർവീസ് 

മറ്റു വിമാനക്കമ്പനികളുടെ  സർവീസുകളുടെ വിവരവും പുറത്തുവരുന്നുണ്ട്. ആകാശ എയറും സർവീസുനടത്താൻ തയ്യാറായിട്ടുണ്ട്. അവർ പ്രതിവാരം 100 ഡോമസ്റ്റിക് സർവീസുകൾ നടത്തും ഇതുമായി ബന്ധപ്പെട്ട് എയർപോർട്ടിന്റെ ഡവലപ്പറായ അദാനി എയർ പോർട്ട് ഹോൾഡിംഗ് ലിമിറ്റഡുമായി കരാറിലേർപ്പെട്ടു.
ആകാശയുടെ സർവീസ് ക്രമേണ 300 ൽ അധികമായി വർധിപ്പിക്കും.ഇതിൽ 50 രാജ്യാന്തര സർവീസുകളായിരിക്കും.

ടെർമിനൽ നമ്പർ 1 

പുതിയ എയർപോർട്ടിലെ ടെർമിനൽ 1 വഴിയാണ് ഇപ്പോൾ   സർവീസുകൾ നടക്കുന്നതു. വർഷം 2 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.  ഇതിന്റെ ശേഷി 2026  ഡിസംബറോടെ പൂർണമാകും.   
3 വർഷത്തിനു ശേഷം 2029ൽ രണ്ടാം ടെർമിനൽ പൂർത്തിയാകുന്നതോടെ വീണ്ടും സർവീസുകൾ വർധിപ്പിക്കാൻ കഴിയും. ഇതുവഴി പ്രതിവർഷം 3 കോടി യാത്രക്കാരെ കൈകാര്യം  ചെയ്യാനാകും.

മുംബയ് വിമാനത്താവളത്തിന്റെ ശേഷികൂട്ടാൻ നിവർത്തിയില്ലാഞ്ഞതിനെ തുടർന്നാണു പുതിയൊരു വിമാനത്താവളത്തെപ്പറ്റി  ചിന്തിച്ചത്.
മുംബയ് വിമാനത്താവളത്തിൽ  നിലവിൽ 920 ഫ്‌ളൈറ്റുകളാണ് കൈകാര്യം ചെയ്യുന്നത്.
പുതിയ എയർപോർട്ട് വരുന്നതോടെ മുംബയ്‌യിലും പരിസര നഗരങ്ങളിലുമുള്ള യാത്രക്കാർക്ക് യാത്രയ്ക്ക് കൂടുതൽ സൗകര്യമാകും. ഒരിടത്ത് ടിക്കറ്റ് ശരിയായില്ലെങ്കിൽ അടുത്ത എയർപോർട്ട് തിരഞ്ഞെടുക്കാം.

2866 ഏക്കർ സ്ഥലത്താണ് എയർപോർട്ട് നിർമിച്ചിരിക്കുന്നത്.  ഇതിൽ സമാന്തരമായ 2 റൺവേകളുണ്ട്. സ്ഥലം ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ട്, ഗ്രാമവാസികളുടെ പ്രക്ഷോഭങ്ങൾ തുടങ്ങിയ കാരണങ്ങൾ മൂലം പ്രതീക്ഷിച്ചതിലും ഏറെ താമസിച്ചാണ് പണി പൂർത്തിയായത്.
സർവീസ് ആരംഭിച്ചാലും നവിമുംബയ്‌യിലെ ടെർമിനൽ ഒന്നിൽ 2026-29 കാലത്ത് വികസന പ്രവർത്തനം നടത്താനും തീരുമാനിച്ചിട്ടുണ്ട്, നവിമുംബയ്‌യിൽ ഉൾഭാഗത്താണ് എയർപോർട്ട് നിർമിച്ചിരിക്കുന്നത്.

സമൂല വികസനം

നവിമുംബയ്‌യിൽ എയർപോർട്ട് സഫലമായതോടെ നവിമുംബയ്ക്കു മാത്രമല്ല, മുംബയ്ക്കും മുംബയ് മെട്രോപ്പൊലിറ്റൻ റീജനിലും (എംഎംആർ) ഉണർവുണ്ടാകം. മുംബയ്, നവിമുംബയ്, താനെ, പൻവേൽ, പാൽഘർ, റായ്ഗഡ് തുടങ്ങിയ നഗരങ്ങൾ ഉൾക്കൊളളുന്നതാണ് എംഎംആർ. ഇരു എയർപോർട്ടുകളെ ബന്ധിപ്പിക്കുന്ന മെട്രോ ട്രെയിനിന്റെ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ട്.
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ അടൽ സേതു വഴി മുംബയ് നഗരവാസികൾക്ക് വളരെ വേഗത്തിൽ പുതിയ എയർപോർട്ടിൽ എത്താനാകും. വൻ തുക ചെലവാക്കി നിർമിച്ച സേതുവിലൂടെ പ്രതീക്ഷിച്ച അത്രയും വാഹനങ്ങൾ ഇപ്പോൾ ഓടുന്നില്ല. പുതിയ  എയർപോർട്ട് ഈ കുറവ് പരിഹരിക്കും.

നാവസേവ സീപോർട്ടിനും  എയർപോർട്ട് ഗുണം ചെയ്യും. എയർപോർട്ടിനടുനുള്ള പൻവേൽ റെയിൽവേ സ്റ്റേഷനെ വലിയൊരു ടെർമിനലായി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ് മധ്യ റെയിൽവേ. പണിതീരുന്നതോടെ മുംബയ് സിഎസ്എംടി,  ദാദർ, കുർള, ലോകമാന്യ തിലക് ടെർമിനസ് എന്നീ ടെർമിനലുകളിലെ  ദൂരയാത്ര ട്രെയിനുകൾ പലതും  പൻവേലിലേയ്ക്കു മാറ്റാനാണ് റെയിൽവേയുടെ പദ്ധതി.
എയർപോർട്ട് വന്നതോടെ നവിമുംബയ്, പൻവേൽ ഭാഗങ്ങളിലെ ഫ്‌ളാറ്റുകളടെ വില കുതിച്ചുയർന്നിട്ടുണ്ട്. മേഖലയുടെ വളർച്ച കണക്കിലെടുത്ത് പുതിയൊരു മുംബയ് കൂടി ജന്മംകൊള്ളുകയാണ്.  മൂന്നാം മുംബയ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img