
തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം നടത്താൻ സർക്കാർ ഔദ്യോഗികമായി വിജ്ഞാപനം പുറപ്പെടുവിച്ചു. കുടുംബം ദീർഘകാലമായി ഉന്നയിച്ചിരുന്ന ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭ നിർണായക തീരുമാനമെടുത്തത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് കേസ് സിബിഐക്ക് കൈമാറാൻ തീരുമാനമായത്. അന്വേഷണം സിബിഐക്ക് വിടുന്നതിനൊപ്പം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന നായർക്ക് ആശ്രിത നിയമനം നൽകാനും മന്ത്രിസഭ അംഗീകാരം നൽകി. മരണത്തിന് പിന്നാലെ നടന്ന പൊലീസ് അന്വേഷണത്തിൽ കുടുംബം തുടക്കം മുതൽ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നിരന്തരം രംഗത്തെത്തുകയും ചെയ്തിരുന്നു.
ഇതിനിടെ, കഴിഞ്ഞ ദിവസം നവീൻ ബാബുവിന്റെ ഭാര്യ മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയാൽ കേസ് സിബിഐക്ക് വിടുമെന്ന ഉറപ്പ് കോൺഗ്രസ് നേരത്തെ നൽകിയിരുന്നു. സിബിഐ അന്വേഷണം ആരംഭിക്കുന്നതോടെ കേസിലെ എല്ലാ വശങ്ങളും വീണ്ടും പരിശോധിക്കപ്പെടുമെന്നും, പി.പി. ദിവ്യ ഉൾപ്പെടെയുള്ളവരുടെ പങ്ക് സംബന്ധിച്ചും വിശദമായ അന്വേഷണം നടക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
നവീൻ ബാബുവിന്റെ മരണം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. തുടക്കത്തിൽ കുടുംബത്തിന് പിന്തുണ പ്രഖ്യാപിക്കുകയും പി.പി. ദിവ്യയിൽ നിന്ന് അകലം പാലിക്കുകയും ചെയ്തിരുന്ന സിപിഎം, പിന്നീട് സിബിഐ അന്വേഷണത്തെ വിമർശിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സിബിഐ അന്വേഷണം കേന്ദ്ര സർക്കാരുമായുള്ള രാഷ്ട്രീയ ഒത്തുകളിയുടെ ഭാഗമാണെന്ന് ഇ.പി. ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കൾ ആരോപിച്ചിരുന്നു. അതേസമയം, മുൻ റവന്യൂ മന്ത്രി കെ. രാജൻ ഉൾപ്പെടെ ചില നേതാക്കൾ നവീൻ ബാബുവിന്റെ കുടുംബത്തിന് പിന്തുണ അറിയിച്ചിരുന്നു.











