
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് കൈമാറാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് രംഗത്ത്. കേസിന്റെ അന്വേഷണം സിബിഐക്ക് നൽകണമെന്ന കുടുംബത്തിന്റെ ആവശ്യം നേരത്തെ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യത്തിൽ അന്വേഷണം സിബിഐക്ക് വിടാനുള്ള തീരുമാനം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന് ആരോപിച്ച രാഗേഷ്, സുപ്രീം കോടതിയുടെ നിലപാടിനെ മറികടന്ന് തീരുമാനമെടുക്കാൻ മുഖ്യമന്ത്രിക്ക് എന്ത് പ്രത്യേക അധികാരമാണുള്ളതെന്നും ചോദിച്ചു. വിഷയത്തിൽ സർക്കാരിന്റെ നിലപാട് ദുരൂഹമാണെന്നും അദ്ദേഹം വിമർശിച്ചു.
"കേരളത്തിലെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സ്വന്തം അന്വേഷണ ഏജൻസിയായ വിജിലൻസിനേക്കാൾ അദ്ദേഹത്തിന് വിശ്വാസം സിബിഐയിൽ ആകുന്നത് എന്തുകൊണ്ടാണ്? ഇ.ഡി.യിലും സിബിഐയിലും വി.ഡി. സതീശന് വല്ലാത്ത വിശ്വാസമുണ്ടാകുന്നത് അപകടകരമായ കാര്യമാണ്. ഇക്കാര്യം കേരളീയ സമൂഹം അതീവ ഗൗരവത്തോടെ പരിഗണിക്കേണ്ട വിഷയമാണ്", അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ സർക്കാർ അധികാരമേറ്റശേഷം സിബിഐ അന്വേഷണത്തിന് ശുപാർശചെയ്യുന്ന ആദ്യ കേസാണ് നവീൻ ബാബുവിന്റേത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സിബിഐക്ക് നേരിട്ട് കേസ് ഏറ്റെടുക്കാനുള്ള പൊതു അനുമതി റദ്ദാക്കിയിരുന്നതിനാൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക ശുപാർശ അനിവാര്യമാണ്. നവീൻ ബാബുവിന്റെ കുടുംബം ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യം പരിഗണിച്ചാണ് കേസ് സിബിഐക്ക് വിടാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചത്.










