12:12pm 14 September 2026
NEWS
സ്നേഹസ്മരണകൾ ഇരമ്പിയ നവതി ആഘോഷം; എവിടെയും നിറഞ്ഞത് നായനാരുടെ അദൃശ്യസാന്നിധ്യം
11/01/2025  06:56 PM IST
പ്രദീപ് ഉഷസ്സ്
സ്നേഹസ്മരണകൾ ഇരമ്പിയ നവതി ആഘോഷം; എവിടെയും നിറഞ്ഞത് നായനാരുടെ അദൃശ്യസാന്നിധ്യം

'രാഷ്ട്രീയം നോക്കാതെ എല്ലാവരേയും സ്‌നേഹിക്കണമെന്നാണ് എന്നും സഖാവ് ഞങ്ങളോട് പറഞ്ഞിരുന്നത്. ഇത്രയും കാലം ഞങ്ങൾ ജീവിച്ചതും ആ വഴിയിലൂടെ തന്നെയാണ്. ഇപ്പോൾ ഇവിടെ സഖാവ് ഉണ്ടായിരുന്നെങ്കിൽ എല്ലാവരോടും പറയുന്നതും അതുതന്നെയായിരിക്കും...' സഖാവ് നായനാരെക്കുറിച്ചുള്ള ഓർമ്മകൾ അവിടെയാകെ നിറഞ്ഞപ്പോൾ വാക്കുകൾ പാതിവഴിയിൽ മുറിഞ്ഞ് വിതുമ്പുകയായിരുന്നു ശാരദടീച്ചർ.

മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഭാര്യ ശാരദടീച്ചറുടെ നവതി ആഘോഷവേളയിൽ, നായനാരെക്കുറിച്ചുള്ള ദീപ്ത സ്മരണകളാണ് എവിടെയും നിറഞ്ഞുനിന്നിരുന്നത്. രാഷ്ട്രീയത്തിനതീതമായ സ്‌നേഹബന്ധങ്ങളും സൗഹൃദങ്ങളുമാണ് നായനാരുടെ കുടുംബം പിന്തുടരുന്നതെന്നതിന്റെ നേർക്കാഴ്ചകൾ തന്നെയായിരുന്നു എവിടെയും അലയടിച്ചിരുന്നത്.

കണ്ണൂരിൽ ബക്കളത്തെ പാർത്ഥ കൺവെൻഷൻ സെന്ററിൽ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും, ജനപ്രതിനിധികളും, ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഒത്തുചേർന്നാണ് ശാരദടീച്ചർക്ക് നവതി ആശംസകൾ നേർന്നത്. ശാരദടീച്ചറുടെ ഇരുഭാഗത്തുമായി കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും, സി.പി.എം നേതാവ് എം. വിജയരാഘവനും നിന്നാണ് പിറന്നാൾ കേക്ക് മുറിച്ചത്. സ്പീക്കർ എ.എൻ. ഷംസീർ, മുൻ സ്പീക്കർ എം. വിജയകുമാർ, മുൻ മന്ത്രി ഷിബുബേബിജോൺ, ബി.ജെ.പി നേതാവ് സി.കെ. പത്മനാഭൻ തുടങ്ങിയവരും ബന്ധുക്കൾക്ക് ഒപ്പം ടീച്ചർക്ക് പിറന്നാൾ മധുരമേകി..

കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, ഭാര്യ രാധികയ്ക്കും, മകൻ ഗോകുലിനുമൊപ്പമാണ് എത്തിയത്. മന്ത്രിയോ, രാഷ്ട്രീയനേതാവായോ, സിനിമാനടനായോ അല്ല താനിവിടെ എത്തിയതെന്നും, അമ്മയ്ക്ക് ആദരവർപ്പിക്കാനെത്തിക്കാനെത്തിയ മകൻ മാത്രമാണ് താനെന്നും മാധ്യമങ്ങളോടെല്ലാം അദ്ദേഹം പ്രതികരിക്കുകയും ചെയ്തു.

നായനാർക്ക് ആദ്ധ്യാത്മിക വിഷയങ്ങളോടു പ്രത്യേക മമതയുണ്ടായിരുന്നുവെന്നും ആവിധം പുസ്തകങ്ങൾ അപഗ്രഥിക്കാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നുവെന്നും സുരേഷ് ഗോപി അനുഭവം പങ്കിട്ടപ്പോൾ, നായനാരുടെ വായനാശൈലിയെക്കുറിച്ച് കൂടുതൽ വിശദീകരിക്കുകയാണ് ശാരദടീച്ചർ ചെയ്തത്. എല്ലാ പുസ്തകങ്ങളേയും വായിക്കുകയും, അതിനെ വിമർശനപരമായി സമീപിക്കുകയുമായിരുന്നു സഖാവിന്റെ രീതി. എനിക്ക് ഭക്തിയുണ്ടെന്ന് സഖാവിന് അറിയാം. അതെല്ലാം അംഗീകരിച്ച് തരികയും ചെയ്യും. പേരക്കുട്ടിക്ക് ഉണ്ണികൃഷ്ണൻ എന്ന് പേരിട്ടപ്പോൾ, ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ ഉണ്ണികൾ മറ്റ് വേണമോ മക്കളായ് എന്ന ജ്ഞാനപ്പാനയിലെ വരികൾ പാടി അദ്ദേഹം ആഹ്ലാദം പങ്കിട്ടതായും ടീച്ചർ വേദിയിൽ ഓർത്തെടുക്കുകയും ചെയ്തു.

'നാലാം തലമുറയിലെ കൊച്ചുമക്കളെ ലാളിക്കാനും എനിക്ക് ഭാഗ്യമുണ്ടായി. ഞാൻ പഠിപ്പിച്ച കുട്ടികളും എനിക്ക് മക്കളെപ്പോലെയാണ്. അവർ എവിടെക്കണ്ടാലും 'ടീച്ചറേ' എന്ന് വിളിച്ച് ഓടി എത്തും. ഒരു അമ്മയോടുള്ള സ്‌നേഹം തന്നെയാണവർ പ്രകടിപ്പിക്കുന്നതും.. എന്റെ ജീവിതം ധന്യമാക്കാൻ ഇതിൽപ്പരം മറ്റെന്താണ് വേണ്ടത്.' ശാരദ ടീച്ചറുടെ ഹൃദയസ്പർശിയായ വാക്കുകളെ നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്.

സ്പീക്കർ എ.എൻ. ഷംസീർ, മുൻ സ്പീക്കർമാരായ വി.എം. സുധീരൻ, എം. വിജയകുമാർ,  മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, സജി ചെറിയാൻ, മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, കെ.പി. മോഹനൻ, ഷിബുബേബിജോൺ, എം.എൽ.എമാരായ കെ.വി. സുമേഷ്, എം. വിജിൻ, മുൻ എം.എൽ.എ ടി.വി. രാജേഷ്, കോൺഗ്രസ് നേതാവും എം.പിയുമായ രാജ്‌മോഹൻ ഉണ്ണിത്താൻ, ബി.ജെ.പി നേതാവ് സി.കെ. പത്മനാഭൻ, സി.പി.ഐ നേതാവ് സി.എൻ. ചന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, എം.വി. നികേഷ്‌കുമാർ, മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ ടി. കമല, കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി തുടങ്ങി, ഇ.കെ. നായനാരുമായും, ശാരദ ടീച്ചറുമായും ആത്മബന്ധം പുലർത്തിയിരുന്ന ഒട്ടേറെപ്പേരാണ് ടീച്ചർക്ക് നവതി ആശംസകൾ നേരാനെത്തിയത്.

അമ്മയാണ് അച്ഛന്റെ ശക്തി: ഇ.കെ. നായനാരുടെ മകൻ കൃഷ്ണകുമാർ

'ഞങ്ങളുടെ ജീവിതം എന്നും അമ്മയെ ചുറ്റിപ്പറ്റിയായിരുന്നു. അച്ഛനെ പലപ്പോഴും ഞങ്ങൾക്ക് കാണാൻ പോലും കിട്ടുമായിരുന്നില്ല. ഓണം വന്നാലും വിഷു വന്നാലും, സ്‌ക്കൂളിൽ പ്രോഗ്രസ് കാർഡ് ഒപ്പിടാനായാലും എന്തിനുമേതിനും ഞങ്ങൾക്ക് അമ്മതന്നെ വേണമായിരുന്നു. ഞങ്ങളുടെ കാര്യം മാത്രമല്ല, അച്ഛന്റെ കാര്യം നോക്കാനും അമ്മ തന്നെ വേണം, അതിന്റെ കൂടെ സ്‌ക്കൂളിലെ കാര്യങ്ങളും. അതെല്ലാം ഒരു വീഴ്ചയുമില്ലാതെ ഒരേസമയം നടത്തിക്കൊണ്ട് പോവുകയായിരുന്നു അമ്മ... എല്ലാ കാര്യങ്ങളും അച്ഛനെ ബുദ്ധിമുട്ടിക്കാതെ അമ്മ തന്നെ ചെയ്യുമെന്ന വിശ്വാസവും അച്ഛനുണ്ടായിരുന്നു. രാഷ്ട്രീയകാര്യങ്ങളിൽ പൂർണ്ണമായും മുഴുകാൻ കഴിഞ്ഞിരുന്നത് അമ്മ നൽകിയ കരുത്തിലായിരുന്നുവെന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു...' മകൻ കൃഷ്ണകുമാറിന്റെ വാക്കുകൾ.

അച്ഛന്റെയും അമ്മയുടെയും വിവാഹം കല്യാശ്ശേരി വായനശാലയിൽ വച്ചായിരുന്നു. കല്യാണം കഴിഞ്ഞ അന്നുതന്നെ തിരുവനന്തപുരത്തേക്ക് പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിലേക്ക് അച്ഛൻ പുറപ്പെടുകയും ചെയ്തു. ഒപ്പം അമ്മയും. കല്യാണം കഴിഞ്ഞ ആദ്യരാത്രി അവർ മലബാർ എക്‌സ്പ്രസിലായിരുന്നു. അമ്മ എം.എൽ.എ ക്വാർട്ടേഴ്‌സിൽ തങ്ങി. അച്ഛൻ പാർട്ടി മീറ്റിംഗിനും പോയി. അന്നുതുടങ്ങിയ യാത്രയാണ്, അച്ഛന്റെ അവസാനനാൾ വരെ അമ്മയത് തുടരുകയും ചെയ്തു.. അമ്മയായിരുന്നു അച്ഛന്റെ യഥാർത്ഥശക്തി.

ജീവിതത്തിൽ ഒട്ടേറെ ദുരിതങ്ങൾ താണ്ടിയ വ്യക്തിയാണ് അമ്മ. പോലീസിന്റെ നരനായാട്ട് കണ്ടാണവർ വളർന്നത്. മൊറാഴക്കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട കെ.പി.ആർ. ഗോപാലന്റെ അനന്തരവൾ എന്ന നിലയിൽ, രാഷ്ട്രീയ അടിയൊഴുക്കുകൾ കണ്ടുവളർന്ന അമ്മയ്ക്ക് അച്ഛന്റെ പ്രവർത്തനശൈലി മറ്റാരെക്കാളും നന്നായി അറിയാമായിരുന്നു. അതുകൊണ്ട് കൂടിയാണ് ഞങ്ങളുടെ കുടുംബത്തെ ഈ വിധത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ അമ്മയ്ക്ക് കഴിഞ്ഞതും. അച്ഛൻ ഒരിക്കലും ബന്ധങ്ങളിൽ രാഷ്ട്രീയം കലർത്തിയിരുന്നില്ല. അവരുമായെല്ലാം നല്ല ബന്ധം അമ്മയ്ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് അമ്മയുടെ നവതിയിൽ അച്ഛന്റെ പ്രിയപ്പെട്ടവരുമുണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിച്ചത്. അമ്മയുടെ നവതി ആ വിധത്തിൽ അച്ഛനോടുള്ള ആദരവ് കൂടിയായി മാറുകയായിരുന്നു. അതിൽ അളവറ്റ സന്തോഷമാണ് ഞങ്ങൾക്കെല്ലാമുള്ളത്.' കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.

കുടുംബത്തിലെ മൂത്ത സന്താനമാണ് ഞാൻ...: കേന്ദ്രമന്ത്രി സുരേഷ്ഗോപി

'ശാരദ ടീച്ചറുടെ കുടുംബത്തിൽ മൂത്ത സന്താനത്തിന്റെ സ്ഥാനമാണ് ഞാനിങ്ങ് എടുത്തിരിക്കുന്നത്. കൃഷ്ണകുമാറും മറ്റ് സഹോദരങ്ങളും എനിക്കത് അംഗീകരിച്ച് തന്ന കാര്യവുമാണ്. തന്റെ അമ്മ ഇപ്പോൾ ഇല്ല എന്ന കുറവ് തീർത്തുതരുന്ന അമ്മയാണ് ശാരദടീച്ചർ. എപ്പോൾ കണ്ണൂർ ഭാഗത്ത് വന്നാലും ഞാൻ കല്യാശ്ശേരിയിൽ വരും. അമ്മയെ കാണും, നമസ്‌ക്കരിക്കും, വാരിപ്പുണരും. അതെന്റെ അവകാശമാണ്... ഈ അമ്മയെ എത്രയോ നേരത്തെ ഞാനിങ്ങ് എടുത്തിരിക്കുകയാ...' കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

സജീവരാഷ്ട്രീയത്തിൽ എത്തുന്നതിന് മുമ്പുതന്നെ ഇ.കെ. നായനാരുമായുള്ള പിതൃതുല്യബന്ധങ്ങൾ അനുസ്മരിച്ചുകൊണ്ടാണ് സുരേഷ്‌ഗോപി സംസാരിച്ച് തുടങ്ങിയത്. മഹാഭാരതം, ഗീത, ജ്ഞാനപ്പാന തുടങ്ങിയ ഗ്രന്ഥങ്ങൾ വരെ അദ്ദേഹത്തിന്റെ വിപുലമായ പുസ്തകശേഖരങ്ങളിൽ ഉണ്ടെന്നും, ആവിധം പുരാണങ്ങളിലെ പല പരാമർശങ്ങളെച്ചൊല്ലിയും നായനാർ തന്നോട് തർക്കിക്കാറുണ്ടായിരുന്നുവെന്നും ഉദാഹരണസഹിതം സുരേഷ്‌ഗോപി വിശദീകരിച്ചത് സദസ്സിലാകെ ചിരി പടർത്തുകയും ചെയ്തു. ശാരദ ടീച്ചറുടെ കുടുംബവുമായുള്ള ബന്ധത്തിൽ ആരും രാഷ്ട്രീയനിറം കലർത്താൻ ശ്രമിക്കരുതെന്ന അഭ്യർത്ഥനയോടെയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img