11:32am 25 November 2026
NEWS
നവകേരള സദസ്സിന്റെ പരസ്യ ബോർഡ് സ്ഥാപിക്കാൻ ചെലവായത് 2.86 കോടി രൂപ

14/01/2025  09:38 AM IST
nila
നവകേരള സദസ്സിന്റെ പരസ്യ ബോർഡ് സ്ഥാപിക്കാൻ ചെലവായത് 2.86 കോടി രൂപ

തിരുവനന്തപുരം​: മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ് എന്ന പേരിൽ നടത്തിയ കേരള പര്യടനത്തിന്റെ പരസ്യ ബോർഡ് സ്ഥാപിക്കാൻ മാത്രം ചെലവായത് 2.86 കോടി രൂപ. വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് സംസ്ഥാന സർക്കാർ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ പണത്തിൽ  2.31 കോടി രൂപ പരസ്യ ഏജൻസികൾക്ക് ഇനിയും നൽകാനുണ്ട്. പരസ്യ ബോർഡ് സ്ഥാപിക്കാനായി ഇതുവരെ അനുവദിച്ചത് 55 ലക്ഷം രൂപയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.  

നവകേരള സദസ്സിൻറെ പ്രചാരണത്തിന് ഹോർഡിംഗുകൾ വെച്ച വകയിൽ 2 കോടി 46 ലക്ഷം രൂപയാണ് സർക്കാർ നേരത്തെ അനുവദിച്ചത്. കേരളത്തിൽ ഉടനീളം 364 ഹോർഡിംഗുകളാണ് സ്ഥാപിച്ചിരുന്നത്. 55 ലക്ഷം രൂപയ്ക്ക് പിആർഡി ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് പിന്നീട് ഉയരുകയായിരുന്നു. കലാജാഥ സംഘടിപ്പിച്ചതിന് 48 ലക്ഷം രൂപയും കെഎസ്ആർടിസി ബസ്സിലെ പ്രചാരണ പോസ്റ്റർ പതിപ്പിച്ചതിന് 16.99 ലക്ഷം രൂപയും റെയിൽവെ ജിംഗിൾസിന് 41.21 ലക്ഷം രൂപയുമാണ് ചെലവ് വന്നത്. 

ക്ഷണക്കത്ത് പ്രിൻറ് ചെയ്തതിന് 7.47 കോടിയും അനുവദിച്ചിരുന്നു. ഓഗസ്റ്റ് രണ്ടിനാണ് തുക അനുവദിച്ചത്. 9.16 കോടി രൂപയ്ക്കായിരുന്നു ക്ഷണക്കത്ത് അച്ചടി കരാർ. ബാക്കി തുക മെയ് നാലിന് അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബർ 18 ന് തുടങ്ങി ഒരുമാസമാണ് മന്ത്രിസഭ നവകേരള സദസ്സെന്ന പേരിൽ കേരള പര്യടനം നടത്തിയത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img