
തൃശൂർ∙ സിപിഐ വിട്ട നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ ചേർന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയാകാനുള്ള ശ്രമങ്ങൾ ഫലിക്കാതെ വന്നതോടെയാണ് മുകുന്ദൻ ബിജെപിയിൽ ചേക്കേറിയത്. ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയാണ് മുകുന്ദൻ പാർട്ടി അംഗത്വം സ്വീകരിച്ചത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നാട്ടിക മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി സിസി മുകുന്ദൻ മത്സരിക്കാനാണ് സാധ്യത.
നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് സിപിഐ മുകുന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. മണ്ഡലത്തിൽ ഗീതാ ഗോപിയെയാണ് സിപിഐ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ മണ്ഡലം ‘പേയ്മെന്റ് സീറ്റ്’ ആക്കിയെന്നാണ് മുകുന്ദൻ ആരോപിച്ചത്. മുകുന്ദനെ വീണ്ടും സ്ഥാനാർഥിയാക്കുന്നതിനെതിരെ പ്രദേശിക തലത്തിൽ എതിർപ്പ് ശക്തമായിരുന്നു. നാട്ടികയും ചേർപ്പും മണ്ഡലം കമ്മിറ്റികൾ അദ്ദേഹത്തെ പരിഗണിക്കരുതെന്ന നിലപാട് എടുത്തതോടൊപ്പം തൃശൂർ ജില്ലാ ഘടകവും അതിനെ പിന്തുണച്ചു. ഒരുതവണ മാത്രം അവസരം നൽകിയതാണ് എന്ന വാദവും പാർട്ടിക്കകത്ത് ഉയർന്നു.
ഇതിനിടെ തൃശൂരിൽ നിന്നുള്ള സിപിഐ സംസ്ഥാന നിർവാഹക സമിതി അംഗങ്ങൾ പ്രത്യേകമായി ചേർന്നാണ് മുകുന്ദനെ ഒഴിവാക്കി ഗീതാ ഗോപിയുടെ സ്ഥാനാർഥിത്വം ഉറപ്പിച്ചത്. പ്രദേശിക നേതൃത്വവുമായി അകലം പാലിക്കുന്നതും പാർട്ടി കമ്മിറ്റികളിൽ പങ്കെടുക്കാറില്ലെന്നുമുള്ള പരാതികളും അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സുനിൽ ലാലൂരിനെ 28,431 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി.സി. മുകുന്ദൻ തോൽപിച്ചിരുന്നു. അന്ന് ബിജെപിക്ക് 33,716 വോട്ടുകൾ ലഭിച്ചിരുന്നു. ഇത്തവണ സിപിഐയിൽ നിന്നുള്ള വോട്ടുകളും നേടാനായാൽ നാട്ടികയിൽ വിജയസാധ്യത വർധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.











